കുളവാഴയുടെ വയലറ്റ് നിറത്തിലുള്ള പൂക്കളുടെ ഭംഗി പറഞ്ഞറിയിക്കാനാവില്ല. എന്നാൽ ആ ഭംഗിയിൽ മയങ്ങി പോയാൽ ഇവയുണ്ടാക്കുന്ന നഷ്ടങ്ങളുടെ അവസ്ഥയും അതു തന്നെയാണ്. പറഞ്ഞറിയിക്കാനാവില്ല. “ബംഗാളിന്റെ ഭീഷണി” എന്നാണ് കുളവാഴ അറിയപ്പെടുന്നത്. ബംഗാളിൽ ഇവ മൂലമുണ്ടായ മത്സ്യകൃഷി നാശമാണ് കാരണം.
ഐയ്കോർണിയ ക്രാസിപ്പെസ് എന്നാണ് കുളവാഴയുടെ ശാസ്ത്രനാമം. വാട്ടർ ഹയാസിന്ത് എന്നാണ് ഇംഗ്ലീഷിൽ പേര്. അധിനിവേശ സസ്യങ്ങളിൽ ഒന്നാണിവ. ആവാസ വ്യവസ്ഥയെ തകിടം മറിക്കാൻ തക്കവിധം കഴിവുള്ള സസ്യമാണ് കുളവാഴ. പെട്ടെന്ന് വളരുവാനും ഇരട്ടി പ്രദേശത്ത് വ്യാപിക്കുവാനും കഴിവുണ്ട് ഇവയ്ക്ക്.
ഇവ വളരുന്നിടത്തെ വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ വെള്ളത്തിലുള്ള ജീവജാലങ്ങൾക്ക് ഭീഷണിയാണ് കുളവാഴ. ജലത്തിലൂടെയുള്ള യാത്ര മാർഗങ്ങളെല്ലാം തടയും ഇവ. വെള്ളത്തിലെ ഓക്സിജന്റെ അളവും കുറയ്ക്കുവാൻ കാരണമാകും.
കൃഷിക്കും ടൂറിസത്തിനും മത്സ്യബന്ധനത്തിനുമെല്ലാം ദോഷമുണ്ടാക്കുന്ന ഇവയെ തുരത്താൻ ഒത്തിരി ശ്രമങ്ങൾ നടന്നു. ഇപ്പോഴും നടക്കുന്നു. കുട്ടനാട് പാക്കേജിൽ കുളവാഴയെ തുരത്താൻ നീക്കിവെച്ചത് മുപ്പത് കോടി രൂപയാണ്.
ഇവയെ തുരത്താൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ എങ്ങനെ ഇവയെ ഉപയോഗപ്രദമാക്കാം എന്നതിലേക്കായി ഗവേഷണങ്ങൾ. കൂൺ ബെഡ്ഡുകൾ നിർമ്മിക്കുവാൻ കുളവാഴ ഉപയോഗിക്കാറുണ്ട്. ഇന്ധനമായും ഇവയെ ഉപയോഗിക്കാം. ഇപ്പോഴും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് കുളവാഴയിൽ.
Discussion about this post