ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും കർഷകരോട് നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്ന പരിപാടിയാണ് കൃഷിദർശൻ. സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് ഇതിൻറെ പ്രവർത്തനം. ഈ പരിപാടിയുടെ ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മുഴുവൻ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് ‘കൃഷിദർശൻ’ പരിപാടി നടത്തുന്നതെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ഈ സാമ്പത്തിക വർഷം 28 ബ്ലോക്കുകളിലായിരിക്കും പരിപാടി നടത്തുക. ഒരു ജില്ലയിൽ ഒന്ന് എന്ന ക്രമത്തിൽ ജില്ലാതല പരിപാടിയായി ഒന്നാം ഘട്ടവും ജില്ലയിൽ ഒന്ന് എന്ന കണക്കിൽ ബ്ലോക്ക് തല പരിപാടിയായി രണ്ടാം ഘട്ടവും ഈ വർഷം നടക്കും.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയായാണ് കൃഷിദർശൻ ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷിദർശൻ വിളംബരജാഥ എല്ലാ കൃഷിഭവനുകളും കേന്ദ്രീകരിച്ച് ഇന്നലെ നടന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാർഷിക-ഭക്ഷ്യ ശാസ്ത്ര സാങ്കേതിക എക്‌സിബിഷൻ കൃഷിദർശന്റെ ഭാഗമായി അതാതു ബ്ലോക്കുകളിൽ നടത്തപ്പെടും. കൃഷിദർശൻ പരിപാടി നടക്കുന്ന ജില്ലയിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരെയും കൃഷി മന്ത്രി നേരിട്ട് കണ്ടു പദ്ധതി പുരോഗതി വിലയിരുത്തും. കൂടാതെ ജില്ലയിലെ കാർഷിക മേഖലയിലെ സാധ്യതകൾ, ഞങ്ങളും കൃഷിയിലേക്ക്, കൃഷി കൂട്ടങ്ങളുടെ സ്ഥിതി, കാർഷിക പ്രശ്‌നങ്ങൾ, നടത്തിപ്പു പ്രശ്‌നങ്ങൾ എന്നിവ അവലോകനം ചെയ്യും.ജില്ലയിലെ കർഷകരെ മന്ത്രി നേരിട്ട് കേട്ട് പ്രശ്‌നങ്ങൾ മനസിലാക്കുന്ന കാർഷിക അദാലത്തും നടത്തും. ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായും ഉദ്യോഗസ്ഥരുമായും കാർഷികമേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
ഇതിൻറെ ഭാഗമായി ബ്ലോക്കിലെ ഒരു പഞ്ചായത്ത് കേന്ദ്രമാക്കി മന്ത്രിയുടെ ‘ഞങ്ങളും കൃഷിയിലേക്ക് – ഗൃഹസന്ദർശനം’, ഒരു കർഷക ഭവനം കേന്ദ്രീകരിച്ച് ‘ഭവനകൂട്ടായ്മ’, കാർഷിക സാംസ്‌കാരിക പരിപാടികൾ എന്നിവയുമുണ്ടാകും. ബ്ലോക്കിലെ ഒരു പഞ്ചായത്തിനെ മാതൃക ഹരിത പോഷക ഗ്രാമമായും ജില്ലയിലെ ഒരു കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായും പ്രഖ്യാപിക്കുന്ന പരിപാടിയും ഇതോടൊപ്പം സംഘടിപ്പിക്കും. ഏറ്റവും നല്ല കാർഷിക കർമസേന അംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ഏറ്റവും നല്ല കർഷക /കർഷകൻ/ കുട്ടിക്കർഷകൻ ഏറ്റവും നല്ല ഹരിത സ്‌കൂൾ, മാധ്യമ റിപ്പോർട്ടിംഗ്, നവീന കൃഷിരീതി കർഷകൻ, കർഷക സൗഹൃദ ബാങ്ക്, ഏറ്റവും നല്ല ഐ.എഫ്.എസ് ജൈവ പ്ലോട്ട്, ഏറ്റവും നല്ല പി.എ.സി.എസ് എന്നിവയ്ക്ക് പുരസ്‌കാരം നൽകും. ജില്ലയിലെ കൃഷിദർശന പരിപാടിയുടെ അവസാന രണ്ടു ദിവസങ്ങളിലും കേരള കാർഷിക സർവകലാശാലയിലെ അവസാന വർഷ വിദ്യാർഥികൾ പൂർണ്ണ സമയവും പരിപാടിയിൽ കോഴ്‌സിന്റെ ഭാഗമായി പങ്കെടുക്കും. കൃഷിദർശൻ പരിപാടിയുടെ ഭാഗമായുള്ള മൂന്നു ദിവസത്തെ പ്രദർശനത്തിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേരള കാർഷിക സർവ്വകലാശാലയും മണ്ണ് പര്യവേഷണ വകുപ്പും പങ്കെടുക്കും.
Discussion about this post