കേരള ബാങ്ക് വഴി കര്‍ഷകര്‍ക്ക് 2000 കോടി വായ്പ നല്‍കും.കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തി. വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും. ക്ഷീര മേഖലയെ ശക്തിപ്പടുത്തുന്നതിനായി പാല്‍ ഉപയോഗിച്ചുളള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഫാക്ടറി ആരംഭിക്കും. കര്‍ഷകരുടെയും കിഫ്ബിയുടെയും പങ്കാളിത്തത്തോടു കൂടി സംയുക്ത സംരംഭമായി 5 അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും .
കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപെട്ടവരെയും ചെറുപ്പക്കാരെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുനതിനും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുനതിനും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനെ നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷി ഭവനുകള്‍ സ്മാര്‍ട്ടാക്കും .
ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനു അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയര്‍ ഹൗസുകളുടെ ഉപയോഗം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃംഖല, മാര്‍ക്കറ്റിംഗ് എന്നിവയുടെ വിവിധ ഘട്ടങ്ങളിലുള്ള ഏകോപനം, ക്ളൗഡ് കമ്പ്യൂട്ടിങ്, ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള ആധുനികവത്ക്കരണം എന്നിവയാണ് ലക്ഷ്യം വെക്കുന്നത്.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയയില്‍ അധിഷ്ഠിതമായ സേവന ശൃംഖല ആരംഭിക്കും. കാര്‍ഷിക ഉല്‍പ്പാദക കമ്പനികളെയും സഹകരണ സംഘങ്ങളേയും,കര്‍ഷക ചന്തകളേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.ഇതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തോട്ടംമേഖലയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ ബാക്കിനില്‍ക്കുന്ന റബ്ബര്‍ സബ്‌സിഡി കുടിശ്ശിക പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കുന്നതിനായി 50 കോടി രൂപയും വകയിരിത്തിയിട്ടുണ്ട്. തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപ വകയിരുത്തി.
പരമ്പരാഗത തോട്ടവിളകള്‍ക്കു പുറമെ പുതിയ വിളകളായ റംബുട്ടാന്‍, അവക്കാഡോ, ഡ്രാഗണ്‍ഫ്രൂട്ട്, മാങ്കോസ്റ്റിന്‍, ലോങ്കന്‍, പുതിയയിനം ഫല വര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്യാനും, വിപണനം ചെയ്യാനും ശേഖരിച്ച് സൂക്ഷിക്കാനും, മൂല്യ വര്‍ദ്ധനവ് ഉറപ്പാക്കാനും കഴിയണം. ഇതിനു ആവശ്യമായ പഠനവും ചര്‍ച്ചയും നടത്തി നയം രൂപീകരിക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ അനുവദിച്ചു .
Discussion about this post