അലങ്കാര സസ്യമാണ് കമ്മൽ ചെടി. ബ്ലഡ് ഫ്ളവർ, കോട്ടൺ ബുഷ്, മെക്സിക്കൻ ബട്ടർഫ്ലൈ വീഡ്, സ്കാർലെറ്റ് മിൽക്ക് വീഡ്, എന്നൊക്കെയാണ് ഇംഗ്ലീഷിൽ പേര്. അപ്പോസയനേസിയെ സസ്യ കുടുംബത്തിലെ അംഗമാണ്. അതായത് മിൽക്ക് വീഡ് കുടുംബം. അസ്ക്ലപ്പിയാസ് കുരസാവിക എന്നാണ് ശാസ്ത്രനാമം.
എല്ലായിടങ്ങളിലും വളരെ സാധാരണയായി കാണപ്പെടുന്ന ചെടിയാണിത്. കുടുംബത്തിന്റെ പൊതുസ്വഭാവം കമ്മൽ ചെടിയിലുമുണ്ട്. ഇലയോ തണ്ടോ ഓടിച്ചാൽ പാല് പോലെയുള്ള ദ്രാവകം പുറത്തുവരും. ഒരു മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെടികളാണിവ. വർഷം മുഴുവൻ പൂക്കൾ ഉണ്ടാകും. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, നിറങ്ങളാണ് പൂക്കൾക്ക്. ശലഭ പാർക്കുകളിൽ കമ്മൽ ചെടിയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്.
കമ്മൽ ചെടിയിൽ ഒത്തിരി കാർഡിയാക് ഗ്ലൈക്കോസൈഡുകൾ ഉണ്ട്. അസ്ക്ലപ്പിൻ, കലോട്രോപ്പിൻ, ഉസാരിൻ, എന്നിവയൊക്കെ ഇവയിലുള്ള കാർഡിയാക് ഗ്‌ളൈക്കോസൈഡുകളാണ്. ഇവയെക്കൂടാതെ ഒലിയനോലിക് ആസിഡ്, ബീറ്റസൈറ്റോസ്റ്റിറോൾ, അസ്ക്ലപ്പിൻ, എന്നീ ഘടകങ്ങളും കമ്മൽ ചെടിയിലുണ്ട്.
കമ്മൽ ചെടിയെ പറ്റി പറയുമ്പോൾ അതുമായി ചേർത്തു പറയേണ്ട ഒരു കഥയുണ്ട്. ഒരു ചിത്രശലഭത്തിനെ കഥ. അതായത് രാജശലഭം. മൊണാർച്ച് എന്നാണ് ഇംഗ്ലീഷിൽ പേര്. മിൽക്ക് വീഡ് കുടുംബത്തിലെ സസ്യങ്ങളിൽ മാത്രമേ ഈ ശലഭങ്ങൾ മുട്ടയിടൂ. ഇവയുടെ ലാർവയുടെ ഭക്ഷണമാണ് ഈ കുടുംബത്തിലെ സസ്യങ്ങൾ. എന്തുകൊണ്ടാണ് രാജശലഭങ്ങൾ ഈ ചെടികളിൽ മാത്രം മുട്ടയിടുന്നത്? എന്തുകൊണ്ടാണ് ലാർവ ഈ ചെടികൾ മാത്രം ഭക്ഷിക്കുന്നത്? അതിനും കാരണമുണ്ട്.
മിൽക്ക് വീഡ് ചെടികളിൽ ഒത്തിരി കെമിക്കലുകൾ ഉണ്ട്. ഹൃദയ സ്തംഭനത്തിന് വരെ കാരണമാകാവുന്ന കെമിക്കലുകൾ. ലാർവ ഇവയെ ഭക്ഷിക്കുമ്പോൾ ഈ കെമിക്കലുകൾ ലാർവയുടെ ശരീരത്തിലെത്തുന്നു. പിന്നീട് ഇവ ശലഭങ്ങളായി മാറുമ്പോൾ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഈ കെമിക്കലുകൾ സഹായിക്കും. ശത്രുക്കൾക്ക് വിഷമാണ് രാജശലഭം. രാജശലഭത്തിന്റെ കടുത്ത നിറങ്ങൾ ശത്രുക്കൾക്കുള്ള ഒരു സൂചനയാണ്. എന്നെ തൊട്ടാൽ നിങ്ങൾക്ക് അപകടമാണ് എന്ന് സൂചന.
Discussion about this post