കണ്ണൂർ: കണ്ണൂർ കളക്ടറേറ്റിൽ എത്തുന്ന ഏതൊരാളും ഇപ്പോൾ ഒന്ന് അമ്പരക്കും. കാരണം, മാസങ്ങൾക്ക് മുൻപ് കാട് പിടിച്ചു കിടന്നിരുന്ന കളക്ടറേറ്റ് പരിസരത്ത് ഇപ്പോൾ വിളഞ്ഞു നിൽക്കുന്നത് നല്ല ഒന്നാം തരം ചീരയും വഴുതനയും തക്കാളിയുമൊക്കെയാണ്.
ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസ് ജീവനക്കാരുടെ ഗ്രൂപ്പ് ആയ ‘നന്മ’ യിലെ അംഗങ്ങളാണ് കലക്ടറേറ്റ് വളപ്പിലെ അഞ്ചു സെന്റ് സ്ഥലത്ത് കൃഷിയിറക്കി പൊന്നുവിളയിച്ചത്. രണ്ടു മാസം മുമ്പാണ് സ്ഥലം വൃത്തിയാക്കി ഇവര്‍ കൃഷി ആരംഭിച്ചത്.
ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ വി കെ ദിലീപ് രക്ഷാധികാരിയും എഎസ്ഒ പി പി അഷ്റഫ് കണ്‍വീനറുമായി 17 പേരടങ്ങുന്ന ഗ്രൂപ്പ് ആണ് ‘നന്മ’.
കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു കൃഷി.
കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് കളക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ ഡോ ഹാരിസ് റഷീദ്, പ്രൊജക്ട് ഡയരക്ടര്‍ വി കെ ദിലീപ്, എ എസ് ഒ, പി പി അഷ്റഫ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ രാമകൃഷ്ണന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഗ്രിക്കള്‍ചര്‍ വി കെ രാംദാസ് എ പി ഒ എ ജി ഇന്ദിര, എ ഡി സി അബ്ദുള്‍ ജലീല്‍, എ ഡി എ പ്രദീപ്, അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ വത്സല, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post