പാലക്കാട് ജില്ലയിലെ പട്ടിത്തറയിലാണ് കദളിവാഴക്കൃഷിയിൽ കർമ്മ വിജയം നേടിയ ടി.വി ചന്ദ്രന്റെ കാർഷികയിടം.
മാതൃകാകർഷകനായ ടി.വി ചന്ദ്രൻ നാല് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് വർഷങ്ങളായ് കദളിവാഴകൃഷിയിൽ കാർഷിക വിജയം തുടരുന്നത്.
എല്ലാ കർഷകരും ഒരേ കൃഷിവിളകൾ ചെയ്ത് വരുന്ന. പ്രാദേശിക പരമ്പരാഗത രീതികളിൽ നിന്ന് മാറി, വൈവിധ്യ വിള വഴികളിലൂടെ സഞ്ചരിച്ചാൽ കാർഷിക വിജയം നേടാം എന്ന, അനുഭവ പാഠമാണ് ഈ കർഷകൻ പറഞ്ഞു തരുന്നത്.
പ്രദേശത്തെ വാഴ കർഷകരെല്ലാം തന്നെ നേന്ത്രവാഴ കൃഷി, കാലങ്ങളായ് ചെയ്ത് വരുമ്പോൾ. ഈ കർഷകനും തുടർന്ന് പോന്നിരുന്ന നേന്ത്രവാഴ കൃഷിയിൽ നിന്നും മാറി ചിന്തിച്ചതാണ് ടി.വി ചന്ദ്രന്റെ ശൈലി.
എല്ലാ കർഷകരും ഒരേ വിള ചെയ്യുമ്പോൾ ഒരേ പ്രദേശത്ത് തന്നെ ഉല്പാദനം കേന്ദ്രീകൃതമാകുമ്പോൾ സ്വാഭാവികമായും വില കുറയുന്നതിനാൽ.പല കർഷകരും പല വിളകൾ ചെയ്യുന്ന ശൈലിയോ,സമിശ്രവിള ശൈലിയോ പാലിക്കണമെന്നാണ് ചന്ദ്രന്റെ പക്ഷം.
നേന്ത്രവാഴ കൃഷി പോലെ വലിയ പരിചരണമോ വളപ്രയോഗമോ കദളിക്ക് ആവശ്യം വരുന്നില്ല. എന്നാൽ, നേന്ത്രകുലയേക്കാൾ കൂടിയ വിലയും കിട്ടുന്നു എന്ന പ്രേത്യകതയും കദളിക്കുണ്ട്.കാര്യമായ രോഗ കീടാക്രമണങ്ങളും ഇല്ല.
അനുഭവത്തിൽ ഇടക്കെങ്ങോ നാലഞ്ച് വാഴകൾക്ക് “പനാമവാട്ടം” വന്ന ഒരോർമ്മയുണ്ട് അത്രമാത്രം. പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ദരുടെ നിർദ്ദേശം പാലിച്ചതോടെ
ലളിതമായ് തന്നെ പരിഹരിക്കാനും കഴിഞ്ഞു.
കദളി ഒരു തവണ കന്നു വെച്ചാൽ മൂന്ന് വർഷം വരെ നിലനിർത്തും.ഇങ്ങിനെ നിലനിർത്തുന്നതിനും ഒരു പ്രത്യേക കാരണമുണ്ട്.
ആദ്യ കന്നിലെ വാഴകൾക്ക് കാര്യമായ വേരോട്ടം കുറഞ്ഞതിനാൽ. കുലകൾക്ക് പൊതുവെ തൂക്കം കുറയുന്നതായാണ് കാണപ്പെടുന്നത്. എന്നാൽ വീണ്ടും വീണ്ടും പൊട്ടി മുളച്ച് വരുന്ന തൈകളിലെ കുലകൾക്ക് തൂക്കം കൂടി വരുന്നതായാണ് അനുഭവം.
ശരിക്ക് പറഞ്ഞാൽ പടുവാഴകളോ, മൈസൂർ വാഴകളോ കൃഷി ചെയ്യുന്ന ലാഘവത്തോടെ കദളിവാഴ കൃഷി ചെയ്യാം. മൈസൂർ വാഴയേക്കാൾ ആറ് ഇരട്ടി വരെ വില പൂജാകദളിക്ക് കിട്ടുന്ന മെച്ചവുമുണ്ട്.
ക്ഷേത്രങ്ങളിലേക്കും മറ്റും കദളിക്കുലകൾ നല്കുവാൻ കരാറെടുത്തവർ, ആഴ്ചയിലൊരിക്കൽ നേരിട്ടെത്തി.അവർ തന്നെ കുല വെട്ടിയെടുത്ത്, തൂക്കി വാഴ തോട്ടത്തിൽ വെച്ച് തന്നെ വില നല്കുന്നു.
ആഴ്ചയിൽ നാനൂറ് മുതൽ അറന്നൂറ് കിലോ വരെ ചുരുങ്ങിയത് ലഭിക്കാറുണ്ട് ഇപ്പോൾ കിലോക്ക് അറുപത് രൂപ വരെ വില ലഭിക്കുന്നുണ്ട്.
മണ്ഡലകാലവും ക്ഷേത്ര ഉത്സവ സീസണിലും വില വീണ്ടും കൂടും.കിലോക്ക് നൂറ്റി മുപ്പത് രൂപ വരെ ചില സമയങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്.
കൂടാതെ വാഴ ഇലകളും വെട്ടാൻ നല്കാറുണ്ട്. ഒരു വർഷത്തേക്ക് വാഴ ഇല വെട്ടുന്നതിന്, പതിനായിരം രൂപ കരാർ ഇനത്തിലും ലഭിക്കുന്നുണ്ട്.
തയ്യാറാക്കിയത്
ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്
കൃഷിഭവൻ
ആനക്കര
Discussion about this post