ഒരു കുപ്പി വെള്ളം കൊണ്ട് ഒരാഴ്ച്ച സ്വന്തമായി വികസിപ്പിച്ചെടുത്ത ഗ്രോബാഗിലെ പച്ചക്കറി കൃഷികൾ നനച്ച് മികച്ച വിളവെടുക്കുകയാണ് കോട്ടയം ,കറുകച്ചാൽ കാട്ടൂർ ഈയ്യോ എന്ന കർഷകൻ.വീടിനു ചുറ്റുമുള്ള ചെറിയ സ്ഥലത്ത് രണ്ടു വർഷം മുമ്പ് സാധാരണ ഗ്രോബാഗിൽ പച്ചക്കറികൾ കൃഷി ആരംഭിച്ചപ്പോൾ ഉദ്ദേശിച്ചത്ര വിളവ് ലഭിക്കാതെ വന്നപ്പോൾ മനസ്സിൽ ഉദിച്ച ആശയമാണ് ‘കൈരളി’ ഗ്രോബാഗിൻ്റെ സൃഷ്ടി സിൽപോളിൻ ഷീറ്റ് ഉപയോഗിച്ചാണ് പുതിയ ഗ്രോബാഗിൻ്റെ നിർമ്മാണം. കൂടുതൽ നടീൽ മിശ്രിതം നിറയ്ക്കാമെന്നതും, ദീർഘനാൾ ഈടു നിൽക്കുമെന്നതും പ്രത്യേകതകളാണ് വെള്ളവും വളരെ കുറച്ചു മതി. കിളച്ചൊരുക്കിയ മേൽ മണ്ണിൽ കുമ്മായം ചേർത്ത് ഒരാഴ്ച്ച വെയിൽ കൊള്ളിച്ച് അണു വിമുക്തമാക്കി ചാണകപ്പെടി, വേപ്പിൻ പിണ്ണാക്ക് ,എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കി ഗ്രോബാഗ് നിറച്ച് പച്ചക്കറിവിത്തുകൾ നടുന്നു.
പ്ലാസ്റ്റിക്ക് കുപ്പിയിൽ വെള്ളം നിറച്ച് മണ്ണിൽ കുത്തിവെയ്ക്കുന്നു. ഒരാഴ്ച്ചകൊണ്ട് തൈകൾ മുളച്ച് വരും, പയർ, വെള്ളരി, പച്ചമുളക്, വഴുതിന, വെണ്ട തുടങ്ങിയവയാണ് പ്രധാന കൃഷി. രണ്ടു മാസം കൊണ്ട് പച്ചക്കറികളിൽ വിളവെടുപ്പാരംഭിക്കും. കുപ്പികളിൽ ചുവട്ടിൽ കൊടുക്കുന്ന വെള്ളം ഒരാഴ്ച്ച കൊരങ്ങ മണ്ണിൽ ഇറങ്ങുകയുള്ളു. തീരുന്ന മുറയ്ക്ക് വീണ്ടും കുപ്പികൾ നിറച്ച് വയ്ക്കുന്നു. അമ്പതോളം ഗ്രോബാഗിൽ ഇപ്പോൾ വീട്ടുപരിസരത്ത് കൃഷിയുണ്ട്. ഒരു തവണ ബാഗ് നിറച്ച് കൃഷി തുടങ്ങിയാൽ ഒരു വർഷം വരെ തുടർച്ചയായി വിളവെടുക്കാമെന്ന് ഇദ്ദേഹം പറയുന്നു. പരിചരണവും വളരെ കുറച്ചു മതി. കീട ശല്യവും കാണാറില്ല, വർഷത്തിലൊരു പ്രാവശ്യം നടീൽ മിശ്രിതം മാറ്റി നിറച്ച് ഗ്രോബാഗ് എട്ടു വർഷം വരെ തുടർച്ചയായി ഉപയോഗിക്കാം.
വീട്ടാവശ്യത്തിനുള്ള വിഷം തീണ്ടാത്ത പച്ചക്കറികൾ മുറ്റത്തു നിന്നു തന്നെ തീരെ കുറച്ചു വെള്ളം ഉപയോഗിച്ച് വിളയിച്ചെടുക്കാമെന്നതാണ് പേറ്റെൻ്റ് ലഭിച്ചിട്ടുള്ള കൈരളി ഗ്രോ ബാഗിൻ്റെ സ്വീകാര്യത എന്നു പറയുന്ന ഈയ്യോ ഈ ലഘു കൃഷി രീതിയും, അറിവുകളും മറ്റു കർഷകർക്ക് പകർന്നു നൽകാൻ തൽപരനാണ്.
ഫോൺ :8606768650
-രാജേഷ് കാരാപ്പള്ളിൽ
Discussion about this post