രാസവളങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കി, പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിൽ മണ്ണിന്റെ വളക്കൂറ് നിലനിർത്തുന്നതിന് ജീവാണുവളങ്ങൾ ഏറെ ഫലപ്രദമാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെയുള്ള മൂലകങ്ങൾ ചെടികൾക്ക് ലഭ്യമാക്കുന്നതിനായി വിവിധ ജീവാണുക്കളെ ഉപയോഗിക്കാം. ഒപ്പം ചെടിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നതിനും ജീവാണുക്കളെ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ വിളവും വളർച്ചയും വർധിപ്പിക്കുന്നതിന് മണ്ണിൽ ഉപയോഗിക്കാവുന്ന ജീവാണുക്കളെയും അവയുടെ ഉപയോഗരീതിയും പരിചയപ്പെടാം.
നൈട്രജൻ ജീവാണുവളങ്ങൾ
റൈസോബിയം, അസറ്റോബാക്ടർ, അസോസ്പൈറില്ലം എന്നിങ്ങനെയുള്ള ജീവാണുക്കളെ ചെടികൾക്ക് നൈട്രജൻ ലഭ്യമാക്കുന്നതിനായി ഉപയോഗിക്കാം. അസറ്റോബാക്ടർ അസോസ്പൈറില്ലം എന്നിവ കരകൃഷിയിൽ ഉപയോഗിക്കാം. അസോസ്പൈറില്ലം നെൽകൃഷിക്ക് നല്ലതാണ്. പയർ കൃഷിയിൽ ഉപയോഗിക്കുന്ന നൈട്രജൻ ജീവാണുവളമാണ് റൈസോബിയം
ഉപയോഗരീതി
വിത്തുകൾ വെള്ളമോ കഞ്ഞിവെള്ളമോ ഉപയോഗിച്ച് നന്നായി നനച്ചശേഷം 100 ഗ്രാം വിത്തിന് 10 ഗ്രാം ജീവാണുവളം എന്നതോതിൽ വിത്തുമായി കൂട്ടിയോജിപ്പിച്ച് തണലത്ത് വെച്ച് ഉണക്കി നടാം. 20 കിലോഗ്രാം കമ്പോസ്റ്റിന് ഒരു കിലോ ജീവാണുവളം എന്നതോതിൽ കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടിയുമായി മിക്സ് ചെയ്ത് മണ്ണിൽ ചേർക്കുകയും ചെയ്യാം
ഫോസ്ഫറസ് ജീവാണുവളങ്ങൾ
മണ്ണിലുള്ള ഫോസ്ഫറസിനെ വെള്ളത്തിൽ ലയിക്കുന്ന രൂപത്തിലാക്കി മാറ്റി ചെടികൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന ജീവാണുവളമാണ് ഫോസ്‌ഫോബാക്ടീരിയ . മണ്ണിലെ ഫോസ്ഫറസ് ചെടികൾക്ക് ലഭ്യമാക്കുന്നതിന് വാം അഥവാ മൈകോറൈസയും ഉപയോഗിക്കാവുന്നതാണ്. വേരിന്റെ വളർച്ചയും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും രോഗകാരികളായ കുമിളുകളെ പ്രതിരോധിക്കുന്നതിനും വാം സഹായിക്കും. വിത്ത് നടുന്ന സമയത്ത് ഒരു തടത്തിന് 5 ഗ്രാം എന്ന തോതിൽ ചേർത്തുകൊടുക്കാം. വാം ഉപയോഗിക്കുമ്പോൾ വേരുപടലത്തിന് സാധാരണയേക്കാൾ വളർച്ചയുണ്ടാവുകയും 15 മുതൽ 20 ശതമാനം വരെ വിളവ് വർദ്ധിക്കുകയും ചെയ്യും.
പി ജി പി ആർ മിക്സ് വൺ
അനേകം സൂക്ഷ്മാണുക്കളുടെ ഒരു സമൂഹമാണ് പി ജി പി ആർ മിക്സ് 1. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ചെടിക്ക് ലഭ്യമാക്കുന്നതിന് പി ജി പി ആർ സഹായിക്കും. തന്മൂലം രാസവളങ്ങളുടെ ഉപയോഗം 25 മുതൽ 50 ശതമാനം വരെ കുറയ്ക്കാനാകും. 100 കിലോഗ്രാം കമ്പോസ്റ്റിന് രണ്ട് കിലോ പി ജി പി ആർ മിക്സ് 1 എന്നതോതിൽ മണ്ണിൽ ചേർത്തു കൊടുക്കാം.
പി ജെ പി ആർ മിക്സ് 2
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയ്ക്കും പി ജെ പി ആർ മിക്സ് 2 വളരെ നല്ലതാണ്. 50 മുതൽ 100 ഗ്രാം വരെ പി ജി പി ആർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ വിത്തോ തൈകളോ 20മിനിറ്റ് മുക്കിവച്ചശേഷംനടാം. 20 ഗ്രാം പി ജി പി ആർ മിക്സ് 2 ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയോ ചെടികളുടെ ഇലകളിൽ തളിക്കുകയോ ചെയ്യാം.
നല്ല ജൈവാംശവും ഈർപ്പവുമുള്ള മണ്ണിലാണ് ജീവാണുവളങ്ങൾക്ക് നന്നായി പ്രവർത്തിക്കാനാവുക. ജീവാണുവളം പ്രയോഗിക്കുന്നതിനു മുൻപ് തന്നെ കുമ്മായം ചേർത്ത് മണ്ണിന്റെ അമ്ലത ക്രമീകരിക്കണം. ജീവാണുവളങ്ങൾ ഉപയോഗിച്ചശേഷം രണ്ടാഴ്ചത്തേക്ക് മണ്ണിൽ രാസവളങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കാം.
Discussion about this post