ലികോറൈസ് എന്നാണ് ഇരട്ടിമധുരത്തിന്റെ ഇംഗ്ലീഷ് പേര്. ഗ്രീക്ക് ഭാഷയിൽ നിന്നാണ് പേരിന്റെ ഉത്ഭവം. “സ്വീറ്റ് റൂട്ട്” എന്നാണ് ഇതിനർത്ഥം. അതായത് ”മധുരമുള്ള വേരുകൾ”. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നല്ല മധുരമാണ് ഇരട്ടിമധുരത്തിന്റെ വേരുകൾക്ക്. ഫാബേസിയെ സസ്യകുടുംബത്തിലെ അംഗമാണിവ. എന്നാണ് ശാസ്ത്രനാമം. ചില യൂറോപ്യൻ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇരട്ടിമധുരം ഒരു സുഗന്ധമായിട്ടാണ് ഉപയോഗിക്കുന്നത്.
ഏകദേശം ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന സസ്യമാണിവ. ഇവയുടെ തണ്ടുകൾക്കും മധുരമാണ്. മങ്ങിയ വെളുത്ത നിറമുള്ള പൂക്കളാണ്. തോടിനുള്ളിലായി ഒത്തിരി വിത്തുകളും കാണാം. ഇന്ത്യ, ഇറാൻ, ഇറ്റലി, ചൈന, പാക്കിസ്ഥാൻ, എന്നീ രാജ്യങ്ങളാണ് ലികോറൈസ് ഉൽപ്പാദനത്തിൽ മുന്നിൽ.
ഔഷധ ഗുണങ്ങൾ ഒത്തിരിയുള്ള ചെടിയാണ് ഇരട്ടിമധുരം. വേരുകളാണ് കൂടുതലായും ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കഷായങ്ങൾ, എണ്ണകൾ, ചൂർണ്ണങ്ങൾ, എന്നിവയുടെയൊക്കെ നിർമാണത്തിൽ ഇരട്ടിമധുരം ഉപയോഗിക്കാറുണ്ട്. പാട്ടുകാർ സ്വരശുദ്ധി ലഭിക്കുന്നതിനായും ഇരട്ടിമധുരം ഉപയോഗിക്കുന്നു.
അധികമായാൽ അമൃതും വിഷം എന്ന് പറയാറില്ലേ… ഇരട്ടി മധുരത്തിന്റെ കാര്യത്തിലും അത് ശരിയാണ്. ഇവയിലുള്ള ഒരു ഘടകമാണ് ഗ്‌ളൈസിറൈസിനിക് ആസിഡ്. ഇവയുടെ അമിത ഉപയോഗം രക്തസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കും.
Discussion about this post