മലയാളിയുടെ വീട്ടുമുറ്റത്തെ അലങ്കാരസസ്യങ്ങളിൽ പ്രധാനിയാണ് മുല്ല. ആകർഷകമായ രൂപവും സുഗന്ധവും മുല്ലയെ മറ്റു സസ്യങ്ങളിൽ നിന്നും വ്യത്യസ്മാക്കുന്നു. എന്നാൽ അലങ്കാര ആവശ്യങ്ങൾക്ക് മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലും മുല്ല മുന്നിൽ തന്നെ. എല്ലാ സമയത്തും മാർക്കറ്റിൽ ഡിമാൻന്റുണ്ട്. അതുകൊണ്ടുതന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കും സാധ്യതയേറെയാണ്. ഇന്ത്യയിൽ ഏറ്റവുമധികം മുല്ല കൃഷി ചെയ്യുന്നത് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ എറണാകുളം, തൃശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ മുല്ലകൃഷിയുണ്ട്. അലങ്കാര ആവശ്യങ്ങളോടൊപ്പം മാല കോർക്കാനും സുഗന്ധതൈലം വേർതിരിക്കാനും മുല്ലപ്പൂക്കൾ ഉപയോഗിക്കാറുണ്ട്. പൂക്കൾ പ്രത്യേകരീതിയിൽ ഉണക്കി തയ്യാറാക്കുന്ന ജാസ്മിൻ ടീ എന്ന ഉൽപ്പന്നത്തിന് വിദേശരാജ്യങ്ങളിൽ ആവശ്യക്കാരേറെയാണ്.
കുറ്റിമുല്ല ( ഗുണ്ടുമല്ലി), പിച്ചകം (പിച്ചി മുല്ല അഥവാ പിച്ചി), കോയമ്പത്തൂർ മുല്ല എന്നിവയാണ് പ്രധാന ജാസ്മിൻ ഇനങ്ങൾ. ഇവയിൽ കുറ്റിമുല്ല, പിച്ചി എന്നിവ കേരളത്തിൽ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്.
നടീൽ
ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലത്താണ് മുല്ലക്കൃഷി ചെയ്യേണ്ടത്. നല്ലനീർവാർച്ചയും വളക്കൂറുമുളള മണൽ കലർന്ന പശിമരാശി മണ്ണാണ് മുല്ല കൃഷിക്ക് ഏറ്റവും നല്ലത്. അമ്ലത്വം 5 മുതൽ 8 വരെയാകാം. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ കൃഷി ചെയ്യാൻ യോജിച്ചതല്ല.
ജലസേചന സൗകര്യം കുറവുള്ള ഇടങ്ങളിൽ ജൂൺ – ഓഗസ്റ്റ് മാസങ്ങളാണ് തൈ നടാൻ നല്ലത്. എന്നാൽ നനയ്ക്കാൻ സൗകര്യമുള്ള ഇടങ്ങളിൽ ഏതു മാസവും തൈകൾ നടാം.നന്നായി കിളച്ച് നിലമൊരുക്കി ഒന്നരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്താണ് തൈകൾ നടേണ്ടത്. തൈകൾ നടുമ്പോൾ ചെടികൾ തമ്മിലും വരികൾ തമ്മിലും ഒന്നര മീറ്റർ അകലം പാലിക്കണം. ഇത്തരത്തിൽ ഒരു സെന്റിൽ 25 മുതൽ 30 കുഴികൾ വരെ എടുക്കാനാകും. തൈ നടുന്നതിന് രണ്ടാഴ്ച മുൻപ് കുഴിയൊന്നിന് 50 ഗ്രാം കുമ്മായം എന്ന തോതിൽ മണ്ണിൽ ചേർത്തു കൊടുക്കണം. ഇങ്ങനെയുള്ള കുഴികളിൽ മുക്കാൽ ഭാഗത്തോളം ജൈവവളം ചേർത്ത് നിറയ്ക്കണം. ഒരു കുഴിക്ക് 15 കിലോഗ്രാം ജൈവവളം വേണ്ടിവരും.
തൈകൾ തയ്യാറാക്കാം
കൂടുതലായി കമ്പുകൾ മുറിച്ചു നട്ട് വേരുപിടിപ്പിച്ചാണ് തൈകൾ തയ്യാറാക്കുന്നത്. ഒപ്പം പതിവച്ചും തൈകൾ ഉണ്ടാക്കാം. മൂന്നുകൊല്ലമെങ്കിലും പ്രായമുള്ള നന്നായി പൂക്കുന്നതും കീടരോഗബാധ ഇല്ലാത്തതുമായ ചെടികളിൽ നിന്നും കമ്പുകൾ ശേഖരിക്കണം. ശിഖരത്തിന്റെ മധ്യഭാഗത്തു നിന്ന് ഏകദേശം രണ്ട് അടിയോളം നീളമുള്ള പെന്സിലിന്റെ വണ്ണമുള്ള കമ്പുകൾ മുറിച്ചെടുക്കണം. വേരുപിടിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ ആയ ഇൻഡോൾ ബുട്ടിറിക് ആസിഡിൽ (5000ppm) മുക്കിയ ശേഷം കമ്പുകൾ നടുന്നത് വേഗത്തിൽ വേരുപിടിപ്പിക്കാൻ സഹായിക്കും. ഇങ്ങനെ തയ്യാറാക്കിയ കമ്പുകൾ മണലിൽ നട്ട് ഒന്നരമാസംകൊണ്ട് നടാനുള്ള തൈകൾ തയ്യാറാക്കാം.
വളപ്രയോഗം
ജൈവവളങ്ങളോടൊപ്പം ശുപാർശ ചെയ്തിട്ടുള്ള അളവിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ മണ്ണിൽ ചേർക്കുന്നത് നല്ല വിളവ് നൽകാൻ സഹായിക്കും. നൈട്രജൻ വളർച്ച വർദ്ധിപ്പിക്കുകയും ഫോസ്ഫറസും പൊട്ടാസ്യവും ശിഖരങ്ങൾ കൂടാനും കൂടുതൽ പൂക്കൾ ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും.120 ഗ്രാം നൈട്രജൻ, 240 ഗ്രാം ഫോസ്ഫറസ്, 240 ഗ്രാം പൊട്ടാസ്യം എന്നിവയാണ് മണ്ണിൽ ചേർക്കേണ്ടത്. ഇതിനായി 600 ഗ്രാം ഫാക്ടാംഫോസും 600 ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 385 ഗ്രാം പൊട്ടാഷും ഉപയോഗിക്കാം. ഇവ രണ്ടു തവണകളായി ജൂലൈ, ജനുവരി എന്നീ മാസങ്ങളിൽ മണ്ണിൽ ചേർത്തു കൊടുക്കാം. ഒപ്പം 100 ഗ്രാം വേപ്പിൻ പിണ്ണാക്ക് മാസത്തിലൊരിക്കൽ ചുവട്ടിൽ ചേർത്തുകൊടുക്കണം. ട്രൈക്കോഡർമ, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് സമ്പുഷ്ടീകരിച്ച ജൈവവളം ചേർക്കുന്നതും നല്ലതാണ്.
കമ്പ് കോതൽ
മുല്ല ചെടിയിൽ നിന്നും നല്ല വിളവ് ലഭിക്കുന്നതിന് കമ്പ് കോതേണ്ടത് അത്യാവശ്യമാണ്. ചെടികൾ പടർന്നു പന്തലിക്കാതിരിക്കാനും ഇത് സഹായിക്കും. മെയ് – ജൂൺ മാസങ്ങളിൽ ഒന്നോ രണ്ടോ മഴ ലഭിച്ച ശേഷമാണ് കമ്പ് കോതേണ്ടത്. ചെടിയുടെ ചുവട്ടിൽ നിന്നും 45 സെന്റീമീറ്റർ ഉയരത്തിൽ ശാഖകൾ മുറിച്ചു നീക്കണം. കമ്പ് കോതുമ്പോൾ ആരോഗ്യമുള്ളതും വിവിധ ദിശകളിലേക്ക് ഉള്ളതുമായ അഞ്ചോ ആറോ ശാഖകൾ മാത്രം നിലനിർത്തി ബാക്കിയുള്ള ശാഖകൾ കടയോട് ചേർത്ത് മുറിച്ചു കളയാം. ശാഖകൾക്കിടയിൽ അകലം ഉണ്ടായിരിക്കണം. ഇതോടൊപ്പം ഒക്ടോബർ നവംബർ മാസങ്ങളിൽ കമ്പിന്റെ അഗ്ര ഭാഗങ്ങൾ പത്തുമുതൽ 15 സെന്റീമീറ്റർ നീളത്തിൽ മുറിച്ചു കളയുകയും വേണം. ഇങ്ങനെ ചെയ്യുന്നത് ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നന്നായി പൂവുണ്ടാകാൻ സഹായിക്കും. നട്ട് ഒരു വർഷത്തോളം ഉണ്ടാകുന്ന പൂക്കൾ പറിച്ചു കളയുന്നത് ശരിയായ വളർച്ചയ്ക്ക് നല്ലതാണ്. നിലത്തിനോട് ചേർന്ന് പടർന്നുവളരുന്ന ശാഖകളിൽ പൂവ് ഉണ്ടാകാറില്ല. ഇവ അപ്പപ്പോൾ തന്നെ മുറിച്ചു മാറ്റാം.
കീടങ്ങളും നിയന്ത്രണവും
ബഡ് വേം, ഇലകൾ വല കെട്ടുന്ന പുഴു എന്നിവയാണ് പ്രധാന കീടങ്ങൾ. ഇവയുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി ജൈവ രീതിയിൽ ഉള്ള മാർഗങ്ങൾ ഉപയോഗിക്കാം ബിവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ 5 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ കലക്കി തളിക്കാവുന്നതാണ്. ഒപ്പം ചെടികളുടെ ചുവട്ടിൽ വേപ്പിൻപിണ്ണാക്ക് ചേർത്തു കൊടുക്കുന്നത് നല്ലതാണ്.
രോഗങ്ങളും നിയന്ത്രണവും
ഇല ചീയൽ, റസ്റ്റ്, ബാക്ടീരിയൽ വാട്ടം എന്നിവയാണ് പ്രധാന രോഗങ്ങൾ. ഇലകൾ വി ആകൃതിയിൽ ഉണങ്ങി ചീഞ്ഞു പോകുന്നത് കാണാം. ഇതാണ് ഇല ചീയൽ രോഗം. ഇലയുടെ അടിഭാഗത്ത് മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിൽ തുരുമ്പ് രൂപത്തിലുള്ള വളർച്ചകൾ കാണാം. ഈ രോഗത്തെ റസ്റ്റ് എന്ന് വിളിക്കുന്നു. 0.15% കോപ്പർ ഓക്സി ക്ലോറൈഡ് തളിക്കുന്നത് ഈ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.വേരുകൾ കറുത്ത് നശിച്ചുപോകുന്ന രോഗമാണ് ബാക്ടീരിയൽ വാട്ടം. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് ബാക്ടീരിയൽ വാട്ടത്തെ നിയന്ത്രിക്കാൻ സഹായിക്കും. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
വിളവെടുപ്പ്
രണ്ടാംവർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം. 10 മുതൽ 12 വർഷം വരെ ചെടികൾക്ക് ആയുസ്സ് ഉണ്ടാകും. ഒരേക്കറിൽ നിന്നും രണ്ടര ടൺ പൂക്കൾ വരെ ശേഖരിക്കാനാകും
Discussion about this post