ന്യൂഡൽഹി: പരമ്പരാഗത രീതിയായ മത്സ്യബന്ധനത്തിന് ബദലായി മത്സ്യകൃഷിയിൽ (അക്വാകൾച്ചർ) ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ. മത്സ്യകൃഷിയിൽ ആദ്യ മൂന്നിൽ ഇന്ത്യയും ഇടം പിടിച്ചിട്ടുണ്ട്. യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഏജൻസി പുറത്തുവിട്ട കണക്കനുസരിച്ച് ചൈന, ഇന്തോനേഷ്യ, ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, നോർവേ, ഈജിപ്ത്, ചിലി എന്നിവയാണ് പ്രധാനമായും അക്വാകൾച്ചറിനെ ആശ്രയിക്കുന്നത്. ലോകത്ത് മത്സ്യകൃഷി നടത്തുന്നതിൽ 90 ശതമാനവും മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നാണ്.
ജലജീവികളെയും ജലസസ്യങ്ങളെയും കൃഷി ചെയ്യുന്നതിനെയാണ് അക്വാകൾച്ചർ (Aquaculture) എന്ന് വിശേഷിപ്പിക്കുന്നത്. മത്സ്യം, ഞണ്ട്, ചെമ്മീൻ തുടങ്ങിയ ക്രസ്റ്റേഷനുകൾ, ചിപ്പി,കക്ക,കണവ പോലുള്ള മൊളസ്കുകൾ, ജലസസ്യങ്ങൾ എന്നിവ നിയന്ത്രിതമായ പരിതസ്ഥിതിയിൽ ഉത്പാദിപ്പിക്കുന്നതാണ് രീതിയാണ് അക്വാഫാമിംഗ്.
2022-ലെ കണക്കനുസരിച്ച് ലോകത്തെ അക്വാകൾച്ചർ ഉത്പാദനം 223.2 മില്യൺ ടൺ കടന്നു. ലോകത്തിൽ ഏറ്റവും വേഗം വളരുന്ന ഭക്ഷ്യോത്പാദന സംവിധാനം കൂടിയാണ് അക്വാകൾച്ചർ.
Discussion about this post