വെള്ളരിവർഗ്ഗ പച്ചക്കറികളിലെ പ്രധാന ശല്യക്കാരാണ് കായീച്ചകൾ. പെൺ ഈച്ചകൾ കായകളുടെ ഉള്ളിൽ മുട്ടകൾ നിക്ഷേപിക്കുകയും മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കായകളുടെ ഉൾഭാഗം തിന്നു നശിപ്പിക്കുകയും ചെയ്യും. ഇതുമൂലം കായകൾ അഴുകി താഴേക്ക് വീഴുന്നു. ഇവയെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് കീടനാശിനിക്കെണികൾ. പൂക്കൾ വിരിയുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ പന്തലുകളിൽ കെണികൾ അവിടവിടെയായി കെട്ടി തൂക്കണം.
കെണികൾ തയ്യാറാക്കുന്ന വിധം
പഴക്കെണി
പഴക്കെണികൾ തയ്യാറാക്കാനായി പ്രധാനമായി വേണ്ടത് ചിരട്ട, പാളയംകോടൻപഴം, കീടനാശിനിത്തരികൾ എന്നിവയാണ്. കാർബോസൾഫാൻ തരികൾ ഇതിനായി ഉപയോഗിക്കാം. പഴം നാലഞ്ച് കഷണങ്ങളായി അല്പം ചരിവോടെ മുറിച്ചെടുക്കുക. ഇത് കീടനാശിനി തരികളിൽ ഒപ്പിയെടുത്തു ഒരു ചിരട്ടയിൽ വച്ച് പന്തലിൽ തൂക്കിയിടാം.
കഞ്ഞിവെള്ള കെണി
കഞ്ഞി വെള്ളത്തിനൊപ്പം 10 ഗ്രാം പൊടിച്ച ശർക്കരയും ഒരുനുള്ള് കാർബോസൾഫാൻ തരിയും അല്പം ഈസ്റ്റും ചേർത്ത് ഇളക്കി ചിരട്ടയിൽ ഒഴിച്ച് പന്തലിനുള്ളിൽ തൂക്കിയിടാം.
തുളസിക്കെണി
ഒരു പിടി തുളസിയില അരച്ചെടുത്ത് അതിനോടൊപ്പം അല്പം വെള്ളവും 10 ഗ്രാം പൊടിച്ച ശർക്കര യും ഒരുനുള്ള് കാർബോസൾഫാൻ തരിയും ചേർത്ത് യോജിപ്പിച്ച് ചിരട്ടയിൽ ഒഴിച്ച് പന്തലിൽ തൂക്കി ഇടാവുന്നതാണ്.
കെണികളിൽ വെള്ളം വറ്റുമ്പോൾ വീണ്ടും നിറച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. കെണികളിലേക്ക് ആകൃഷ്ടരാകുന്ന കായീച്ചകൾ വിഷച്ചാറ് കുടിച്ച് ചത്തുപോകും. ഇതോടൊപ്പം കായകൾ കടലാസുകൊണ്ട് പൊതിയുന്നതും നല്ലതാണ്. ആക്രമണത്തിന് വിധേയമായ കായ്കൾ പറിച്ചെടുത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു നശിപ്പിക്കണം
Discussion about this post