നയനാനന്ദകരമായ നിറമാണ് കോഴിപ്പൂവിന്. അതാണ് അവയെ വ്യത്യസ്തമാക്കുന്നതും. കോഴിയുടെ തലയിലെ പൂവിനോട് സാമ്യം ഉള്ളതുകൊണ്ടായിരിക്കും അവയെ കോഴിപ്പൂ എന്നു വിളിക്കുന്നത്. സെലോസിയ അർജന്റിയ എന്നാണ് കോഴിപ്പൂവിന്റെ ശാസ്ത്രനാമം. ഒത്തിരി ഇനങ്ങളുണ്ട് ഈ ജനുസ്സിൽ. പലതരത്തിലുള്ള കോഴിപ്പൂക്കൾ നമ്മൾ കണ്ടിട്ടുണ്ട്. എല്ലാ ഇനങ്ങൾക്കും കടുത്ത നിറങ്ങളാണ്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കോഴിപ്പൂവ് കൂടുതലായും ഉള്ളത്. കൃഷിയിടങ്ങളിൽ കളയായി ഇവ വളർന്നു വരാറുണ്ട്. അലങ്കാര സസ്യമാണ് കോഴിപ്പൂവ്. വസന്തത്തിന്റെ അവസാനത്തിലും വേനലിലുമാണ് പൂക്കൾ ഉണ്ടാവുക. വിത്തുകൾ വഴിയാണ് പ്രത്യുൽപാദനം. വളരെ ചെറിയ വിത്തുകളാണ് ഇവയുടെ.
ഉഷ്ണമേഖലാ സസ്യമായതു കൊണ്ടുതന്നെ നല്ല സൂര്യപ്രകാശം വേണം ഇവയ്ക്ക്. അതുപോലെ നല്ല നീർവാർച്ചയുമുള്ള സ്ഥലമായിരിക്കണം. എട്ട് ആഴ്ചയോളം വരെ വാടാതെ നിൽക്കും ഇവയുടെ പൂക്കൾ. പിങ്ക്, വയലറ്റ്, ഓറഞ്ച്, ചുവപ്പ്, മഞ്ഞ, എന്നീ നിറങ്ങളിലെല്ലാമുള്ള കോഴിപ്പൂക്കളെ നമുക്ക് കാണാം.
ആഫ്രിക്കയിലെ കൃഷിയിടങ്ങളിൽ ഒരുകാലത്ത് ഒത്തിരി ശല്യം ഉണ്ടാക്കിയിരുന്ന ഒരു ചെടിയുണ്ടായിരുന്നു. സ്ട്രൈഗ എന്നാണ് ആ ചെടിയുടെ പേര്. ഒരു പാരസിറ്റിക്ക് ചെടി ( ഭക്ഷണത്തിനായി മറ്റു ചെടികളെ ആശ്രയിക്കുന്നവ ). ഇവയുടെ വളർച്ചയെ തടയുന്നതിനുവേണ്ടി കോഴിപ്പൂവിനെയായിരുന്നു അന്ന് ഉപയോഗിച്ചത്. കോഴിപ്പൂവിന്റെ അടുത്ത് ഈ ചെടികൾക്ക് വളരുവാൻ സാധിക്കില്ല.
Discussion about this post