ഓണം എന്നു പറയുമ്പോഴേ മലയാളികളുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നതാണ് കേരളീയ സദ്യ. എന്നാൽ ഈ സദ്യയിൽ വിളമ്പുന്ന വിഭവങ്ങളെക്കുറിച്ചും അതിനു പിന്നിലുള്ള ശാസ്ത്രത്തെക്കുറിച്ചും, വിഭവങ്ങൾ വിളമ്പേണ്ട രീതിയെ കുറിച്ചും നിങ്ങൾക്കറിയാമോ..
പ്രധാനമായും കേരളീയ സദ്യയിലെ വിഭവങ്ങളെ നാലായി തിരിക്കുന്നു. സദ്യയിൽ ആദ്യം വിളമ്പുന്ന എന്താണ്, ചോറ്. ഒട്ടും കുഴഞ്ഞു പോകാതെ നല്ല വെന്ത ചോറിനെ ദേവപാകം എന്നാണ് പറയുന്നത്. ഇത് ഭോജ്യം എന്ന ആദ്യഘട്ടത്തിൽ വരുന്നതാണ്. ഇനി രണ്ടാംഘട്ടമാണ് ഖാദ്യം. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് നാലു കറികളാണ്. കാളൻ, ഓലൻ,എലിശ്ശേരി, ശർക്കര വരട്ടി. മൂന്നാംഘട്ടത്തിലാണ് തൊട്ട് നക്കുന്ന വിഭവങ്ങൾ ഉൾപ്പെടുന്നത്. ഇതിൽ നമുക്ക് പ്രിയപ്പെട്ട പായസവും ഉൾപ്പെടും. നാലാം ഘട്ടമാണ് കുടിക്കുന്ന വിഭവങ്ങൾ. അതായത് സംഭാരം. നമ്മുടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്ന സംഭാരം കൂടി സദ്യയിൽ ചേർക്കുമ്പോൾ മാത്രമേ പോഷകസമൃദ്ധമായ സദ്യ എന്ന വാക്കിന് അർത്ഥം ഉണ്ടാവുകയുള്ളൂ. സദ്യ ഒരു ചികിത്സ കൂടി ആണെന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്. പായസം കുടിക്കുമ്പോൾ അതിലെ ശർക്കരയും നാളികേരവും ഒരു വ്യക്തിക്ക് ഊർജ്ജം പ്രദാനം ചെയ്യുന്നു എന്നാണ് പറയുന്നത്. മോര് ചേർത്തുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ അത് ദഹന പ്രക്രിയയെ സുഗമമാക്കുന്നു. കുരുമുളകും തൈരും ചേർത്ത് അതായത് കാളൻ പോലുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ അത് നമ്മുടെ വായു പിത്ത കഫ ദോഷങ്ങളെ ഇല്ലാതാക്കുന്നു.
ഇനി സദ്യയിൽ ഓരോന്ന് വിളമ്പുന്ന രീതിയെ കുറിച്ച് പറയാം. ഇലയുടെ അഗ്രഭാഗം ഇടത്തോട്ട് ഇട്ട് ഉണ്ണണം. ഇലയുടെ താഴത്തെ പകുതിയിൽ ഇടതുവശത്ത് ആദ്യം വിളമ്പേണ്ടത് പഴമാണ്. പഴത്തിനോട് ചേർന്ന് വശത്ത് ശർക്കര വരട്ടിയും കായ വറുത്തതും ഇടാം. ഇലയുടെ വലതുഭാഗത്താണ് പപ്പടം വിളമ്പേണ്ടത്. പപ്പടം വിളമ്പി കഴിഞ്ഞാൽ നാരങ്ങ കറി, മാങ്ങ കറി പുളിയിഞ്ചി, തോരൻ, ഓലൻ, കാളൻ, അവിയിൽ, കൂട്ടുകറി, പച്ചടി കിച്ചടി തുടങ്ങിയവ യഥാക്രമം വിളമ്പുന്നു. ഒരു വ്യക്തി ഇരുന്നതിനു ശേഷം മാത്രമേ ചോറ് വിളമ്പാവൂ. ചോറ് വിളമ്പിയാൽ അതിൻറെ വലത്തെ പകുതിയിൽ പരിപ്പും നെയ്യും ഒഴിക്കണം. പരിപ്പിന് പിന്നാലെയാണ് സാമ്പാർ വിളമ്പേണ്ടത്. ചോറ് പകുതി ആവുമ്പോഴാണ് രസം വിളമ്പേണ്ടത്. അവസാനമാണ് പായസത്തിന് സ്ഥാനം. പായസത്തിന് മുൻപ് അതിനുശേഷം സംഭാരം കുടിക്കാം. സദ്യയുടെ ഏറ്റവും അവസാനമാണ് പഴം കഴിക്കേണ്ടത്. വായു കോപം ഇല്ലാതെ ദഹിക്കാൻ പഴം ഉത്തമമാണ്.
Discussion about this post