വിശക്കുന്ന വയറുകൾക്കു പശ്ചിമഘട്ട മലനിരകളുടെ വരദാനം, ക്ഷാമകാലത്ത് ജഠരാഗ്നിയെ പിടിച്ചു നിർത്തിയ സ്വർഗീയ വരം, ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഫലം. അതത്രേ ചക്ക.
ഏത് ധൂസര സങ്കൽപ്പത്തിൽ വളർന്നാലും ഏത് യന്ത്ര വത്കൃത ലോകത്തിൽ പുലർന്നാലും പഴുത്ത വരിക്കച്ചക്കയുടെ മണവും ചക്ക എരിശ്ശേരിയുടെ ഗുണവും മലയാളി മറക്കില്ല, മറക്കാൻ കഴിയില്ല.
ചക്ക ഇന്ന് പഴയ ചക്കയല്ല. കർണാടകത്തിലെ തുംകൂറിൽ ഹിരേഹള്ളി ഗ്രാമത്തിലെ പരമേശ്വരയ്ക്ക് അച്ഛൻ നട്ട ഒരു പ്ലാവിൽ നിന്നും ഉള്ള തൈകൾ വിൽക്കാൻ ഇതുവരെ കിട്ടിയ ഓർഡർ ഒരു ലക്ഷം. ഒരു തൈയ്യുടെ വില ഇരുനൂറ് രൂപ . വിറ്റ തൈകൾ ഇത് വരെ തന്ന മധുരം ലക്ഷങ്ങൾ , വിൽക്കാൻ ഉള്ളവ തരാൻ പോകുന്ന മധുരം ദശലക്ഷങ്ങൾ….
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് ന്റെ സഹായത്തോടെ ‘ശങ്കര’യും ‘സിദ്ദു’വും വിറ്റു പോകുന്നത് ചൂടപ്പം പോലെ. രണ്ടര- മൂന്ന് കിലോ വരുന്ന ചക്കകൾ. ശരാശരി 25-30ചുളകൾ. ചെന്തീക്കനലിനെ വെല്ലുന്ന ദശക്കട്ടിയുള്ള, നാവിൽ തരിപ്പിക്കുന്ന മധുരം പകരുന്ന ശരാശരി 25 ഗ്രാമോളം തൂക്കം വരുന്ന ചുളകൾ. ആനന്ദ ലബ്ധിക്കിനിയെന്തു വേണം.
ചക്ക മുറിച്ചാൽ എന്താണ് ബാക്കി?. ഒന്നൂല്ല്യ..
ചക്കയരക്കു വരെ ഒരു കാലത്ത് പഴയ ഓട്ടപ്പാത്രങ്ങളുടെ ദ്വാരങ്ങൾ അടയ്ക്കാൻ ഉപയോഗിച്ചിരുന്നു.
ചക്ക മുള്ളു ഉണക്കിയത് നല്ല ദാഹശമനി.
പിഞ്ചു ഇടിച്ചക്ക മുതൽ പഴുത്ത തേൻ വരിക്ക വരെ ഇത്രമേൽ മനുഷ്യനെ ഊട്ടിയ മറ്റൊരു ജൈവ ഫലം ഉണ്ടോ?
ആരാണ് പ്ലാവിൽ കീടനാശിനികൾ അടിക്കാറുള്ളത്? ആരൂല്ല്യ. അതായത്
Organic by default.
ഒരു ചക്ക എന്നാൽ ഒരു പഴമല്ല. ഒരു നൂറു പഴങ്ങളാണ് . Multiple fruit എന്ന് പറയും. ഓരോ ചക്ക ചുളയും ഓരോ പൂവാണ്. അത് ഞെങ്ങി ഞെരുങ്ങി ഇരിക്കുന്നു എന്ന് മാത്രം. അവയിൽ ശരിയാം വണ്ണം പരാഗണം നടന്നില്ല എങ്കിൽ ചുളകളുടെ എണ്ണം കുറയും, ചകിണി കൂടും, ചക്കയ്ക്ക് നല്ല ആകൃതിയും ഉണ്ടാകില്ല.
മൾബെറി പഴത്തിന്റെ കുടുംബക്കാരൻ ആണ് ചക്കയും. Moraceae കുടുംബം.
വൃശ്ചിക മാസത്തിൽ കളയിടും. ചിലയിടങ്ങളിൽ പോളയിടുക എന്നും പറയും. പ്ലാവ് പൂത്തു എന്ന് ആരും പറയാറില്ല. പറഞ്ഞാൽ കിളി പോയ ടീമാണോ എന്ന് ആരും ഒന്നു നോക്കും.
പണ്ട് വീടുകളിലെ ഡിസ്പോസബിൾ സ്പൂൺ ആയിരുന്നു, പ്ലാവില കോട്ടിയത്. അതിലൂടെ ചൂട് കഞ്ഞിക്കൊപ്പം കുറെ ഹരിതകവും ഫ്ളാവാനോയിഡ് കളും കിട്ടുമ്പോൾ വായുകോപം ഉണ്ടാകുമായിരുന്നില്ല. ഇളം പ്ലാവില കൊണ്ട് നല്ല തോരനും ഉണ്ടാക്കാം.
പ്രമേഹികൾക്കു പച്ചച്ചക്ക പോലെ പിന്നെ വേറെ എന്തുള്ളൂ.. ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെടുമെന്ന് പുതുഗവേഷക മൊഴികൾ , അതോടെ ചക്ക സൂപ്പർ താരമായി.Jackfruit 365ആയി, Artocarpus ആയി, start up ആയി.
ലോകത്തെ പ്രമേഹ തലസ്ഥാനക്കാരാണല്ലോ നമ്മൾ.
ചക്ക തിന്നുന്തോറും പ്ലാവ് വയ്ക്കാൻ തോന്നും. നല്ല പ്ലാവിൻ തടിയുടെ കാതൽ ആണ് മുൻ തലമുറയെ മോഹിപ്പിച്ചിരുന്നത്.കിഴക്കിന്റെ ഓക്ക് എന്നും പ്ലാവിൻ തടി അറിയപ്പെടുന്നു. സായിപ്പിന്റെ ഫർണിച്ചർ ഓക്ക് മരം കൊണ്ടാണല്ലോ.
നല്ല തണൽ വൃക്ഷം. കുരു മുളക് പടർത്താം. ആടിന് ഏറെ പ്രിയമുള്ള തോൽ ആണ്. ഉണങ്ങിയ ഇലകൾ പോലും പെറുക്കി കൊടുത്താൽ ആടിന് അത് ഷവർമ.
വന വാസ കാലത്ത് പാണ്ഡവർ നില നിന്നത് ചക്ക കഴിച്ചാണെന്ന് മഹാകവി കുഞ്ചൻനമ്പ്യാർ . ഭീമനൊക്കെ ചില്ലറ അല്ലല്ലോ തീറ്റ.
ചക്ക ചോറും കാളൻ കറിയും ചക്ക ച്ചകിണിയും
അല്ലാതിക്കുഞ്ഞുങ്ങൾക്കേതുസുഖ ഭോജനമികാലങ്ങളിലിതല്ലാതെ (ഹിഡിംബ വധം ).
ഇന്നലെയല്ലേ ഇവൻ നമ്മുടെ ഔദ്യോഗിക ഫലം ആയത്. പക്ഷെ എന്നേ ഇയാൾ തമിഴന്റെ ഔദ്യോഗിക ഫലമാണ്. ബംഗ്ലാ ദേശിന്റെ ദേശീയ ഫലമാണ്.
പ്ലാവ് നിറയെ ചക്ക വീട് നിറയെ കുട്ടികൾ. ചക്ക കഴിച്ചാൽ സന്താന ഉൽപ്പാദന ശേഷി കൂടും എന്നും ചിലർ.
ഇടിച്ചക്ക, കൊത്തൻ ചക്ക, പച്ചച്ചക്ക, ചക്കപ്പഴം ഇതാണ് ചക്കയുടെ ടൈം ലൈൻ. പിന്നെ ചക്ക മടലും ചകിണിയും പശുവിന്. പൂഞ്ഞു അഥവാ കൂഞ്ഞുമസാലക്കറിയോട് ഇറച്ചി പോലും തോൽക്കും. വിയറ്റ്നാമിൽ ചക്ക ‘Tree Mutton ‘എന്നർഥമുള്ള Gaach Patha ആണ്.
ചക്ക തിന്ന ചൊരുക്ക് തീർക്കാൻ ചക്കക്കുരു എന്നാണല്ലോ.
ചക്കക്കുരു ചുട്ടതും മെഴുക്കു പുരട്ടിയതും മഴക്കാലത്ത് ഊർജ്ജദായകമായ സ്നാക്സ്.
ചിലർ മുറിയാത്ത(കേടില്ലാത്ത )ചക്കക്കുരു മൺ കുടത്തിലിട്ടു പഞ്ഞക്കർക്കിടക കാലത്തേക്ക് കരുതി വയ്ക്കും.
ചക്കക്കുരു അരച്ച് പാലിൽ ചേർത്ത് മുഖത്ത് പുട്ടിയിട്ടാൽ സൗന്ദര്യം വര്ധിക്കുമെന്നറിയാമോ?
വർഷം രണ്ടായിരം കോടിയുടെ ചക്ക പാഴാക്കുന്ന സാക്ഷര വിഡ്ഢിയാണ് മലയാളി. ഒരു വർഷം 50000ടൺ (കണക്ക് അത്ര ശരിയാകണമെന്നില്ല ) ചക്ക വാളയാർ ചുരം കടന്നു പോകുന്നു. അതും പൂർണമായും ജൈവ രീതിയിൽ ഉൽപ്പാദിപ്പിച്ചത്.പകരം വിഷത്തിൽ ആറാടിയ പച്ചക്കറി പകരം വാങ്ങുന്നു. ചക്ക ഒന്നിന് മലയാളിക്ക് കിട്ടുന്നത് പത്തോ പതിനഞ്ചോ രൂപ മാത്രം.
ചക്കയുടെ കാര്യത്തിൽ വയ്ക്കാൻ വേറെ, വറക്കാൻ വേറെ എന്നാണ്.
വളരെ അധികം ഇന വൈവിധ്യം ഉള്ള വിളയാണ് ചക്ക.
വരിക്ക തന്നെ എത്ര തരം. കൂഴയിലും ഉണ്ട് ഇനസമൃദ്ധി.
വലിപ്പത്തിലും ചുളയുടെ നിറത്തിലും, കട്ടിയിലും മണത്തിലും ഒക്കെ ഉള്ള വൈജാത്യങ്ങൾ.
ചെറിയ രുദ്രാക്ഷ വരിക്ക, തേൻ വരിക്ക, മുട്ടം വരിക്ക, സിലോൺ വരിക്ക, ചെമ്പരത്തി വരിക്ക, പാലൂർ, പേച്ചിപ്പാറ അങ്ങനെ നാടൻ മാരും വിയറ്റ്നാം സൂപ്പർ ഏര്ളി, ഡാങ് സൂര്യ, അരക്കില്ലാത്ത ഗംലെസ്സ്, സിന്ദൂർ, സിദ്ദു, ശങ്കര, അങ്ങനെ രുചി രാജാക്കന്മാരും.
എല്ലാ ചക്കയും ചിപ്സിനു കൊള്ളില്ല. ഇടത്തരം കട്ടിയുള്ള നീണ്ട ചുളകൾ ഉള്ള സവിശേഷ ഇനങ്ങൾ പല വീടുകളിലും ഉണ്ട്. അതിനായി പ്രത്യേകം ഇനങ്ങൾ ഉരുത്തിരിച്ചു എടുക്കണം.
ചക്ക മാത്രമല്ല തടിയിലും കൂടി ആണ് കണ്ണ് എങ്കിൽ കുരു തന്നെ കിളിപ്പിച്ചു നടണം.
പ്ലാവിൽ ആദ്യ ചക്കയിൽ നിന്നും തെങ്ങിൽ മധ്യ മൂപ്പു ഉള്ള മാതൃ വൃക്ഷത്തിൽ നിന്നും വെറ്റില കൃഷിയിൽ ഞാലി വള്ളികളും കവുങ്ങിൽ പ്രായം ചെന്ന മരത്തിൽ നിന്നും വേണം വിത്ത് ശേഖരിക്കാൻ എന്നത്രേ. ഇനി ചക്കക്കുരു കുഴിച്ചിടുന്ന ആൾ അത് എങ്ങനെ ചെയ്യണം എന്നും പറയുന്നുണ്ട്.
ഇടുക്കി, വയനാട് പോലെ ഉള്ള ഉയർന്ന പ്രദേശങ്ങളിൽ വർഷത്തിൽ ഏതാണ്ട് ഒൻപതു മാസത്തോളം ചക്ക ലഭ്യമാകും. സമതലങ്ങളിൽ ജനുവരി മുതൽ ജൂലൈ വരെ ഒക്കെ കിട്ടും. പക്ഷെ മഴ തുടങ്ങിയാൽ ചക്കയുടെ രുചിയും മധുരവും കുറയും. മഴയ്ക്ക് മുൻപേ ചക്ക പാകമായാൽ രക്ഷപ്പെട്ടു.
ഇനി കൃഷി രീതികളിലേക്ക് വരാം.
പ്ലാവ് ഒരു ട്രോപ്പിക്കൽ എവർഗ്രീൻ വൃക്ഷമാണ്.ആയതിനാൽ തന്നെ ഇന്ത്യ, ശ്രീ ലങ്ക, ബംഗ്ലാദേശ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, കംബോഡിയ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നു. നല്ല വെയിൽ, നല്ല മഴ. ശറപറാ ചക്ക പിടിക്കും. ജൈവ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം.
തുറസ്സായ,സമൃദ്ധമായ സൂര്യ പ്രകാശം കിട്ടുന്ന സ്ഥലം തന്നെ വേണം. അത് ഉറപ്പ് വരുത്താതെ തൈകളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
പുതിയ ഇനങ്ങൾ ആണ് നടുന്നത് എങ്കിൽ 4mx4m അകലത്തിൽ 1മീറ്റർ നീളം, വീതി, ആഴം ഉള്ള കുഴികൾ എടുത്തു, മേൽമണ്ണ് തിരികേ കുഴികളിൽ നിക്ഷേപിച്ചു അതിൽ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചകിരി ചോറ് കമ്പോസ്റ്റ്, മണ്ണ് എന്നിവ മിക്സ് ചെയ്തു നിറച്ചു കുഴി മൂടി അതിൽ ഒരു പിള്ളക്കുഴി എടുത്തു തന്നെ വേണം തൈകൾ നടാൻ.
വെള്ളം കെട്ടി നിൽക്കരുത് ചെടിച്ചുവട്ടിൽ.
മഴക്കാലം കഴിഞ്ഞാൽ തടം വിസ്താരത്തിൽ തുറന്ന് നല്ല വണ്ണം കരിയിലകൾ കൊണ്ട് പുതയിടണം.
ആവശ്യത്തിന് നനയ്ക്കണം .
വിയറ്റ്നാം ഏര്ളി പോലെ ഉള്ള ഇനങ്ങൾ ഒന്നര കൊല്ലം കൊണ്ട് തന്നെ കായ്ച്ചു തുടങ്ങും.
സിലോൺ വരിക്കയും നേരത്തെ കായ്ക്കുന്ന ഇനമാണ്.
എങ്കിലും ചെടിയുടെ ആരോഗ്യം പ്രമാണിച്ചു മൂന്നു കൊല്ലത്തിനു ശേഷം കായ്ക്കാൻ വിടുന്നതാണ് ഉത്തമം.
വലിയ കീട രോഗങ്ങൾ ഇപ്പോൾ ഇല്ല. കൃഷി വ്യാപകമായി ആകുന്നതോടെ പുതിയ അവതാരങ്ങൾ വരും. തണ്ട് തുരക്കുന്ന വണ്ടുകളെ ശ്രദ്ധിക്കണം. കായ്കൾക്ക് ഫംഗസ് മൂലമുള്ള അഴുകലും കണ്ടു തുടങ്ങിയിട്ടുണ്ട്.
7-15 കൊല്ലം പ്രായമുള്ള പ്ലാവുകൾ 50 ചക്കയോളം തരും, കൃത്യമായ പരിചരണം ഉണ്ടെങ്കിൽ.
ഒരു ഞെടുപ്പിൽ രണ്ടിലധികം ചക്കകൾ ഉണ്ടെങ്കിൽ വലിപ്പം കുറഞ്ഞവ നീക്കം ചെയ്യുന്നത് മറ്റുള്ളവയുടെ വളർച്ചയ്ക്ക് നല്ലതാണ്.
ശിഖരങ്ങൾ മുറിച്ചു നിർത്തുന്നത് പ്ലാവിൽ വ്യാപകമല്ല. എങ്കിലും തടികളിൽ സൂര്യ പ്രകാശം പതിയത്തക്ക രീതിയിൽ ശിഖരങ്ങൾ ക്രമീകരിക്കുന്നത് കൂടുതൽ വിളവ് കിട്ടാൻ സഹായകം.
നട്ട് ഓരോകൊല്ലവും 75ഗ്രാം വീതം നൈട്രജൻ, 60ഗ്രാം ഫോസ്ഫറസ്, 50ഗ്രാം പൊട്ടാസിയം എന്നിവ കിട്ടത്തക്ക രീതിയിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണകളായി വളം കൊടുക്കാം
അങ്ങനെ 8 കൊല്ലം കഴിഞ്ഞാൽ 600ഗ്രാം നൈട്രജൻ, 480ഗ്രാം ഫോസ്ഫറസ്, 400ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ തുടർന്നങ്ങോട്ട് എല്ലാ കൊല്ലവും വളം നൽകാം. കായ്കൾ വെടിച്ചു കീറുന്നു എങ്കിൽ വർഷത്തിൽ ഒരിക്കൽ 50-100ഗ്രാം ബോറാക്സും നൽകാം. വെടി ക്കുന്നെങ്കിൽ മാത്രം. ഒപ്പം 50 കിലോ അഴുകി പൊടിഞ്ഞ ചാണക പൊടിയും അതിന്റെ തന്നെ കരിയിലകളും പുതയായി നൽകാം.
തയ്യാറാക്കിയത്
പ്രമോദ് മാധവൻ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ
ദേവികുളം
Discussion about this post