മണ്ണോ പോട്ടിങ് മിശ്രിതമോ ഇല്ലാതെ വെറും വെള്ളത്തിലും ചില ചെടികൾ വളർത്താനാ കും. പ്രത്യേകിച്ചും അകത്തളങ്ങളിൽ വളർത്തുമ്പോഴാണ് ഈ രീതി ഏറ്റവും ഉപയോഗപ്രദമാകുന്നത്. സ്ഥിരമായി വെള്ളം നനക്കേണ്ട ആവശ്യവുമില്ല. കാര്യമായ പരിചരണങ്ങളും വേണ്ട. ചില ചെടികൾക്ക് മണ്ണിൽ വളർത്തുന്ന അത്രയും വളർച്ച ഉണ്ടാകില്ലെന്ന് മാത്രം. എങ്കിലും അകത്തളങ്ങളിൽ ചെറിയ വലിപ്പത്തിൽ സൗകര്യപ്രദമായി സൂക്ഷിക്കാം. അത്തരം ചില ചെടികൾ പരിചയപ്പെടാം.
സിംഗോണിയം
ആരോ ഹെഡ്, സിംഗോണിയം എന്നീ പേരുകളിൽ അറിയപ്പെടുന്ന സസ്യത്തിന്റെ ഇലകൾക്ക് ചേമ്പിലകളുടെ ആകൃതിയാണ്. ഇവ പച്ച നിറത്തിലും പിങ്ക് നിറത്തിലും ലഭ്യമാണ്. വെയിലത്ത് നിറവ്യത്യാസം കൂടുതൽ പ്രകടമാകുമെങ്കിലും അകത്തളങ്ങളിലും ഇവ നന്നായി വളരും. ഇലയോടു കൂടി തണ്ട് മുറിച്ച് വെള്ളത്തിലിട്ട് വച്ചാൽ കുറച്ചു ദിവസത്തിനുള്ളിൽ വേര് വന്നുതുടങ്ങും.
സ്പൈഡർ പ്ലാന്റ്
വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ള ചെറു സസ്യമാണ് സ്പൈഡർ പ്ലാന്റ്. ഇവ അകത്തളങ്ങൾക്ക് ഏറ്റവും യോജിച്ച ചെടികളിലൊന്നാണ്. ചെറിയ കട്ടിങ്ങുകൾ വെള്ളത്തിലിട്ട് ഇവ വളർത്താം.
വാണ്ടറിങ് ജ്യൂ
പർപ്പിൾ നിറത്തിലുള്ള ഇലകളുള്ള ട്രെഡസ്കാൻഷ്യ പല്ലിട എന്ന വാണ്ടറിങ് ജ്യൂ വളരെ എളുപ്പത്തിൽ ശിഖരങ്ങൾ വെള്ളത്തിലിട്ട് വച്ച് വെള്ളത്തിൽ തന്നെ വളർത്താനാകും.
മണി പ്ലാന്റ്
ഇൻഡോർ പ്ലാന്റുകളിൽ ഏറ്റവും പേരുകേട്ട സസ്യമാണ് മണി പ്ലാന്റ്. വളരെ എളുപ്പത്തിൽ വളർത്താവുന്ന സസ്യം കൂടിയാണിത്. ഈ ചെടികളുടെയും ചെറിയ കട്ടിങ്ങുകൾ മുറിച്ചെടുത്തു വെള്ളത്തിലിട്ട് വളർത്താം.
സ്നേക്ക് പ്ലാന്റ്
അമ്മായിയമ്മയുടെ നാവ് എന്നറിയപ്പെടുന്ന സ്നേക്ക് പ്ലാന്റ് വെള്ളത്തിൽ കുറേക്കാലം കേടുകൂടാതെ വളർത്താം. ഇലകൾ വെള്ളത്തിലിട്ടുവച്ച് പുതിയ തൈകൾ ഉൽപാദിപ്പിക്കുകയും ചെയ്യാം
കോളിയസ്
കണ്ണാടി ചെടി, മാസം മാറി എന്നീ പേരുകളിൽ അറിയപ്പെടുന്ന കോളിയസ് വെള്ളത്തിൽ വളർത്താവുന്ന ചെടിയാണ്. ശിഖരങ്ങൾ വെള്ളത്തിൽ ഇട്ടു വെച്ചാൽ മതിയാകും. നിറം ലഭിക്കാൻ ജനലിനരികിൽ സൂക്ഷിക്കാം
ലക്കി ബാംബു
കാലങ്ങളോളം വെള്ളത്തിൽ തന്നെ വളർത്താൻ കഴിയുന്ന ചെടിയാണ് ലക്കി ബാംബു. ഏറെ ആരാധകരുള്ള ഒരു ഇൻഡോർ സസ്യം കൂടിയാണിത്.
ഇത്തരം സസ്യങ്ങളെ ആകർഷകമായ ചില്ലു കുപ്പികളിൽ വെള്ളമൊഴിച്ച് അതിൽ കട്ടിങ്ങുകൾ മുക്കിവച്ച് വളർത്താം. ഗ്ളാസ്സുകളിലും ഫിഷ് ബൗളുകളിലും ഇവ വളർത്താനാകും. ഭംഗിക്കായി ഗ്ലാസുകളിലും ബൗളുകളിലും ചെറുതും വലുതുമായ പെബിളുകളും നിറയ്ക്കാം. നിറങ്ങളുള്ള പെബിളുകൾ ആകർഷണീയത കൂട്ടും. വേരുകൾ നല്ലരീതിയിൽ വളർന്ന ശേഷം ആവശ്യമെങ്കിൽ സസ്യങ്ങളെ പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടികളിൽ അകത്തളങ്ങളിലോ പുറത്തോ സൂക്ഷിക്കാം.
Discussion about this post