അനേകം ഉപയോഗങ്ങളുള്ള ഒരു സുഗന്ധദ്രവ്യമാണ് കറുവപ്പട്ട അഥവാ സിന്നമൺ. കറിമസാല യിലെ ഒരു പ്രധാന ചേരുവയാണിത്. ഒപ്പം വെള്ളം തിളപ്പിക്കുന്നതിനും വീടുകളിൽ കറുവപട്ട ഉപയോഗിക്കാറുണ്ട്. കറുവപ്പട്ട വാറ്റിയെടുക്കുന്ന തൈലം മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് കറുവപ്പട്ട സാധാരണയായി കൃഷി ചെയ്തുവരുന്നത്. എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ തൊലിയാണ് സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. തൊലിക്കു പുറമേ ഇലയും ഉപയോഗിക്കാറുണ്ട്.. ഒരു മരം നട്ടാൽ വീട്ടിലേക്ക് ആവശ്യമായ കറുവപ്പട്ട നമുക്ക് തന്നെ ശേഖരിക്കാനാകും. കറുവപ്പട്ടയുടെ കൃഷിയും വിളവെടുപ്പ് രീതികളും മനസ്സിലാക്കാം.
ഇനങ്ങൾ
നവശ്രീ, നിത്യശ്രീ, സുഗന്ധിനി എന്നിവയാണ് പ്രധാന ഇനങ്ങൾ
നടീൽ
സാധാരണയായി വിത്ത് ഉപയോഗിച്ചാണ് കറുവപ്പട്ടയുടെ പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നത്. വിളവെടുത്ത ഉടൻതന്നെ തവാരണകളിൽ വിത്ത് പാകാം. ആറുമാസം പ്രായമായ തൈകളെ പോളിത്തീൻ കവറുകളിലേക്കോ ചട്ടികളിലേക്കോ മാറ്റി നടാം. ഒരു വർഷം മുതൽ രണ്ടു വർഷം വരെ പ്രായമുള്ള തൈകളാണ് കൃഷിസ്ഥലത്ത് നടേണ്ടത്. 60 സെന്റീമീറ്റർ വീതിയും ആഴവുമുള്ള കുഴികളിൽ മേൽമണ്ണും ഉണങ്ങിപ്പൊടിഞ്ഞ ഇലകളും നിറച്ചശേഷം തൈകൾ നടുന്നതാണ് നല്ലത്.
വളർച്ചയുടെ ആദ്യഘട്ടത്തിൽ കളകൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. കൃത്യമായി നനയ്ക്കുകയും വേണം. രണ്ടു മൂന്നു വർഷം പ്രായമായ ചെടികളുടെ കൊമ്പ് കോതി ഉയരം നിയന്ത്രിക്കുകയും പാർശ്വ ശാഖകളുടെ എണ്ണം കൂട്ടുകയും ചെയ്യാം.മെയ്-ജൂൺ മാസങ്ങളിൽ ചുവട്ടിൽ ജൈവവളം ചേർത്തു കൊടുക്കാം.
വിളവെടുപ്പ്
മൂന്നു വർഷം പ്രായമായ മരങ്ങളിൽ നിന്നും വിളവെടുത്ത് തുടങ്ങാം. മെയ്, നവംബർ എന്നീ മാസങ്ങളിലായി ഒരു വർഷത്തിൽ രണ്ടു തവണ വിളവെടുക്കാം. പുതിയ ശാഖകൾ തളിരിട്ട ശേഷം ഇളം ചുവപ്പാർന്ന തളിരുകൾ മൂപ്പെത്തി പച്ചനിറമാകുമ്പോഴാണ് വിളവെടുക്കുന്നത്. കൂടാതെ ഈ സമയത്ത് ചെടിയുടെ കറ തൊലിക്ക് അടിയിലൂടെ നന്നായി പ്രവഹിക്കും എന്നതുകൊണ്ട് തൊലി വേഗം മുറിച്ചെടുക്കാൻ കഴിയും.
മൂർച്ചയുള്ള കത്തി കൊണ്ട് തൊലി ചെറുതായി മുറിച്ചു നോക്കുക. തൊലി പെട്ടെന്ന് വിട്ടു പോരുന്നുണ്ടെങ്കിൽ പടവെട്ടാൻ പാകമായി എന്ന് മനസ്സിലാക്കാം. വിളവെടുപ്പ് രാവിലെ നടത്തുന്നതാണ് നല്ലത്. രണ്ടുമുതൽ രണ്ടര സെന്റീമീറ്റർ വരെ വ്യാസമുള്ള കമ്പുകൾ ഒന്നര മുതൽ രണ്ട് മീറ്റർ നീളത്തിൽ മുറിച്ചെടുക്കണം. കൊമ്പുകളിൽ നിന്ന് ചില്ലകളും ഇലകളും മാറ്റിയശേഷം പുറമേയുള്ള തവിട്ടുനിറത്തിലുള്ള തൊലി ചുരണ്ടി മാറ്റാം.തണ്ട് ശക്തിയായി തിരുമ്മി തൊലി വിട്ടു പോരുന്ന തരത്തിലാക്കണം. 30 സെന്റീമീറ്റർ അകലത്തിൽ കമ്പിന് ചുറ്റുമായും പിന്നീട് ഇരു വശത്തുമായും നെടുകയും മുറിവുണ്ടാക്കി വളഞ്ഞ കത്തി കൊണ്ട് തൊലി കമ്പിൽ നിന്നും വേർപ്പെടുത്തണം. നല്ലതും നീളം കൂടിയതുമായ പട്ടകൾ പുറത്തും ചെറിയവ അകത്തും വെച്ച് കൈകൊണ്ട് അമർത്തി ചുരുട്ടി കുഴല് പോലെയാക്കി അറ്റം ഭംഗിയായി വെട്ടിയത്തിനു ശേഷം തണലിൽ ഉണക്കിയെടുക്കാം. നേരിട്ട് വെയിലിൽ ഉണക്കിയാൽ പട്ട ചുക്കിച്ചുളിഞ്ഞ് ഗുണമേന്മ കുറയുന്നതിന് ഇടയാകും.
Discussion about this post