തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച 2020 – 21 ലെ ബജറ്റിൽ കാർഷിക മേഖലയെ സഹായിക്കുന്ന രണ്ട് പ്രധാന പദ്ധതികളാണ് കേരള ഫുഡ് പ്ലാറ്റ്ഫോമും സാമൂഹ്യ ഡ്രിപ്പ് ഇറിഗേഷൻ പദ്ധതിയുടെ വ്യാപനവും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയം കണ്ട രണ്ട് പദ്ധതികളും കൂടുതൽ കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വ്യാപിപ്പിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്.
കർഷകരുടെ കൂട്ടായ്മയിൽ പച്ചക്കറിക്കും ഫലവൃക്ഷങ്ങൾക്കും ഡ്രിപ്പ്
ഇറിഗേഷൻ സങ്കേതം നടപ്പാക്കുന്നതിനുള്ള പദ്ധതിയാണ് സാമൂഹ്യ സൂക്ഷ്മ കണികാ ജലസേചനം. പാലക്കാട്
ചിറ്റൂർ, വടകരപതി മേഖലയിലെ കർഷകർ നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. 14 ജില്ലകളിലും ഈ
മാതൃകയിൽ 50 ഏക്കർ വീതം സംയോജിത സാമൂഹ്യ സൂക്ഷ്മ കണികാ ജലസേചനപദ്ധതി ഈ വർഷം നടപ്പാക്കുന്നതിന് 14 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ഉൽപ്പാദനക്ഷമത ഇരട്ടിയിലേറെ വർദ്ധിക്കുകയും, വെെദ്യുതി ചെലവിലും കള നിയന്ത്രണ ചെലവിലും 50 ശതമാനത്തോളം കുറവ് വരുത്തുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
ചെറുകിട കർഷകർ ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറി വിളകളിൽ കുടുംബാവശ്യം കഴിഞ്ഞുള്ള മിച്ചം ഒരു പ്ലാറ്റ്ഫോമിൽ സമാഹരിക്കുവാൻ ലക്ഷ്യമിട്ടാണ് കേരള ഫുഡ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. കേരള
ഡെവലപ്പ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) ന്റെ നേതൃത്വത്തിലാണ് യൂബർ മാതൃകയിലുള്ള ഈ ഓൺലൈൻ ആപ്പ് സംവിധാനം പ്രാവർത്തികമാക്കിയത്. കർഷകർ, കോ-ഓപ്പേററ്റീവ് സൊസൈറ്റികൾ ബാങ്കുകൾ, മറ്റ് ഉൽപ്പാദകർ, വൻകിട – ചെറുകിട കച്ചവടക്കാർ, ഉപേഭാക്താക്കൾ എന്നിവരെ ഒരു ശൃംഖലയിൽ എത്തിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
ജൈവ ഉൽപ്പന്നങ്ങൾ ആവശ്യക്കാരിലെത്തിക്കാനും കർഷകർക്ക് വിപണി ഉറപ്പിക്കാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ഉൽപ്പന്നങ്ങൾ എവിടെ, എപ്പോൾ, എങ്ങനെ ഉൽപ്പാദിപ്പിക്കപ്പട്ടുവെന്ന
വിശദാംശങ്ങളും ഇതിൽ അറിയാം. പങ്കാളിത്ത ഗ്യാരണ്ടി സ്കീം അനുസരിച്ചുള്ള
ഗുണമേന്മ സർട്ടിഫിക്കേഷൻ സംവിധാനവും കേരള ഫുഡ് പ്ലാറ്റ്ഫോമിൽ
ഉണ്ടാകും.
എറണാകുളം ജില്ലയിലെ പള്ളിയാക്കൽ സഹകരണ ബാങ്ക് നടപ്പിലാക്കിയ സംയോജിത കൃഷിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നിലവിൽ കേരള ഫുഡ് പ്ലാറ്റ് ഫോമിലൂടെ വിപണനം ചെയ്യുന്നുണ്ട്. തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഗ്രീൻ ആർമി, മഹിള കിസാൻ യോജന എന്നീ സംഘങ്ങളിൽ നിന്നുള്ള ജൈവ ഉത്പന്നങ്ങളും പെെലറ്റ് അടിസ്ഥാനത്തിൽ ഏറ്റെടുത്ത് പ്ലാറ്റ്ഫോം വിപുലീകരിക്കും. ക്രമേണ സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും പ്രയോജനപ്പെടുന്ന സംവിധാനമായി ഇതിനെ മാറ്റാനാണ് പദ്ധതി. ഉപഭോക്താക്കൾ ഏറെയുള്ള ഓൺലൈൻ മാർക്കറ്റിലേക്ക് ചെറുകിട കർഷകർക്ക് ധൈര്യപൂർവം കടന്നുചെല്ലാനുള്ള വഴി കൂടിയാണ് കേരള ഫുഡ് പ്ലാറ്റ്ഫോം. പഴങ്ങളും പച്ചക്കറികളും കൂടാതെ പാൽ, മുട്ട, ധാന്യങ്ങൾ തുടങ്ങിയവയും ഈ പ്ലാറ്റ്ഫോമിലൂടെ വിൽക്കുകയും വാങ്ങുകയും ചെയ്യാം. കൂടുതൽ സ്ഥലങ്ങളിൽ ആപ്പിന്റെ സേവനമെത്തുന്നതോടെ കേരളത്തിലെ ചെറുകിട കൃഷിക്കാർക്കും കാർഷിക മേഖലയ്ക്കും ഈ സംവിധാനം പുത്തൻ ഉണർവ്വ് നൽകും .
Discussion about this post