കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായുള്ള കാ൪ഷികോത്സവം സെപ്തംബ൪ ഏഴു മുതൽ 13 വരെ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൃഷിക്കൊപ്പം കളമശേരി കാ൪ഷികോത്സവത്തിന് മുന്നോടിയായി ഇടപ്പള്ളി പത്തടിപ്പാലം റസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വ൪ഷം കലാ പരിപാടികളും ഘോഷയാത്രയും ഒഴിവാക്കിയാകും കാ൪ഷികോത്സവം സംഘടിപ്പിക്കുക.
ക൪ഷകരുടെ ഉത്പന്നങ്ങൾ, സഹകരണ ബാങ്കുകളുടെ മൂല്യാധിഷ്ഠിത ഉത്പന്നങ്ങൾ ഇവയെല്ലാം പരമാവധി വിറ്റഴിക്കേണ്ടത് ക൪ഷകരെ സഹായിക്കാ൯ ആവശ്യമായതിനാൽ പ്രദ൪ശനവും വിപണനവും സംഘടിപ്പിക്കും. മറ്റ് ആഘോഷ പരിപാടികൾ പൂ൪ണമായി ഒഴിവാക്കുകയാണ്. കളമശേരി ചാക്കോളാസ് പവലിയന്റെ എതി൪ഭാഗത്തുള്ള മൈതാനത്തായിരിക്കും പരിപാടി സംഘടിപ്പിക്കുക.
മു൯വ൪ഷം കാ൪ഷികോത്സവത്തിന്റെ ഭാഗമായാണ് സെമിനാറുകൾ സംഘടിപ്പിച്ചിരുന്നത്. ഈ വ൪ഷം കാ൪ഷികോത്സവത്തിന്റെ ഭാഗമായുള്ള സെമിനാറുകൾ ആരംഭിച്ചു. ഇത്തവണ ഓരോ മേഖലയിലും പ്രാധാന്യമുള്ള ക൪ഷകരുടെ സംഗമം എന്ന നിലയിലാണ് സെമിനാ൪ സംഘടിപ്പിക്കുന്നത്. കൂവകൃഷി മേഖലയിൽ കൂവ ക൪ഷകരുടെ സംഗമം, കൂട് കൃഷി മേഖലയിൽ കൂട് കൃഷി ചെയ്യുന്നവരുടെ സംഗമം, കരുമാല്ലൂരിൽ നെല്ല്, ആലങ്ങാട് കരിമ്പ് എന്ന വിധത്തിൽ 20 മേഖലകളിലായാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ഇതിൽ മൂന്ന് സെമിനാറുകൾ കഴിഞ്ഞു. അവശേഷിക്കുന്ന സെമിനാറുകൾ അടുത്ത ദിവസങ്ങളിൽ നടക്കും. ഓഗസ്റ്റ് 11 ന് നടക്കുന്ന യുവക൪ഷക സംഗമത്തിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പങ്കെടുക്കും. 13 ന് മന്ത്രി വി.എ൯. വാസവ൯ പങ്കെടുക്കുന്ന സഹകരണ സംഗമം നടക്കും. ചെറുധാന്യ ക൪ഷക സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ ഉദ്ഘാടനം ചെയ്യും. മു൯ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും സെമിനാറിൽ പങ്കെടുക്കും. കൃഷിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഗമത്തിൽ ജില്ലാ കളക്ട൪ എ൯.എസ്.കെ ഉമേഷ് പങ്കെടുക്കും. 22 ന് നടക്കുന്ന സെമിനാറിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണ൯ കുട്ടിയും 23 ന് നടക്കുന്ന ക്ഷീരക൪ഷക സംഗമത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയും പങ്കെടുക്കും. 23 ന് നടക്കുന്ന കുട്ടിക൪ഷക സംഗമത്തിൽ മന്ത്രി വി. ശിവ൯കുട്ടി പങ്കെടുക്കും. മത്സ്യക൪ഷക സംഗമത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാ൯ പങ്കെടുക്കും. 26 ന് നടക്കുന്ന ത്രിതല പഞ്ചായത്ത് സംഗമത്തിൽ മന്ത്രി എം.ബി. രാജേഷ് പങ്കെടുക്കും.
മൈന൪-മേജ൪ ഇറിഗേഷ൯, പെരിയാ൪ വാലി ഇറിഗേഷ൯, കൃഷി വകുപ്പ്, മണ്ണ് സംരക്ഷണം, തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത് തല സംവിധാനം, സഹകരണ വകുപ്പ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനമാണ് കൃഷിക്കൊപ്പം കളമശേരി. കാ൪ഷിക മേഖലയുടെ സമഗ്ര വികസനത്തിന് വഴി തുറന്ന വൈവിധ്യമാ൪ന്ന പ്രവ൪ത്തനങ്ങളാണ് കൃഷിക്കൊപ്പം കളമശേരി പദ്ധതിയിലൂടെ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലുടനീളം ഭൂജലവിഭവ ഭൂപടം തയാറാക്കിയിട്ടുണ്ട്. മൂന്ന് മാസത്തോളം നീണ്ട വാ൪ഡ് തല പരിശോധനയുടെ ഇറിഗേഷ൯, തൊഴിലുറപ്പ്, പഞ്ചായത്ത് എന്നിവ൪ ചേ൪ന്നാണ് ഭൂജലവിഭവ ഭൂപടം തയാറാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 327 കോടി രൂപയുടെ സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിൽ 18 കോടി രൂപയുടെ പദ്ധതി ഇതിനകം നടപ്പാക്കി. ബാക്കി 309 കോടിയുടെ പദ്ധതി പ്രവ൪ത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. പ്രധാനമായും തോടുകളുടെ ആഴം കൂട്ടൽ, പെരിയാറിലെ കൈത്തോടുകളുടെ ഒഴുക്ക് സുഗമമാക്കുക, ന൪ണിത്തോടിന്റെ ശുചീകരണം തുടങ്ങിയ പദ്ധതികൾ പൂ൪ത്തീകരിച്ചു. ഏലൂരിലെ വിവിധ തോടുകളുടെ ആഴം കൂട്ടുന്നതിനായി രണ്ട് കോടി രൂപ അനുവദിച്ചു. 99 ലക്ഷം രൂപയ്ക്ക് ഈ പദ്ധതി പൂ൪ത്തീകരിക്കാ൯ കഴിഞ്ഞു. കരുമാല്ലൂ൪, കുന്നുകര പഞ്ചായത്തുകളിലെ തോടുകളുടെ ആഴം കൂട്ടൽ, കലുങ്ക് പൊളിച്ചുപണിയൽ എന്നിവയ്ക്കായി എട്ട് കോടി രൂപയാണ് അനുവദിച്ചത്. 5.71 കോടി രൂപയ്ക്ക് പദ്ധതി പ്രവ൪ത്തനം ആരംഭിച്ചു. നീറിക്കോട് വരെയുള്ള ന൪ണിത്തോട് നവീകരണത്തിനായി 1.32 കോടി അനുവദിച്ചിരുന്നു. എന്നാൽ 60 ലക്ഷത്തിന് പദ്ധതി പൂ൪ത്തിയായി. മാമ്പ്ര നാല് സെന്റ് കോളനി നന്മ ഗ്രാമമാക്കി മാറ്റുന്ന പദ്ധതി നടപ്പാക്കി. ഈ പദ്ധതിയിലുൾപ്പെടുത്തി മാമ്പ്ര തോട് 27 ലക്ഷം രൂപ ചെലവിൽ ആഴം കൂട്ടി വൃത്തിയാക്കി. ചരിത്രത്തിലാദ്യമായി ആ മേഖലയിൽ വെള്ളം കയറുകയോ വെള്ളക്കെട്ടുണ്ടാകുകയോ ചെയ്തില്ല. എടയാറ്റുചാൽ പദ്ധതിക്കായി നാല് കോടി രൂപ അനുവദിച്ചു. ഓഞ്ഞിത്തോടിന്റെ ഒഴുക്ക് വീണ്ടെടുക്കുന്നതിന് 1.2 കോടി രൂപ അനുവദിച്ചു. എഫ്എസിടിയുടെ സഹകരണത്തോടെ ക൪ഷക൪ക്കായി കീടനാശിനി തളിക്കുന്നതിന് ഡ്രോൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആലങ്ങാട് കൃഷിശ്രീക്ക് ആദ്യ ഡ്രോൺ നൽകി. മറ്റു പഞ്ചായത്തുകൾക്കും ഓരോ ഡ്രോൺ നൽകുന്ന പദ്ധതി നടപ്പാക്കും. ആയിരക്കണക്കിന് ഏക്ക൪ തരിശ് ഭൂമി വീണ്ടെടുക്കാ൯ പദ്ധതിയിലൂടെ കഴിഞ്ഞു. ഉത്പാദനക്ഷമത വ൪ധിപ്പിക്കാനും മൂല്യവ൪ധിത ഉത്പന്നങ്ങൾ വിപണിയിലിറക്കാനും കഴിഞ്ഞു. ഇ-കൊമേഴ്സ് സംവിധാനത്തിലൂടെയും കൃഷിക്കൊപ്പം കളമശേരിയുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സൗകര്യമേ൪പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Agri festival as a part of Kalamasery Project with Krishikoppam Kalamassery from 7th to 13th September
Discussion about this post