അടുക്കളയിലെ ഔഷധമെന്നാണ് കായം അറിയപ്പെടുന്നത്.വയര്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് കായം. ചെറിയ കുട്ടികളിലെ വയറ് വേദനയ്ക്ക് നേര്‍ത്ത ചുടുള്ള വെള്ളത്തില്‍ പാല്‍ക്കായം കലക്കിക്കൊടുക്കുന്നത് ഏറെ ഫലം ചെയ്യും. നിരവധി ആയുര്‍വേദ മരുന്നുകളിലെ സ്ഥിരം ചേരുവ കൂടിയാണ് കായം. നെയ്യില്‍ വറുത്തോ അല്ലെങ്കില്‍ മറ്റേതിന്റെയെങ്കിലും കൂടെ ഉപയോഗിക്കുന്നതിനാണ് ആയുര്‍വേദ ഗ്രന്ഥങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത്.
ഉദരസംബന്ധിയായതും, വാത – കഫ വികാരങ്ങളെയും ശമിപ്പിക്കാന്‍ കായം ഉപയോഗിക്കുന്നു. കീടങ്ങള്‍ കടിച്ചുണ്ടാകുന്ന വിഷബാധകള്‍ ശമിപ്പിക്കുവാന്‍ പേരയില ചതച്ച് പിഴിഞ്ഞ നീരില്‍ കായം കലക്കിക്കുടിച്ചാല്‍ മതി. എട്ടുകാലി വിഷത്തിന് വെറ്റില, കായം, മഞ്ഞള്‍ എന്നിവ സമം അരച്ച് പുരട്ടിയാല്‍ മതി.
ബഹുവര്‍ഷ ഔഷധിയായ ചെടി ആറ് മുതല്‍ പത്തടി വരെ ഉയരത്തില്‍ വളരും. ചെടിയുടെ ചുവട്ടിലെ വേരില്‍ നിന്നും ഊറി വരുന്ന കറ ഉണക്കിയാണ് കായം നിര്‍മ്മിക്കുക. അഞ്ചു വര്‍ഷത്തെ വളര്‍ച്ച കൊണ്ട് ചെറുവൃക്ഷമാകുന്നതോടെ കിഴങ്ങില്‍ നിന്നും കറ ലഭിക്കും. വേരുകള്‍ മണ്ണിന് പുറത്താക്കിയതിന് ശേഷം വേരിലുണ്ടാക്കുന്ന മുറിവിലൂടെ വരുന്ന കറ മണ്‍പാത്രങ്ങളില്‍ ശേഖരിച്ചുണക്കിയാണ് കായം ഉണ്ടാക്കുന്നത്. അമ്പത് ശതമാനത്തിലധികം അരിപ്പൊടിയും, അറബിക്ക എന്ന പശയും ചേര്‍ത്താണ് കായക്കറ വിപണിയിലെത്തിക്കുന്നത്.
ശുദ്ധമായ കായത്തിലെ അതിരൂക്ഷമായ ഗന്ധം മാറ്റുന്നതിനായാണ് ഇത്തരം ചേരുവകള്‍ ചേര്‍ക്കുന്നത്. വെളുത്ത കായം അല്ലെങ്കില്‍ പാല്‍ക്കായം ആയുര്‍വേദ മരുന്നുകളിലും, കരിങ്കായം പാചകത്തിനുമാണ് ഉപയോഗിക്കുന്നത്.
Discussion about this post