കാലങ്ങളായി മലയാളിയുടെ പൂന്തോട്ടത്തിലെ പ്രധാനപ്പെട്ട അലങ്കാര സസ്യങ്ങളിൽ ഒന്നാണ് ജമന്തി. ജമന്തിയുടെ ഇംഗ്ലീഷ് പേര് ക്രിസാന്തിമം എന്നാണ്. സ്വർണ്ണനിറമുള്ള പുഷ്പം എന്നാണ് ഈ പേരിന്റെ അർത്ഥം. ജപ്പാന്റെ ദേശീയ പുഷ്പമായ ജമന്തിയുടെ ജന്മദേശം ചൈനയാണ്. പൂന്തോട്ടങ്ങളിൽ മാത്രമല്ല പ്രദർശന മേളകളിലും അലങ്കാരസസ്യപ്രേമികളെ ആകർഷിക്കാൻ ജമന്തിക്ക് കഴിയാറുണ്ട്.
വിവിധ നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഇന്ന് ജമന്തി ലഭ്യമാണ്. 7 ദിവസം വരെ വാടാതെ നിൽക്കാൻ കഴിയുന്നതിനാൽ നല്ല ഒരു കട്ട്ഫ്ലവറായി ഉപയോഗിക്കാറുണ്ട്. സിംഗിൾ, സെമിഡബിൾ, റഗുലർ തുടങ്ങി പതിനഞ്ചോളം ജമന്തി വിഭാഗങ്ങളുണ്ട്.
വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള വിവിധ വിഭാഗങ്ങളിൽ പെടുന്ന ഇനങ്ങൾ കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നുണ്ട്. ഹിമാനി, ഹൊറൈസൺ, ബ്യൂട്ടിസ്നോ, ഇന്നസെന്റ് എന്നിവ വെളുത്ത പൂക്കൾ വിരിയുന്ന ഇനങ്ങളാണ്. സൂപ്പർജയന്റ്, ഈവനിംഗ്സ്റ്റാർ, ബാസന്തി, സുജാത എന്നിവ മഞ്ഞ പൂക്കൾ വിരിയുന്ന ഇനങ്ങളാണ്. ഡ്രാഗൺ, ഡിസ്റ്റിങ്ഷൻ, ബോയിസ് എന്നിവയാണ് ചുവന്ന ഇനങ്ങൾ.
ഏതു മണ്ണിലും വളരും എന്നത് ഈ സസ്യത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സാധാരണയായി തണുപ്പ് കാലത്താണ് നന്നായി പുഷ്പിക്കുന്നത്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളാണ് നടാൻ നല്ലത്. പുതിയ മുളകളും വേരുപിടിച്ച ശാഖകളും ചുവട്ടിൽ നിന്നും പൊട്ടിമുളയ്ക്കുന്ന തൈകളുമെല്ലാം നടാനായി ഉപയോഗിക്കാം.
മണലും കരിയിലപ്പൊടിയും കലർത്തിയ മാധ്യമത്തിൽ മുറിച്ചെടുത്ത ഭാഗങ്ങൾ വേരിറങ്ങാനായി നടാം രണ്ടാഴ്ചയ്ക്കുശേഷം ഇവ ചട്ടികളിലേക്ക് മാറ്റുകയുമാവാം. ചെറിയ ചട്ടികളിൽ വളർത്തി പിന്നീട് നന്നായി വളർന്ന ശേഷം വലിയ ചട്ടികളിലേക്ക് മാറ്റി നടുന്നത് നല്ലതാണ്. ചട്ടികളിൽ മണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് നിറക്കാം. പുളിപ്പിച്ച ചാണകം, പിണ്ണാക്ക് എന്നിവയുടെ തെളിയെടുത്ത് വെള്ളം ചേർത്ത് നേർപ്പിച്ച് ചുവട്ടിൽ ഒഴിക്കുന്നതും വളർച്ചയ്ക്ക് വളരെ നല്ലതാണ്. പൂക്കൾ പാതി വിരിയുന്നത് വരെ ആഴ്ചയിലൊരിക്കൽ ഇത്തരത്തിലുള്ള ജൈവ വളങ്ങൾ നൽകണം.എന്നാൽ അമിതമായി വളപ്രയോഗം ചെയ്യരുത്. കൃത്യമായി ജലസേചനം നല്കാനും ശ്രദ്ധിക്കണം. 20 സെന്റിമീറ്ററോളം വളരുന്നതോടെ ചെടികൾ പുഷ്പിക്കാൻ തുടങ്ങും. ഈ സമയം അഗ്രഭാഗം നുള്ളിക്കളയുന്നത് അനേകം ശക്തിയുള്ള ശിഖരങ്ങൾ ഉണ്ടാകാനും അവയിൽ ധാരാളം വലിപ്പമുള്ള പൂക്കൾ ഉണ്ടാകാനും സഹായിക്കും. ഇങ്ങനെ വളരുന്ന ശിഖരങ്ങളിൽ പ്രധാനപ്പെട്ടവ മാത്രം നിലനിർത്തി വശങ്ങളിൽ നിന്നുള്ള ശിഖരങ്ങൾ മുറിച്ചു കളയുന്നത് പൂക്കളുടെ വലിപ്പം കൂട്ടും. ശക്തിയായ കാറ്റും മഴയും ചെടിയെ ഒടിച്ചു കളയാതിരിക്കാൻ താങ്ങു നൽകുന്നത് നല്ലതാണ്.
Discussion about this post