പൂച്ചെടികള്‍ ഉണ്ടെങ്കിലേ ഗാര്‍ഡന്‍ മനോഹരമാകൂ എന്നുണ്ടോ ? ഇല്ലെന്നാണ് ഇന്നത്തെ ട്രെന്‍ഡ് കാണിച്ചുതരുന്നത്. ഇലച്ചെടികള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനുകള്‍ക്ക് ഡിമാന്റ് കൂടിവരികയാണ്. പൂക്കളില്ലാതെ തന്നെ പൂക്കളേക്കാള്‍ മനോഹാരിത തീര്‍ക്കാന്‍ കഴിയുന്ന ഇലച്ചെടികള്‍ക്ക് ആവശ്യക്കാര്‍ കൂടി. ഗാര്‍ഡന് ഭംഗി നല്‍കുന്ന മികച്ച 8 ഇല ചെടികള്‍ നോക്കാം.
1. മണി പ്ലാന്റ്
ഇന്‍ഡോര്‍ പ്ലാന്റുകളില്‍ ഏറ്റവും പേരുകേട്ട സസ്യമാണ് മണി പ്ലാന്റ്. വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന സസ്യം കൂടിയാണിത്. ഈ ചെടികളുടെയും ചെറിയ കട്ടിങ്ങുകള്‍ മുറിച്ചെടുത്തു വെള്ളത്തിലിട്ടോ മണ്ണിലോ വളര്‍ത്താം.
2. അഗ്‌ളോണിമ
അഗ്ലോണിമയെ മറ്റു ഇലച്ചെടികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത് ഇതിന്റെ ഇലകളുടെ നിറമാണ്. പച്ചനിറത്തില്‍ മാത്രമല്ല, ചുവപ്പടക്കമുള്ള മറ്റു ചില നിറങ്ങളിലും അഗ്ലോണിമ ലഭ്യമാണ്. പ്രത്യേക ഭംഗിയാണ് ഇതിന്റെ ഇലകള്‍ക്ക്. കഴിയുന്നതും സൂര്യപ്രകാശം കൂടുതലായി ലഭിക്കുന്നിടത്ത് വെക്കുക. ഇലകളുടെ ഭംഗി കൂട്ടാന്‍ സൂര്യപ്രകാശം ആവശ്യമാണ്. കൂടുതല്‍ പരിചരണമോ നനയോ ആവശ്യമില്ല. മാത്രമല്ല വളമില്ലെങ്കിലും അഗ്ലോണിമ വളര്‍ന്നോളും. എങ്കിലും ചാണകപ്പൊടിയോ പിണ്ണാക്ക് വളമോ ഒക്കെ ഇട്ടുകൊടുത്താല്‍ ഒന്നുകൂടി ഊര്‍ജത്തോടെ നില്‍ക്കും. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ചെടി റീപോട്ട് ചെയ്യുന്ന സമയത്ത് വളം നല്‍കിയാലും മതി. വാടിയ ഇലകള്‍ മുറിച്ചുമാറ്റാന്‍ ശ്രദ്ധിക്കണം.പുതിയ തൈകള്‍മാറ്റി നടുന്നതും നല്ലതാണ്. ഒട്ടുമിക്ക നഴ്‌സറികളിലും അഗ്ലോണിമ ലഭ്യമാണ്. പ്രത്യേകിച്ച് ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൂടുതലായി ലഭ്യമാകുന്ന നഴ്‌സറികളില്‍.
3. കോളിയസ്
ഇലകളില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന സസ്യമാണ് കോളിയസ്. ലാമിയേസി കുടുംബത്തില്‍പെട്ട സസ്യമാണിത്. മാസം മാറി, കണ്ണാടിച്ചെടി എന്നീ പേരുകളിലാണ് നമ്മുടെ നാട്ടില്‍ കോളിയസ് അറിയപ്പെടുന്നത്. വെയിലത്തും തണലത്തും വളര്‍ത്താനാവും. എന്നാല്‍ നിറങ്ങളുടെ ചാരുത ഏറ്റവുമധികം വ്യക്തമാകുന്നത് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ നടുമ്പോഴാണ്.
4. വാന്‍ഡറിങ് ജ്യൂ
പര്‍പ്പിള്‍ നിറത്തിലുള്ള ഇലകളുള്ള ട്രെഡസ്‌കാന്‍ഷ്യ പല്ലിട എന്ന വാണ്ടറിങ് ജ്യൂ വളരെ എളുപ്പത്തില്‍ ശിഖരങ്ങള്‍ വെള്ളത്തിലിട്ട് വച്ച് വെള്ളത്തില്‍ തന്നെ വളര്‍ത്താനാകും.
5. ടര്‍ട്ടില്‍ വൈന്‍
കൂടുതലും തൂക്കുച്ചട്ടികളിലാണ് ടര്‍ട്ടില്‍ വൈന്‍ വളര്‍ത്തുന്നത്. താഴേക്ക് തൂങ്ങിക്കിടക്കുന്നത് കാണാന്‍ മനോഹരമാണ്. പരിപാലിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്ന് മാത്രമല്ല, എളുപ്പത്തില്‍ വളരുന്ന ചെടി കൂടിയാണ് ടര്‍ട്ടില്‍ വൈന്‍. വിദേശത്ത് നിന്നെത്തിയ ഈ ചെടി നമ്മുടെ നാട്ടിലെ കാലാവസ്ഥയിലും നന്നായി വളരും. അമിത സൂര്യപ്രകാശം ഇഷ്ടമല്ലാത്ത ചെടിയാണിത്. മിതമായ പ്രകാശവും വെള്ളവും ലഭിച്ചാല്‍ തഴച്ചുവളരും. ഇലയില്‍ കുറച്ചു ജലം സംഭരിക്കുന്നതിനാല്‍ കൂടുതല്‍ നനച്ചാല്‍ ചെടി ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ചാണകവെള്ളം തളിച്ചുകൊടുക്കുന്നത് ചെടി എളുപ്പത്തില്‍ തഴച്ചുവളരാന്‍ സഹായിക്കും.
6. സിംഗോണിയം
ആരോ ഹെഡ്, സിംഗോണിയം എന്നീ പേരുകളില്‍ അറിയപ്പെടുന്ന സസ്യത്തിന്റെ ഇലകള്‍ക്ക് ചേമ്പിലകളുടെ ആകൃതിയാണ്. ഇവ പച്ച നിറത്തിലും പിങ്ക് നിറത്തിലും ലഭ്യമാണ്. വെയിലത്ത് നിറവ്യത്യാസം കൂടുതല്‍ പ്രകടമാകുമെങ്കിലും അകത്തളങ്ങളിലും ഇവ നന്നായി വളരും. ഇലയോടു കൂടി തണ്ട് മുറിച്ച് വെള്ളത്തിലിട്ട് വച്ചാല്‍ കുറച്ചു ദിവസത്തിനുള്ളില്‍ വേര് വന്നുതുടങ്ങും.
7. സ്‌പൈഡര്‍ പ്ലാന്റ്
വായുവിനെ ശുദ്ധീകരിക്കാന്‍ കഴിവുള്ള ചെറു സസ്യമാണ് സ്‌പൈഡര്‍ പ്ലാന്റ്. ഇവ അകത്തളങ്ങള്‍ക്ക് ഏറ്റവും യോജിച്ച ചെടികളിലൊന്നാണ്. ചെറിയ കട്ടിങ്ങുകള്‍ വെള്ളത്തിലിട്ട് ഇവ വളര്‍ത്താം.
8. സ്‌നേക്ക് പ്ലാന്റ്
അമ്മായിയമ്മയുടെ നാവ് എന്നറിയപ്പെടുന്ന സ്‌നേക്ക് പ്ലാന്റ് വെള്ളത്തില്‍ കുറേക്കാലം കേടുകൂടാതെ വളര്‍ത്താം. ഇലകള്‍ വെള്ളത്തിലിട്ടുവച്ച് പുതിയ തൈകള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യാം.
Discussion about this post