ആലപ്പുഴ :കുട്ടനാടിന്റെ കാർഷിക കലണ്ടർ പ്രഖ്യപനം കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം വഴി തയ്യാറാക്കിയ ‘തണ്ണീർമുക്കം ബണ്ടും കാർഷിക കലണ്ടറും കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും’ പഠന റിപ്പോർട്ട്കാശനവും കുട്ടനാടിന്റെ കാർഷിക കലണ്ടറിന്റെ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൺറോതുരുത്തിൽ നടത്തുന്ന മാതൃകാ കാലാവസ്ഥാ അനുരൂപ കാർഷിക പദ്ധയുടെ പ്രവർത്തനോദ്ഘാടനവും ഓൺലൈനായി അദ്ദേഹം നിർവഹിച്ചു.
സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെട്ട രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായാണ് കുട്ടനാട്ടിലെ കാർഷിക കലണ്ടർ പുറത്തിറക്കുന്നത്. ഇത് കാർഷിക കേരളത്തിന് തന്നെ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. തണ്ണീർമുക്കം ബണ്ടിലൂടെയുള്ള വെള്ളത്തിന്റെ നിലവിലെ ഒഴുക്കിന്റെ ക്രമീകരണം കുട്ടനാട്ടിലെ കാർഷിക മേഖല അടക്കം ഏറെ പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. ആസൂത്രണം ഇല്ലാത്ത കൃഷിരീതിയും കുട്ടനാട്ടിലെ വെള്ളപ്പൊക്കവും മടവീഴ്ചയടക്കമുള്ള
പ്രശ്നങ്ങളും കാർഷിക മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാർഷിക -പാരിസ്ഥിതിക മേഖലകളിൽ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. ഈ പ്രശ്നങ്ങൾക്കെല്ലാം കാർഷിക കലണ്ടർ നടപ്പിലാക്കുന്നതിലൂടെ പരിഹാരം കാണും എന്നാണ് പ്രതീക്ഷിക്കുന്നത്. കാർഷികമേഖലയ്ക്ക് ഒപ്പംതന്നെ മത്സ്യ, കക്ക മേഖലകളെയും പരിഗണിച്ചാകും കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ. രണ്ടാം കുട്ടനാട് പാക്കേജിൽ 2447 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും ഒന്നാം കുട്ടനാട് പാക്കേജിനുണ്ടായ പിഴവുകൾ പരിഹരിച്ചാവും രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ കാർഷിക മേഖലയെ സംരക്ഷിക്കുകയും കാർഷിക ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ വേമ്പനാട് കായലിലടക്കം നേരിടുന്ന മാലിന്യ പ്രശ്നനങ്ങൾക്കും പരിഹാരം കാണുന്ന തരത്തിലാകും രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുഞ്ചക്കൃഷി കൂടുതൽ വ്യാപിപ്പിക്കുന്ന രീതിയിലാണ് കുട്ടനാടിന്റെ കാർഷിക കലണ്ടർ തയ്യാറാക്കിയിരിക്കുന്നതെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കൃത്യമായി കാർഷിക കലണ്ടർ നടപ്പാക്കുന്നതിലൂടെ കുട്ടനാട്ടിലെ കാർഷിക മേഖലയിൽ ശാസ്ത്രീയമായ രീതിയിലുള്ള കൃഷിരീതി പ്രവർത്തികമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഉഷ ടൈറ്റസ്, അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടർ ഡോ കെ ജി പദ്മകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Discussion about this post