തൊടുപുഴ : ലോക്ക് ഡൗണ്‍ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന്‍ ‘അടുക്കളത്തോട്ടം ചലഞ്ച് 2020’ സംഘടിപ്പിക്കുന്നു.
സി.ഡി.എസ് തലത്തിലാണ് മല്‍സരം. ഓരോ സി.ഡി.എസിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തു വരുന്ന കുടുംബങ്ങള്‍ക്ക് യഥാക്രമം 1001, 501, 251 രൂപ വീതം സമ്മാനമായി നല്‍കും. തോട്ടത്തിന് കുറഞ്ഞത് ഒരു സെന്റ് വിസ്തൃതി ഉണ്ടായിരിക്കണം. വിളവിനങ്ങളുടെ വൈവിദ്ധ്യത്തിന് പ്രാധാന്യം നല്‍കണം.
ഒന്നരലക്ഷത്തിലധികം കുടുംബശ്രീ കുടുംബങ്ങളാണ് ഇടുക്കിയിൽ ഉള്ളത്. ഈ വീടുകളിൽ അടുക്കളത്തോട്ടം തയ്യാറാക്കി പോഷക സമൃദ്ധവും, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതുമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ച് കുടുംബങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും, മിച്ചമുള്ള പച്ചക്കറികള്‍ വിറ്റഴിച്ച് അധിക വരുമാനം നേടാൻ അവസരം ഒരുക്കുകയുമാണ് ലക്ഷ്യം.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവർ ഏപ്രില്‍ 20 നകം കുടുംബശ്രീ സി.ഡി.എസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ജൂലൈ 20 മുതല്‍ ആഗസ്റ്റ് 10 വരെയുള്ള കാലയളവില്‍ അടുക്കളത്തോട്ടം സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തി വിജയികളെ കണ്ടെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.ഡി.എസ്സ് ഓഫീസുകളുമായി ബന്ധപ്പെടണം.
Discussion about this post