2022 -ഓടു കൂടി കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്ത് ‘കിസാൻ റെയിൽ’ ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിച്ചു. മഹാരാഷ്ട്രയിലെ ദേവ്ലാലിയിൽ നിന്നും ബീഹാറിലെ ധാനാപൂരിലേക്കാണ് ആദ്യത്തെ സർവീസ് നടത്തിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വീഡിയോ കോൺഫറൻസിങ് വഴിയാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.
സംഭരണ കാലാവധി തീരെ കുറഞ്ഞ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ചിലവിലും സമയപരിധിയിലും ദൂരസ്ഥലങ്ങളിൽ എത്തിക്കുക എന്നതാണ് കിസാൻ റെയിലിന്റെ ലക്ഷ്യം. ഒപ്പം പാൽ, മത്സ്യം, മാംസം എന്നിവയുടെ ഗതാഗതവും സാധ്യമാകും. ഇതിനായി ശീതീകരണ സൗകര്യമുള്ള കോച്ചുകളും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആഴ്ചയിലൊരിക്കലുള്ള സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.നിലവിൽ 1519 കിലോമീറ്റർ സർവീസ് നടത്തുന്ന ട്രെയിൻ ഏകദേശം 31 മണിക്കൂർ കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത്. വൈകാതെ സർവീസുകൾ മറ്റു സോണുകളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമുണ്ട്.
Discussion about this post