ഭക്ഷണാവശിഷ്ടങ്ങള്‍ പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ചും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്. അവര്‍ക്ക് പ്രയോജനപ്രദമാകുന്നതാണ് കിച്ചണ്‍ ബിന്‍ കമ്പോസ്റ്റ്. വീട്ടില്‍ വളരെ എളുപ്പത്തില്‍ കിച്ചണ്‍ ബിന്‍ കമ്പോസ്റ്റ് ഉണ്ടാക്കാം. ഒരു ബക്കറ്റില്‍ പ്ലാസ്റ്റിക് ചാക്ക് ഇറക്കിവച്ച് വളരെ എളുപ്പത്തില്‍ ചെയ്യാനാകുന്ന കമ്പോസ്റ്റിംഗ് രീതി ആണിത്. അണുകുടുംബങ്ങളില്‍ വളരെ ഫലപ്രദമായി ജൈവമാലിന്യത്തെ കമ്പോസ്റ്റാക്കി മാറ്റാന്‍ ഇത് തന്നെ ധാരാളം. മുറ്റം ഇല്ലാത്തവര്‍ക്കും ഏറ്റവും പ്രയോജനപ്പെടുന്ന മാര്‍ഗ്ഗമാണിത്.
ഇതിനായി ആദ്യം ഒരു ബക്കറ്റ് വേണം. ഇനി ഇതിനുള്ളിലേക്ക് ഒരു പ്ലാസ്റ്റിക് ചാക്ക് ഇറക്കി വയ്ക്കണം. ഉണക്കപ്പുല്ല്, കരിയില, മരപ്പൊടി, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവയില്‍ നമുക്ക് ലഭ്യമായ ഏതെങ്കിലും ഒന്ന് ഒന്നരയിഞ്ച് കനത്തില്‍ ചാക്കിന്റെ അടിയില്‍ വിതറാം.
വീട്ടില്‍ അധികം വരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഇതിന് മുകളിലേക്ക് ഇടാം. ഇനി ഇതിന് മുകളിലേക്ക് വീണ്ടും മരപ്പൊടിയോ ചകിരിച്ചോറോ വിതറണം. ഇത് എല്ലാ ദിവസവും ആവര്‍ത്തിക്കാം. വല്ലപ്പോഴുമൊക്കെ കമ്പുകൊണ്ടോ തവി കൊണ്ടോ പഴയതും പുതിയതുമായ മാലിന്യം ഇളക്കിച്ചേര്‍ക്കണം.
ചാക്ക് നിറയുന്നത് വരെ ഈ രീതി തുടരാം. ചാക്ക് നിറയുമ്പോള്‍ ഈ ചാക്ക് മാറ്റി മറ്റൊരു ചാക്ക് ബക്കറ്റിലേക്ക് ഇറക്കി ഇത് ആവര്‍ത്തിക്കാം. ആദ്യത്തെ ചാക്ക് അറുപത് ദിവസത്തോളം അങ്ങനെ തന്നെ വെക്കണം. അതിന് ശേഷം തുറന്നെടുത്ത് കഴിഞ്ഞാല്‍ ഒന്നാന്തരം ജൈവവളമാണത്. ചെടികളുടെ ചുവട്ടിലിട്ടാല്‍ നല്ല ഭംഗിയുള്ള പൂക്കളും പച്ചക്കറിത്തോട്ടത്തില്‍ ഇട്ട് കൊടുത്താല്‍ നല്ല പോഷകസമൃദ്ധമായ പച്ചക്കറികളും പഴങ്ങളുമൊക്കെയായി ലഭിക്കും.
Discussion about this post