ജീവന്‍ തുടിക്കുന്ന ശില്പമാണ് കൊക്കേടമ. കണ്ടാല്‍ ഭൂമിയുടെ ഒരു പകര്‍പ്പ് പോലെ തോന്നും. പച്ചപ്പായല്‍ പന്തിന് മുകളില്‍ ഒരു ചെടി കൂടിയായാല്‍ ഏതൊരാളെയും ആകര്‍ഷിക്കുന്ന കൊക്കേടമ ശില്പങ്ങള്‍ തയ്യാറാകും. കൃഷിയിലെ ഈ കലാസൃഷ്ടി ഉത്ഭവിച്ചത് ജപ്പാനില്‍ നിന്നാണ്. പായല്‍ പന്ത് എന്നാണ് കൊക്കേടമയുടെ അര്‍ത്ഥം. പാവപ്പെട്ടവന്റെ ബോണ്‍സായി എന്നും കൊക്കേടമ അറിയപ്പെടുന്നുണ്ട്.ചെടിച്ചട്ടി ഇല്ലാതെതന്നെ അലങ്കാരസസ്യങ്ങള്‍ കൃഷി ചെയ്യാനുള്ള ഒരു മാര്‍ഗം കൂടിയാണിത്.
അധികചെലവുകള്‍ ഒന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തില്‍ കൊക്കേടമ ഏതൊരാള്‍ക്കും തയ്യാറാക്കാം. മണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ്, ഒരു അലങ്കാരച്ചെടി, പച്ച കോട്ടണ്‍ തുണി, പായല്‍, പച്ച നൂല് എന്നിവയാണ് കൊക്കേടമ തയ്യാറാക്കാന്‍ വേണ്ടത്. മതിലുകളിലും നനവുള്ള ഇടങ്ങളിലും സാധാരണയായി കാണപ്പെടുന്ന പച്ചപ്പായല്‍ ഇതിനായി ഉപയോഗിക്കാം.
തയ്യാറാക്കുന്ന വിധം.
മണ്ണും ചാണകപ്പൊടിയും കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് കുഴച്ചെടുക്കണം. ചാണകപ്പൊടിയും കമ്പോസ്റ്റും ലഭ്യമല്ലെങ്കില്‍ മേല്‍മണ്ണ് മാത്രം ഉപയോഗിച്ചാല്‍ മതിയാകും. ഈ മണ്‍ പന്തിന് മുകളില്‍ പന്തിന്റെ വലിപ്പത്തിനുതകുന്ന ഏതെങ്കിലും അലങ്കാരച്ചെടി നട്ടു പിടിപ്പിക്കാം. ശേഷം പന്തിന് മുകളില്‍ പച്ച കോട്ടണ്‍ തുണി കൊണ്ട് പൊതിയാം. ഇത് നന്നായി നൂല് ചുറ്റി ഉറപ്പിക്കണം.കോട്ടണ്‍ തുണിക്ക് മുകളില്‍ പച്ചപ്പായല്‍ പൊതിഞ്ഞെടുക്കണം. പച്ച നൂല്‍കൊണ്ട് നന്നായി ചുറ്റി പായല്‍ ഉറപ്പിക്കാം. ഈ പായല്‍ പന്തുകള്‍ ഉറികള്‍ പോലെ കെട്ടി തൂക്കുകയോ പാത്രങ്ങളില്‍ സൂക്ഷിക്കുകയോ ആവാം.
പായല്‍ പച്ചയായി തന്നെ നിലനില്‍ക്കാന്‍ ദിവസവും രണ്ടു തവണ വെള്ളം സ്‌പ്രേ ചെയ്ത് കൊടുക്കാന്‍ ശ്രദ്ധിക്കണം. അലങ്കാരച്ചെടികള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായ കൊക്കേടമ ശില്പങ്ങള്‍ പൂന്തോട്ടങ്ങള്‍ക്ക് മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല.
Discussion about this post