പത്തനംതിട്ട: കോന്നിയിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമഉള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘കോന്നി ഫിഷ്’ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 10ന് നടക്കും.
ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജലകൃഷി വികസന ഏജന്‍സിയുടെ (അഡാക്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി ആനത്തോട് ഡാം റിസര്‍വോയറിന്റെ മധ്യഭാഗത്തായി 100 കൂട് സ്ഥാപിച്ച് അതിലാണ് മത്സ്യകൃഷി ആരംഭിക്കുന്നത്. നാല് കോടി രൂപയാണ് പദ്ധതി ചെലവ്. ഓരോ കൂടിനും ആറു മീറ്റര്‍ നീളവും, നാലു മീറ്റര്‍ വീതിയും, നാല് മീറ്റര്‍ താഴ്ചയും ഉണ്ടാകും. ഹൈ ഡെന്‍സിറ്റി പോളി എഥിലീന്‍ ഉപയോഗിച്ചാണ് കൂട് നിര്‍മിച്ചിരിക്കുന്നത്. ബംഗളുരു ആസ്ഥാനമായുള്ള ആര്‍വിആര്‍ എന്ന കമ്പനിയാണ് കൂടുകളുടെ നിര്‍മാണ കരാറെടുത്ത് പൂര്‍ത്തിയാക്കിയത്.തദ്ദേശീയ മത്സ്യങ്ങളെ മാത്രമായിരിക്കും വളര്‍ത്തുക. അനബാസ് (കൈതക്കോര), കരിമീന്‍ എന്നീ മത്സ്യങ്ങളാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്.
ഒരു കൂട്ടില്‍ 3000 മത്സ്യ കുഞ്ഞുങ്ങളെയാകും നിക്ഷേപിക്കുക. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിച്ച് പദ്ധതി വിപുലമാക്കും. വിളവെടുക്കുന്ന മത്സ്യം കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മത്സ്യഫെഡ് സഹായത്തോടെ സ്ഥാപിക്കുന്ന കേന്ദ്രങ്ങളിലൂടെയായിരിക്കും വിപണനം നടത്തുക. കൂടുകളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു മുതല്‍ അതിന്റെ പരിപാലനത്തില്‍ ഏര്‍പ്പെടുന്ന പട്ടികവര്‍ഗ്ഗ തൊഴിലാളികള്‍ക്ക് പ്രതിദിനം 400 രൂപ വീതം കൂലി ലഭിക്കും. മത്സ്യവിപണനത്തിലൂടെ ലഭിക്കുന്ന ലാഭവും 100 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായിരിക്കും.ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ള പട്ടികവര്‍ഗ കുടുംബങ്ങള്‍ ആനത്തോട് ഡാം പരിസരത്ത് കുടില്‍ കെട്ടി താമസം ആരംഭിച്ചിട്ടുണ്ട്. ഡാമിന്റെ നടുക്കായി തയാറാക്കിയിട്ടുള്ള കൂടുകളിലേക്ക് പോകുന്നതിനാവശ്യമായ മുളം ചെങ്ങാടങ്ങളും ഇവര്‍ തയാറാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം സീതത്തോട് പഞ്ചായത്തിലെ ആനത്തോട് ഡാം പരിസരത്ത് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കോന്നി നിയോജക മണ്ഡലത്തിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ ശാക്തീകരണം മുന്‍നിര്‍ത്തിയും കോന്നിയിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ കോന്നി ഫിഷ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ കൂടും, വളര്‍ത്തലുമെല്ലാം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന മനോഹര കാഴ്ചകളുമാണ്. ഗവിയിലേക്ക് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇത് കാണാനും, മത്സ്യ വിഭവങ്ങള്‍ തയാറാക്കി നല്കാനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കുന്നുണ്ട്.പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ച് നടപ്പാക്കുന്ന ‘കോന്നി ഫിഷ്’ പദ്ധതി നാടിന് ഒരു മാതൃകയായി മാറുമെന്ന് എംഎല്‍എ പറഞ്ഞു.
Discussion about this post