അനേകം മണ്ണിനങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം. എക്കൽ മണ്ണ്, ചെമ്മണ്ണ്, കറുത്ത പരുത്തി മണ്ണ്, വെട്ടുകൽ മണ്ണ് എന്നിങ്ങനെയുള്ള മണ്ണിനങ്ങൾ കാണാനാകും. എങ്കിലും ഏറ്റവുമധികം കാണപ്പെടുന്നത് വെട്ടുകൽ മണ്ണാണ്. മഞ്ഞ കലർന്ന ചുവപ്പു നിറത്തിലുള്ള വെട്ടുകൽ മണ്ണിൽ ഇരുമ്പിന്റേയും അലൂമിനിയത്തിന്റേയും അംശം കൂടുതലായി അടങ്ങിയിട്ടുണ്ട്. ചരൽ കലർന്ന മണ്ണാണിത്. ജൈവാംശം തീരെ കുറവാണ്. നല്ല മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സാധാരണയായി വെട്ടുകൽ മണ്ണ് കാണപ്പെടുന്നത്. ഈ മണ്ണിന് അമ്ലസ്വഭാവം കൂടുതലായിരിക്കും. ജലം, മൂലകങ്ങൾ എന്നിവ പിടിച്ചു നിർത്തുവാനുള്ള ശേഷി വെട്ടുകൽമണ്ണിന് നന്നേ കുറവാണ്. കാൽഷ്യം. മഗ്നീഷ്യം, പൊട്ടാസ്യം എന്നീ മൂലകങ്ങളുടെ അളവും വെട്ടുകൽ മണ്ണിൽ വളരെ കുറവാണ്. വളരെ വേഗത്തിൽ മണ്ണൊലിപ്പിന് വിധേയമാകുകയും ചെയ്യും. നല്ല നീർവാർച്ചയുള്ളതും ഉയർന്ന തോതിൽ ഫോസ്ഫറസ് അടങ്ങിയിട്ടുള്ളതുമായ വെട്ടുകൽ മണ്ണിൽ മറ്റ് മൂലകങ്ങളുടെ അളവ് താരതമ്യേന കുറവാണ്.
കേരളത്തിൽ ഏറ്റവുമധികമായി കാണപ്പെടുന്ന വെട്ടുകൽ മണ്ണിന്റെ ന്യൂനതകൾ പരിഹരിച്ച് വിജയകരമായി കൃഷി ചെയ്യുന്നതിനായി മണ്ണ് പരിശോധന നടത്തേണ്ടതുണ്ട്. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ തോതിൽ വളങ്ങൾ ചേർത്തു കൊടുക്കാം. ഒപ്പം കുമ്മായം, ജൈവ വളങ്ങൾ, കമ്പോസ്റ്റ്, പച്ചില വളങ്ങൾ എന്നിവയുടെ ഉപയോഗവും മണ്ണിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കും.
Discussion about this post