സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി പുറത്തിറക്കുന്ന ജൈവ് ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലേക്ക്. കമ്പനിയുടെ പുതിയ ജ്യൂസ് പ്ലാന്റിന്റെ ഉദ്ഘാടനം 16ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. ഇതോടൊപ്പം ജൈവ് ബ്രാൻഡിലുള്ള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിന്റെയും പുതിയ ജ്യൂസ് ഉത്പന്നങ്ങളുടെയും കമ്പനി കാമ്പസിൽ അഞ്ചേക്കർ സ്ഥലത്ത് ആരംഭിക്കുന്ന പൈനാപ്പിൾ കൃഷിയുടെ നടീൽ ഉദ്ഘാടനവും നടന്നു.
ലോക്ക് ഡൗൺ കാലത്ത് സംഭവിച്ച തകരാറുകളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയാണ് പുതിയ ജ്യൂസ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചത്. സർക്കാരിന്റെ 100ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കമ്പനിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കമ്പനിയുടെ പ്രവർത്തനം ഊർജ്ജിതമാകുന്നതോടെ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പൈനാപ്പിൾ കർഷകർക്ക് നേട്ടമാകും. എല്ലാ വർഷവും കർഷകർ അഭിമുഖീകരിക്കുന്ന വിലയിടിവിനും നാശനഷ്ടങ്ങൾക്കും ഒരു പരിധിവരെ കമ്പനിയുടെ പ്രവർത്തനംകൊണ്ട് പരിഹാരമാകുന്ന രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് കമ്പനിയിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ജ്യൂസ് ഉത്പന്നങ്ങളും ജൈവ് ഡ്രിങ്കിംഗ് വാട്ടറും വിപണിയിലെത്തിക്കുന്നതോടെ കമ്പനിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാകും.
Discussion about this post