ചിത്രക എന്ന സംസ്കൃത നാമത്തിൽ അറിയപ്പെടുന്ന കൊടുവേലി, പ്ലംബാഗോ എന്ന ജനുസ്സിൽ പെട്ട ചെടിയാണ്. 150 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. നീലക്കൊടുവേലി, വെള്ളക്കൊടുവേലി, ചെത്തിക്കൊടുവേലി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള കൊടുവേലികളുണ്ട്. ഇവ മൂന്നും ഔഷധയോഗ്യമാണെങ്കിലും കേരളത്തിൽ കൂടുതലായി കൃഷി ചെയ്തുവരുന്നത് ചെത്തിക്കൊടുവേലിയാണ്.
കിഴങ്ങുകൾ പോലെ വണ്ണമുള്ള വേരുകളിൽ അടങ്ങിയിട്ടുള്ള പ്ലംബാജിൻ എന്ന പദാർത്ഥം പല രോഗങ്ങളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ചർമരോഗങ്ങൾക്കും ദഹന പ്രശ്നത്തിനും ആയുർവേദകൂട്ടുകളിലെ ചേരുവയായി ചെത്തിക്കൊടുവേലി ഉപയോഗിക്കുന്നു. ക്യാൻസർ രോഗ ചികിത്സക്കും ഈ സസ്യത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. ചിത്രകാസവം, താലീസപത്രാദി ചൂർണ്ണം, യോഗരാജ ചൂർണ്ണം, ദശമൂലാരിഷ്ടം എന്നിവയുടെ ചേരുവയാണ് ചെത്തിക്കൊടുവേലി. മന്ത്, കൃമിശല്യം, ദുർമേദസ്, നീര്, പനി എന്നിവ ശമിപ്പിക്കാനും കഴിവുണ്ട്.
ഉഷ്ണമേഖലാപ്രദേശങ്ങളിൽ നന്നായി വളരുന്ന ചെടിയാണിത്. നീർവാർച്ചയുള്ള മണ്ണ് വേണം. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാം. പന്നി, എലി തുടങ്ങിയവയുടെ ശല്യം കൂടുതലുള്ള കൃഷിയിടങ്ങളിൽ വേലിയായി വളർത്തുന്നത് ഏറെ ഗുണകരമാണ്. ഇവയുടെ വേരിൽ നിന്നുള്ള പാലിന്റെ ഗന്ധവും നീറ്റലും ശല്യക്കാരായ മൃഗങ്ങളെ അകറ്റിനിർത്തും. ഒപ്പം ഇവയുടെ വേരുകൾ ശേഖരിച്ച് വിപണിയിലെത്തിച്ചാൽ അതിൽ നിന്ന് വരുമാനവും ലഭിക്കും.
കമ്പുകളാണ് നടാനായി ഉപയോഗിക്കുന്നത്. രണ്ടുവർഷംകൊണ്ടാണ് കൊടുവേലി വിളവെടുക്കാനാവുക. അതിനാൽ ആദ്യ വർഷത്തിന്റെ അവസാനത്തിൽ കമ്പുകൾ ശേഖരിച്ച് വേരുപിടിപ്പിച്ച് അടുത്ത വർഷത്തേക്ക് നടാനായി ഉപയോഗിക്കാം. 2 മുതൽ 3 വരെ മുട്ടുകളുള്ളതും ഒരുപാട് ഇളയതോ മുറ്റിയതോ അല്ലാത്തതുമായ കമ്പുകളാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. കമ്പുകളോ വേരു പിടിപ്പിച്ച തൈകളോ കൃഷിയിടങ്ങളിൽ നടേണ്ടത് ജൂൺ- ജൂലൈ മാസത്തിലാണ്. നടുമ്പോൾ ചെടികൾ തമ്മിലും വരികൾ തമ്മിലും 10 സെന്റീമീറ്റർ ഇടയകലം നൽകാൻ ശ്രദ്ധിക്കണം. അഞ്ചുവർഷത്തോളം ആയുസ്സുള്ള ചെടിയാണ് കൊടുവേലി. എന്നാൽ രണ്ടാം വർഷത്തിന്റെ അവസാനം തന്നെ കിഴങ്ങ് പഠിച്ചെടുക്കാവുന്നതാണ്. കിഴങ്ങിന്റെ നീര് ശരീരത്തിൽ തട്ടിയാൽ തീപ്പൊള്ളലേറ്റത് പോലെ കുമിളക്കും. അതിനാൽ വിളവെടുക്കുമ്പോൾ തീർച്ചയായും കൈയുറ ധരിച്ചിരിക്കണം.
വേരുകൾ കഷണങ്ങളാക്കി മുറിച്ച് മൂന്ന് മുതൽ നാല് ശതമാനം വരെ വീര്യമുള്ള ചുണ്ണാമ്പ് വെള്ളത്തിൽ രണ്ട് മണിക്കൂർ മുക്കിവയ്ക്കണം. വേരുകളിലുള്ള പ്ലംബാജിൻ എന്ന ഘടകം ചുണ്ണാമ്പ് വെള്ളത്തിന്റെ നിറം ചുപ്പാക്കി മാറ്റും. ഈ സമയത്ത് വേരുകൾ ചുണ്ണാമ്പ് വെള്ളത്തിൽ നിന്നും മാറ്റി വൃത്തിയുള്ള വെള്ളത്തിൽ കഴുകി എടുക്കണം. ഇത് വീണ്ടും പുതിയ ചുണ്ണാമ്പ് വെള്ളത്തിലേക്ക് മുക്കി വയ്ക്കണം. ചുണ്ണാമ്പ് വെള്ളം നിറം മാറാതിരിക്കുന്നതുവരെ ഈ പ്രക്രിയ തുടരണം. ഈ രീതിയിലാണ് വേരുകൾ ശുദ്ധീകരിക്കേണ്ടത്.
അഗ്നി, മൃദുല എന്നിവ ചെത്തിക്കൊടുവേലിയുടെ അത്യുൽപാദനശേഷിയുള്ള ഇനങ്ങളാണ്.
Discussion about this post