പ്രകൃതി ദുരന്തങ്ങൾ മൂലം കൃഷിനാശം സംഭവിച്ചാൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 27 ഇനം കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കർഷകർക്ക് അവരുടെ വിളകൾ ഈ പദ്ധതി പ്രകാരം ഇൻഷുർ ചെയ്യാം. നെൽകൃഷിയിൽ ഓരോ കർഷകനും, ഗ്രൂപ്പ് ഫാമിംഗ് നിലവിലുള്ള പാടശേഖരങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലും പദ്ധതിയുടെ ഭാഗമാകാം. വിളകൾക്ക് ഉണ്ടാകുന്ന പൂർണ്ണനാശത്തിന് മാത്രമേ നഷ്ടപരിഹാരം ലഭ്യമാകുകയുള്ളൂ. ഭാഗികമായ നഷ്ടം ഇതിൽ കണക്കാക്കില്ല. മാത്രവുമല്ല പ്രീമിയം തുക അടച്ച ദിവസം മുതൽ ഏഴു ദിവസങ്ങൾക്ക് ശേഷം മാത്രമേ നഷ്ടപരിഹാരത്തിന് അർഹത ലഭിക്കുകയുള്ളൂ. നെൽകൃഷിയിൽ നഷ്ടപരിഹാരം കണക്കാക്കുമ്പോൾ 50 ശതമാനത്തിൽ അധികം നാശനഷ്ടം ഉണ്ടായാൽ മാത്രമേ പൂർണ്ണനാശനഷ്ടമായി അത് കണക്കാക്കി നഷ്ടപരിഹാരം ലഭ്യമാക്കുകയുള്ളൂ. കൃഷിഭവൻ വഴി ഈ പദ്ധതിയുടെ ഭാഗമാകാം. പദ്ധതിയിൽ അംഗമാകാൻ ഉദ്ദേശിക്കുന്ന കർഷകൻ ഇതിനായി നിശ്ചയിച്ചിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം കൃഷിഭവനിൽ നൽകിയാൽ മതി. സംസ്ഥാന വിള ഇൻഷുറൻസ് പ്രീമിയം കർഷകർ ഓൺലൈൻ വഴി അടച്ചാൽ മതി.
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ പ്രീമിയം തുക അടയ്ക്കാനുള്ള സംവിധാനവും പോളിസി സർട്ടിഫിക്കറ്റ് ഓൺലൈൻ ലഭ്യമാക്കുവാൻ ഉള്ള സംവിധാനവും 2022 ഒക്ടോബർ 20 മുതൽ എയിംസ് പോർട്ടലിൽ ഫീൽഡ് തലത്തിൽ പ്രവർത്തനക്ഷമം ആയിട്ടുണ്ട്. ഇതിൻറെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നാം തീയതി സെക്രട്ടറിയേറ്റിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദം നിർവഹിച്ചു.
www.aims.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പ്രീമിയം തുക അടയ്ക്കാനുള്ള സൗകര്യം കർഷകർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ വഴിയോ, ഇൻറർനെറ്റ് ബാങ്കിംഗ് വഴിയോ, UPI സൗകര്യങ്ങൾ ഏർപ്പെടുത്തിയോ പ്രീമിയം തുക അടക്കുവാൻ കഴിയും. ഇതിനായി സംസ്ഥാന ട്രഷറി വകുപ്പിന്റെ സൗകര്യങ്ങളാണ് പോർട്ടലിൽ ബന്ധിപ്പിച്ചിരിക്കുന്നത്. AIMS പോർട്ടലിൽ അപേക്ഷ സമർപ്പിച്ച കർഷകരുടെ ലോഗിനിൽ തന്നെയാണ് പുതിയ സൗകര്യവും തയ്യാറാക്കിയിട്ടുള്ളത് അപേക്ഷ സമർപ്പിച്ച് 10 ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി കർഷകർക്ക് തുക അടക്കുവാൻ ഉള്ള സൗകര്യം ലഭ്യമാകും തുക അടച്ച ഉടനെ തന്നെ പോളിസി സർട്ടിഫിക്കറ്റ്,രസീത് എന്നിവ ഓൺലൈനായി കർഷകർക്ക് ലഭിക്കും. പോളിസി സർട്ടിഫിക്കറ്റ്, രസീത് എന്നിവ പിന്നീട് എപ്പോൾ വേണമെങ്കിലും കർഷകന് സ്വന്തം ലോഗിനിൽ നിന്ന് പ്രിൻറ് എടുക്കുവാനും സാധിക്കും. തുക അടച്ച് ഏഴു ദിവസത്തിന് ശേഷം സംഭവിക്കുന്ന വിളനാശങ്ങൾക്ക് നഷ്ടപരിഹാരത്തിനായി കർഷകർക്ക് ഇതേ പോർട്ടൽ വഴി അപേക്ഷിക്കുവാൻ കഴിയുന്നതാണ്. പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ വിളനാശം, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഉണ്ടായ വിളനാശം, നെൽകൃഷിയുടെ രോഗകീട ബാധ കാരണമുള്ള വിളനാശം എന്നിവയ്ക്കാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. വിളനാശം ഉണ്ടായി 15 ദിവസങ്ങൾക്കുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
Discussion about this post