ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ പലരും നേരിടുന്ന ഒരു പ്രശ്‌നം വെളിച്ചത്തിന്റെ കുറവായിരിക്കും. പല ചെടികളും ആവശ്യത്തിന് വെളിച്ചമില്ലാത്തത് കൊണ്ട് വാടിപോകും. എന്നാല്‍ ചില ചെടികള്‍ക്ക് കുറഞ്ഞ വെളിച്ചം മതി വളരാന്‍. ഏതൊക്കെയാണെന്ന് നോക്കാം.
1. ലക്കി ബാംബു
വെള്ളത്തിലോ മണ്ണിലോ വളരുന്ന ലക്കി ബാംബു ചെടികള്‍ ഇന്ന് ഏറെ പ്രചാരമുള്ള ഇന്‍ഡോര്‍ ചെടയിയാണ്. ഫെന്‍ഷൂയി പ്രകാരം ലക്കി ബംബൂ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് ഈ ചെടി സമ്മാനമായി ലഭിക്കുകയാണെങ്കില്‍. കുറഞ്ഞ വെളിച്ചത്തിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും വളരുന്ന ഇന്‍ഡോര്‍ ചെടിയാണിത്.
2. സ്‌പൈഡര്‍ പ്ലാന്റ്
ഏറ്റവും എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഇന്‍ഡോര്‍ പ്ലാന്റാണ് സ്‌പൈഡര്‍ പ്ലാന്റ്. ഹാംഗിങ് ആയോ ബാസ്‌ക്കറ്റിലോ പോട്ടിലോ ട്രെയിലിംഗ് പ്ലാന്റായോ ഇത് വളര്‍ത്താം. കുറഞ്ഞ വെളിച്ചത്തില്‍ (കൃത്രിമ വെളിച്ചത്തില്‍ വരെ) സ്‌പൈഡര്‍ പ്ലാന്റ് വളരും. മണ്ണ് വരണ്ടുപോകാതെ ദിവസവും നനച്ചുകൊടുക്കാന്‍ ശ്രദ്ധിക്കണം.
3. ഗോള്‍ഡന്‍ പോത്തോസ്
വെളിച്ചത്തിലും ഇരുട്ടിലും വരെ വളരാന്‍ കഴിവുള്ള ചെടിയാണ് ഗോള്‍ഡന്‍ പോത്തോസ്. അതു തന്നെയാണ് ഗോള്‍ഡന്‍ പോത്തോസ് ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കിടയില്‍ മുന്‍നിരയില്‍ നില്‍ക്കാന്‍ കാരണം.
4. സ്‌നേക്ക് പ്ലാന്റ്
സാന്‍സവേരിയ വിഭാഗത്തില്‍പ്പെട്ട ചെടിയാണ് സ്‌നേക്ക് പ്ലാന്റ്. കുറഞ്ഞ വെളിച്ചത്തില്‍ വളരാന്‍ കഴിവുള്ള മറ്റൊരു ചെടിയാണിത്. കാഴ്ചയില്‍ മനോഹരമായ ഇവ വളര്‍ത്താനും എളുപ്പമാണ്. ഭാഗിക വെളിച്ചത്തില്‍ വളര്‍ത്തുന്നതാണ് ഉത്തമമെങ്കിലും വെളിച്ചക്കുറവിനെ അതിജീവിക്കാനും ഇതിന് സാധിക്കും.
5. ഇംഗ്ലീഷ് ഐവി
തണുപ്പുള്ള ഇടങ്ങളില്‍ പുറത്ത് തറയിലും വളര്‍ത്തുന്ന ഇംഗ്ലീഷ് ഐവിയ്ക്ക് കുറഞ്ഞ വെളിച്ചത്തില്‍ ഇന്‍ഡോറിലും വളരാനുള്ള കഴിവുണ്ട്. ഹാംഗിങ് ബാസ്‌ക്കറ്റുകളില്‍ പോട്ട് വെച്ച് ഇംഗ്ലീഷ് ഐവി വളര്‍ത്താറുണ്ട്. രാത്രിസമയങ്ങളില്‍ തണുപ്പുള്ളയിടങ്ങളിലേക്ക് ഈ ചെടി മാറ്റിവെക്കാന്‍ ശ്രദ്ധിക്കണം.
6. കാസ്റ്റ് അയണ്‍ പ്ലാന്റ്
വെളിച്ചമില്ലെങ്കിലും വെള്ളമില്ലെങ്കിലും വരെ വളരാന്‍ മിടുക്കുണ്ട് കാസ്റ്റ് അയണ്‍ പ്ലാന്റിന്. എന്ന് കരുതി വെള്ളം വേണ്ടെന്നല്ല. മണ്ണ് വരണ്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം. നേരിട്ടുള്ള സൂര്യപ്രകാശം കാസ്റ്റ് അയണ്‍ പ്ലാന്റിന് ആവശ്യമില്ല. നേരിട്ടുള്ള സൂര്യപ്രകാശമേറ്റാല്‍ ഇതിന്റെ ഇല കരിഞ്ഞുപോകാന്‍ സാധ്യതയുണ്ട്.
7. പീസ് ലില്ലി
കുറഞ്ഞ വെളിച്ചത്തില്‍ വളരുന്ന മറ്റൊരു ഇന്‍ഡോര്‍ ചെടിയാണ് പീസ് ലില്ലി. ഭംഗിയുള്ള നീണ്ട ഇലകള്‍ക്കിടയില്‍ വെള്ള പൂക്കളുള്ള ഈ ചെടി അകത്തളങ്ങള്‍ മനോഹരമാക്കാന്‍ സഹായിക്കുന്നു. ധാരാളം വെള്ളം ആവശ്യമാണ്. നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കാത്തിടത്ത് വേണം പീസ് ലില്ലി സെറ്റ് ചെയ്യാന്‍.
8. സീസീ പ്ലാന്റ്
കുറഞ്ഞ പരിചരണം മാത്രം മതി സീസീ പ്ലാന്റിന് വളരാന്‍. അതുപോലെ തന്നെ കുറഞ്ഞ വെളിച്ചത്തിലും ഇത് വളരും.
9. ചൈനീസ് എവര്‍ഗ്രീന്‍
കുറഞ്ഞ വെളിച്ചത്തില്‍ അകത്തളങ്ങളില്‍ പച്ചപ്പ് നിറയ്ക്കാന്‍ കഴിയുന്ന മറ്റൊരു മനോഹരമായ ചെടിയാണ് ചൈനീസ് എവര്‍ഗ്രീന്‍. നേരിട്ടുള്ള സൂര്യപ്രകാശം ഇവയുടെ ഇല കരിഞ്ഞുപോകാന്‍ കാരണമാകും.
10. സ്വിസ് ചീസ് പ്ലാന്റ്
സ്പ്ലിറ്റ് ലീഫ് ഫിലോഡെന്‍ഡ്രോണ്‍ എന്നും സ്വിസ് ചീസ് പ്ലാന്റ് അറിയപ്പെടുന്നു. ദ്വാരത്തോടെയുള്ള വലിയ ഇലകളാണ് ഇതിന്റെ പ്രത്യേകത. സൂര്യപ്രകാശം നേരിട്ട് ആവശ്യമില്ലാത്ത ചെടിയാണിത്. കൂടുതല്‍ വെളിച്ചം ഇല ചീയാന്‍ കാരണമാകും.
Discussion about this post