നാം പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്ന കോവിഡും അതേ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ഓരോരുത്തരുടെയും ജീവിതം മാറ്റിമറിച്ചുവെന്ന് തന്നെ പറയാം. പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടിലിരിക്കേണ്ടി വന്നത് മിക്കവരെയും മാനസികമായും ബാധിച്ചു. എന്നാല്‍ ഈ ലോക്ഡൗണ്‍ കാലം നമുക്കെങ്ങനെ പോസിറ്റീവാക്കാം എന്ന് ആലോചിക്കൂ. മനസും ശരീരവും ഒരു പോലെ പോസിറ്റീവാക്കാന്‍ സഹായിക്കുന്നതാണ് കൃഷി. ചെറുതെങ്കിലും ഒരു അടുക്കളത്തോട്ടം എല്ലാവര്‍ക്കും ജീവിതത്തിന്റെ ഭാഗമാക്കാം. മനസിന് പോസിറ്റീവ് എനര്‍ജി നല്‍കുന്നതിനൊപ്പം വിഷാംശമില്ലാത്ത ശുദ്ധമായ പച്ചക്കറികള്‍ നമുക്കുണ്ടാക്കാനും അത് സഹായിക്കും. ഈ ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച ക്യാമ്പയിനാണ്-വീട്ടിലിരിക്കാം, വിളയൊരുക്കാം.ഈ ക്യാമ്പയിനിന്റെ ഭാഗമായി പോഷകസമൃദ്ധമായ നാടന്‍ ഇലക്കറികള്‍ വീട്ടില്‍ എങ്ങനെ കൃഷി ചെയ്യാമെന്ന് പറയുന്നു.
അധികം പരിപാലനമോ വളപ്രയോഗമോ ഇല്ലാതെതന്നെ നമ്മുടെ ചുറ്റുവട്ടത്ത് ധാരാളമായി വളരുന്ന അനേകം ഇലക്കറികളുണ്ട്. പോഷകസമൃദ്ധിയുടെ കാര്യത്തിലും ഔഷധഗുണത്തിന്റെ കാര്യത്തിലും ഇവയെല്ലാം മുന്നില്‍ തന്നെ. ഇത്തരം ഇലക്കറികള്‍ പരിചയപ്പെടാം.
വള്ളിച്ചീര
മലബാര്‍ സ്പിനാച്ച് , ബസല്ല എന്നീ പേരുകളിലറിയപ്പെടുന്ന വള്ളിച്ചീരയുടെ മൂക്കാത്ത ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. മെയ് – ജൂണ്‍ മാസങ്ങളില്‍ വള്ളിച്ചീര നടാം. 30 സെന്റീമീറ്റര്‍ നീളമുള്ള തണ്ടുകള്‍ നട്ടും വിത്തുകള്‍ മുളപ്പിച്ചും വള്ളിച്ചീര വളര്‍ത്താം. തണ്ടുകള്‍ നട്ട് വളര്‍ത്തുകയാണെങ്കില്‍ ഒന്നര മാസത്തില്‍ വിളവെടുപ്പ് ആരംഭിക്കാം. എന്നാല്‍ വിത്തിട്ട് മുളപ്പിക്കുകയാണെങ്കില്‍ മൂന്നു മാസത്തിനു ശേഷം മാത്രം വിളവെടുക്കാം. പച്ചക്കറിവിളയെന്ന പോലെ ഒരു അലങ്കാരസസ്യമായി വളര്‍ത്താനും ഉതകുന്ന വിളയാണ് വള്ളിച്ചീര.
മധുരച്ചീര
പോഷകസമൃദ്ധമായ ഇലക്കറിയാണ് മധുരച്ചീര അഥവാ ചെക്കുർമാനിസ്. ബ്ലോക്ക് ചീര, മൈസൂർ ചീര, സിംഗപ്പൂർ ചീര, പ്രമേഹ ചീര എന്നിങ്ങനെ പല പേരുകളിൽ മധുരച്ചീര അറിയപ്പെടുന്നുണ്ട്. മാംസ്യം, വൈറ്റമിൻ സി, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ’ വൈറ്റമിൻ ആൻഡ് മൾട്ടി മിനറൽ പാക്ക്ട് ഗ്രീൻ ‘എന്നാണ് മധുരച്ചീരയെ വിശേഷിപ്പിക്കുന്നത്.
തണലുള്ള ഇടങ്ങളിലും നന്നായി വളരുന്നു. വളർന്നുവരുന്ന ഇളം തണ്ടുകൾ പാചകം ചെയ്യാം. നടാനായി മൂപ്പെത്തിയ 20 സെന്റീമീറ്റർ നീളമുള്ള കമ്പുകൾ ഉപയോഗിക്കാം. 30 സെന്റീമീറ്റർ ആഴത്തിൽ ജൈവവളം ചേർത്ത് തയ്യാറാക്കിയ ചാലുകളിലാണ് മധുരച്ചീര നടേണ്ടത്.
സാമ്പാർ ചീര
തണൽ ഇഷ്ടപ്പെടുന്ന അപൂർവ്വം വിളകളിൽ ഒന്നാണ് സാമ്പാർ ചീര. സാമ്പാർ ചീരയുടെ മൃദുവായ തണ്ടും ഇലകളും ഭക്ഷ്യയോഗ്യമാണ്. തണ്ട് ഒടിച്ചു നട്ട് കൃഷി ചെയ്യാം. പൂവിട്ട തണ്ടുകൾക്ക് നാരിന്റെ അംശം കൂടുതലായിരിക്കും. അതിനാൽ ഇളം തണ്ടുകൾ പറിച്ചെടുക്കാൻ ശ്രദ്ധിക്കാം.
പൊന്നാങ്കണ്ണി ചീര
പ്രോട്ടീൻ, അന്നജം, കൊഴുപ്പ്, നാര്, കാൽസ്യം, അയൺ, കരോട്ടിൻ, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ പോഷകസമൃദ്ധമായ ഇലക്കറിയാണ് പൊന്നാങ്കണ്ണി ചീര. ഇളം തണ്ട് മുറിച്ച് നട്ട് പൊന്നാങ്കണ്ണി ചീര വളർത്താം.
തഴുതാമ
പുനർനവ എന്ന പേരിലും തഴുതാമ അറിയപ്പെടുന്നുണ്ട്. സസ്യത്തിൽ അടങ്ങിയിരിക്കുന്ന പുനർ നവിൻ എന്ന പദാർത്ഥം ഇതിനെ ഔഷധയോഗ്യമാക്കുന്നു. നിലത്ത് പടർന്ന് വളരുന്ന ബഹുവർഷിയായ ഒരു സസ്യമാണിത്. തഴുതാമയിൽ വെള്ളപ്പൂക്കൾ ഉള്ളവയും ചുവന്നപൂക്കൾ ഉള്ളവയുമുണ്ട്. ചുവന്ന പൂക്കൾ ഉള്ളവയാണ് ഭക്ഷ്യയോഗ്യം.തണ്ട് ഒടിച്ചു നട്ട് തഴുതാമ വളർത്താം.
Discussion about this post