രാജസ്ഥാന്റെ സംസ്ഥാന വൃക്ഷമാണ് ഖേജരി . പ്രോസോപ്പീസ് സിനറേറിയ എന്നാണ് ശാസ്ത്രനാമം. പയർ ചെടിയുടെ കുടുംബാംഗം. ഖേജരി മരങ്ങളെ പറ്റി പറയുമ്പോൾ അതിനൊപ്പം പറയേണ്ട ഒരു ത്യാഗത്തിന്റെ കഥയുണ്ട്. അമൃതാദേവി ബിഷ്ണോയിയുടെ ജീവത്യാഗത്തിന്റെ കഥ. പുതിയ കൊട്ടാരത്തിലേക്ക് വഴി വെട്ടുന്നതിനായി ഖേജരി മരങ്ങളെ വെട്ടി കളയുവാൻ മഹാരാജാവ് കല്പിച്ചപ്പോൾ മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് രാജാവിനെ എതിർത്ത ധീരവനിതയാണ് അമൃതാദേവി. അതിന്റെ ഫലമായി അമൃതാദേവിയും അദ്ദേഹത്തിന്റെ നാല് പെൺമക്കളും അതുപോലെതന്നെ ബിഷ്ണോയി സമൂഹത്തിലെ ഒട്ടനവധി ആളുകളും രാജാവിന്റെ വാളിനിരയായതായാണ് ചരിത്രം. 1730 ൽ നടന്ന ഈ ത്യാഗമാണ് പിന്നീട് ചിപ്കോ മൂവ്മെൻന്റിന് അടിസ്ഥാനമായത്. മരം വെട്ടുന്നതിന് എതിരെ മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് നടത്തുന്ന പ്രതിഷേധമാണത്. അമൃതാദേവിയുടെ ഓർമ്മയ്ക്കായി കേന്ദ്രസർക്കാർ അമൃതാദേവി ബിഷ്ണോയി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ അവാർഡും നൽകിവരുന്നു.
നിത്യഹരിത വൃക്ഷമാണ് ഖേജരി . വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ ഒരു അനുഗ്രഹമാണ് ഈ വൃക്ഷം. വരൾച്ചയെ നേരിടാനുള്ള കഴിവുള്ളതുകൊണ്ട് വളരെയധികം പാരിസ്ഥിതിക പ്രാധാന്യം ഇതിനുണ്ട്. ഇവയുടെ കുരു ഭക്ഷ്യയോഗ്യമാണ്. തടി വിറകിനായും ഉപയോഗിക്കുന്നുണ്ട്. ഇലകൾ കാലിത്തീറ്റയായും ഉപയോഗിക്കുന്നു. മരുഭൂമികളിൽ മരുവൽക്കരണം തടയുന്നതിന് ഇവ വച്ച് പിടിപ്പിക്കാറുണ്ട്. ആസ്മ, കുഷ്ഠം പോലെയുള്ള രോഗങ്ങൾക്ക് ഔഷധ നിർമ്മാണത്തിനായും ഖേജരി ഉപയോഗിക്കുന്നുണ്ട്.
Discussion about this post