കുടംപുളിയിട്ട മീന്‍കറി..ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നില്ലേ? കേരളത്തില്‍ കറികളില്‍, പ്രത്യേകിച്ച് മീന്‍കറിയില്‍ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. ഉഷ്ണമേഖലയില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് കുടംപുളി. ഇംഗ്ലീഷില്‍ ‘ഇന്ത്യന്‍ ഗാര്‍സിയ’ എന്ന പേരിലും ഹിന്ദിയില്‍ ‘ബിലാത്തി അംലി’ എന്ന പേരിലുമാണ് കുടംപുളി വൃക്ഷം അറിയപ്പെടുന്നത്. പിണംപുളി, മീന്‍പുളി, ഗോരക്കപ്പുളി, പിണാര്‍, പെരുംപുളി, മരപ്പുളി, തോട്ടുപുളി എന്നീ പേരുകളും കുടംപുളിക്കുണ്ട്.
ആയുര്‍വേദ മരുന്നുകളിലും കുടംപുളി ഉപയോഗിച്ച് വരുന്നു. വയറ്റില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് പോലും ഏറെ ഫലപ്രദമായ ഔഷധമായി കുടംപുളി പ്രവര്‍ത്തിക്കുന്നു. ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്ക് കുടംപുളി ഒറ്റമൂലിയാണ്. കുടംപുളിയില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രാസിട്രിക്ക് ആസിഡ് അമിതവണ്ണം കുറയ്ക്കുമെന്ന് ശാസ്ത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ജൂണ്‍,ജൂലായ് മാസങ്ങളിലാണ് കുടംപുളി സാധാരണയായി നടേണ്ടത്. കുടംപുളി നടുന്നതിനായി 20 സെ.മി നീളവും വീതിയുമുള്ള കുഴികള്‍ എടുക്കണം. തൈ പിടിച്ച് 5 വര്‍ഷം കഴിഞ്ഞാല്‍ വളപ്രയോഗം നടത്താം. ചാണകവും കമ്പോസ്റ്റും യൂറിയയും വളമായി നല്‍കാം. വിത്ത് പാകി മുളപ്പിച്ച് ഉണ്ടാകുന്ന കുടംപുളി തൈകള്‍ കായ്ക്കണമെങ്കില്‍ ഏകദേശം 10 വര്‍ഷം വേണ്ടിവരും. അതിനാല്‍ ഒട്ട് തൈകള്‍ വാങ്ങി വയ്ക്കുന്നതാണ് നല്ലത്. ഒട്ട് തൈകള്‍ നന്നായി വളപ്രയോഗം നടത്തിയാല്‍ 3 വര്‍ഷം കഴിഞ്ഞാല്‍ കായ്ക്കും.
ഇളം മഞ്ഞ നിറമാകുമ്പോള്‍ കുടംപുളി പാകമാകും. ഈ സമയത്ത് മരത്തില്‍ നിന്ന് പറിച്ചെടുത്ത് രണ്ടായി പകുത്തെടുക്കുക. തുടര്‍ന്ന് പുളി വെയിലത്ത് വച്ചോ പുകയത്ത് വച്ചോ ഉണക്കിയെടുക്കുക. പൊതുവെ കുടംപുളി ജൂണ്‍ മാസം മുതല്‍ വിളഞ്ഞ് തുടങ്ങുന്നതിനാല്‍ വെയിലത്ത് വച്ച് ഉണക്കുക എന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ പുകയത്ത് വച്ച് ഉണക്കേണ്ടി വരും.നാല് ദിവസത്തോളം പുകയത്ത് വച്ചാല്‍ പുളി നന്നായി ഉണങ്ങും. പുളിക്ക് നല്ല മൃദുത്വവും നിറവും കിട്ടാനായി ഉപ്പും വെള്ളിച്ചെണ്ണയും പുരട്ടി വയ്ക്കാം. വളരെ കുറഞ്ഞ കീടശല്യമേ ഇതിന് ഉണ്ടാകാറുള്ളൂ. കീട ശല്യത്തിന് ജൈവ കീടനാശിനികള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
Discussion about this post