വെച്ചൂർ പശുക്കളെക്കുറിച്ചും ,ആഗോളതാപനവും വെച്ചൂർ പശുക്കളും എന്ന വിഷയത്തെക്കുറിച്ചും ഡോ .ശോശാമ്മ ഐപ്പ് വിശദമാക്കുന്നു .വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളർത്താനും നേതൃത്വം വഹിച്ച ഡോ .ശോശാമ്മ ഐപ്പ് ( റിട്ട .പ്രൊഫസർ ,അനിമൽ ബ്രീഡിങ് ,കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ) , വെച്ചൂർ കോൺസെർവഷൻ പ്രൊജക്റ്റ് മാനേജിങ് ട്രസ്റ്റീ ആയി പ്രവർത്തിച്ചു വരുന്നു.
കേരളത്തില്‍ ഇന്നൊരു പ്രധാന പശുവര്‍ഗ്ഗമാണ് വെച്ചൂര്‍ പശു. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന ഗിന്നസ് ബുക്ക് റെക്കോര്‍ഡ് നേട്ടം 2012ല്‍ വെച്ചൂര്‍ പശുവിന് ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ വംശനാശത്തിന്റെ വക്കിലെത്തിയ വെച്ചൂര്‍ പശുക്കളെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സംരക്ഷിച്ച് പരിപാലിക്കാനുള്ള ശ്രമം നടക്കുകയാണ്. വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കുന്നതിന്റെ ലഘുലേഖ ഇറക്കിയിട്ടുണ്ട്. പ്രധാനമായും 5 കാര്യങ്ങളാണ് അതില്‍ പറയുന്നത്.
1. ഭാവിയിലേക്കൊരു നിക്ഷേപം
ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ന് ലോകത്തുള്ളത്. ഭാവിയില്‍ ഏതെങ്കിലും തരത്തില്‍ വെച്ചൂര്‍ പശുവിന്റെ ആവശ്യം വേണ്ടിവന്നാല്‍ ഉപയോഗിക്കാവുന്നതിനാണ് ഇപ്പോള്‍ ഇതിനെ സംരക്ഷിക്കണമെന്ന് പറയുന്നത്. ഇന്‍ഷൂറന്‍സായിട്ടാണ് വെച്ചൂര്‍ പശുവിനെ കണക്കാക്കുന്നത്.
2. പ്രകൃതിയിലെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തുക
വെച്ചൂര്‍ പശുവിനെ സംരക്ഷിക്കുന്നതിന്റെ രണ്ടാമത്തെ പ്രധാന ലക്ഷ്യം പ്രകൃതിയിലെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തുക എന്നതാണ്. ലോകത്ത് പല ജീവജാലങ്ങളും വംശനാശം വന്നുപോയിട്ടുള്ളതാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ വംശനാശം വന്നുപോയേക്കാവുന്ന അനേകം ജീവജാലങ്ങളെ സംരക്ഷിച്ചു പരിപാലിക്കുന്നുണ്ട്. അതിലൊന്നാണ് വെച്ചൂര്‍ പശു.
3. ശാസ്ത്രീയ പഠനത്തിന്
പ്രകൃതിയെ കൂടുതല്‍ അറിയാനും മനസിലാക്കാനും മനുഷ്യന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ വെച്ചൂര്‍ പശുക്കളെയും ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുന്നുണ്ട്. അങ്ങനെയാണ് വെച്ചൂര്‍ പശുവിന്റെ പാല്‍ മാത്രമല്ല, അതിലെ നെയ്യും ഏറെ ഔഷധഗുണമുള്ളതാണെന്ന് കണ്ടെത്തിയത്. കൂടാതെ ജനിതകപഠനവും നടത്തിയിട്ടുണ്ട്. വെച്ചൂര്‍ പശുവിന് സാമ്യം കാസര്‍ഗോഡ് പശുവിനോടൊന്നുമല്ല. ജര്‍മ്മനിയിലെ ഷ്വാര്‍സ്ബുണ്ട് എന്ന പശുവിനോടാണ് വെച്ചൂര്‍ പശുവിന് സാമ്യം ഉള്ളതെന്ന് കണ്ടെത്തിയത് അദ്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെച്ചൂര്‍ ഗ്രാമത്തിലാണ് ഇവ കാണപ്പെട്ടിരുന്നത്. ഇതില്‍ നിന്നുമാണ് വെച്ചൂര്‍ പശു എന്ന പേര് ലഭിച്ചത്.
4. ചരിത്രസാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുക
വെച്ചൂര്‍ പശുക്കള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അതിനെ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നാണ് വിലയിരുത്തല്‍.
5. കര്‍ഷകര്‍ക്കായി
കര്‍ഷകരുടെ കൂടി നിലനില്‍പ്പിനാണ് വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നത്. പരിപാലന ചിലവ് കുറവാണെന്നതും ഔഷധഗുണമുള്ള പാലാണെന്നതും മാത്രമല്ല ഇതിന് കാരണം. കൂടുതല്‍ കര്‍ഷകര്‍ വെച്ചൂര്‍ പശുവിനെ വളര്‍ത്താന്‍ ആരംഭിച്ചത് അതിന്റെ പ്രയോജനം മനസിലാക്കിയതുകൊണ്ടാണ്. കൃഷി മുന്നോട്ട് പോകണമെങ്കില്‍ മൃഗസംരക്ഷണം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചാണകമുള്‍പ്പെടെയുള്ള വളങ്ങള്‍ കൃഷിക്ക് അത്യാവശ്യമാണ്. കന്നുകാലികള്‍ക്ക് പ്രാധാന്യം കൊടുക്കാതെ പോയാല്‍ കൃഷിയെയും അത് ബാധിക്കുമെന്നതു തന്നെ കാരണം. ഒരു സമയത്ത് വഴിപിരിഞ്ഞുപോയ കൃഷിയും മൃഗസംരക്ഷണവും വീണ്ടും തിരിച്ചുവന്നിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. മാത്രമല്ല ചില ആളുകള്‍ സ്വന്തം ആവശ്യത്തിനുള്ള പാല്‍ ലഭ്യമാക്കാന്‍ പശുവിനെ വളര്‍ത്താറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് യോജിച്ച പശുവര്‍ഗമാണ് വെച്ചൂര്‍ പശു.
ആഗോളതാപനം കന്നുകാലികളെ എങ്ങനെയാണ് ബാധിക്കുന്നത്?
ആഗോളതാപനം കന്നുകാലികളെ നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ട്. നേരിട്ട് ബാധിക്കുന്നത് ആരോഗ്യത്തെയാണ്. രോഗപ്രതിരോധശക്തി, വളര്‍ച്ച എന്നിവ കുറയാനും, ഉല്‍പ്പാദനവും പ്രത്യുത്പാദനവും കുറയാനും ആഗോളതാപനം കാരണമാകുന്നു. തീറ്റയുടെ ദൗര്‍ലഭ്യവും, ഗുണനിലവാരം കുറയുന്നതുമാണ് നേരിട്ടല്ലാതെ ബാധിക്കുന്ന കാര്യങ്ങള്‍.
ആഗോളതാപന കാലത്ത് വെച്ചൂര്‍ പശുവിന്റെ പ്രാധാന്യം
ഉയരക്കുറവ്, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള കഴിവ്, രോഗപ്രതിരോധശേഷി, പാലിലെ ഔഷധഗുണം തുടങ്ങിയ പ്രത്യേകതകളാണ് വെച്ചൂര്‍ പശുവിനുള്ളത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യവുമാണ്. വെച്ചൂര്‍ പശു താപസഹിഷ്ണുതയുള്ളതാണ്. താപം കൂടുമ്പോള്‍ താപസഹിഷ്ണതയുള്ള കന്നുകാലികളെയാണ് വളര്‍ത്തേണ്ടത്. സങ്കരവര്‍ഗ പശുക്കള്‍ക്ക് പ്രതിരോധ ശേഷി പൊതുവെ കുറവായിരിക്കും. എന്നാല്‍ വെച്ചൂര്‍ പശുക്കള്‍ക്ക് രോഗപ്രതിരോധ ശേഷിയുണ്ട്. കൂടാതെ വെച്ചൂര്‍ പശുക്കള്‍ക്ക് തീറ്റ കുറവ് മതി. തീറ്റയുടെ ദൗര്‍ലഭ്യമുള്ള കാലമായത് കൊണ്ട് വെച്ചൂര്‍ പശുക്കളുടെ പ്രസക്തി വര്‍ദ്ധിക്കുന്നു. സങ്കരയിനം, വിദേശ പശുക്കള്‍ക്കൊക്കെ കുടിക്കാനും മറ്റും ധാരാളം വെള്ളം ആവശ്യമാണ്. എന്നാല്‍ വെച്ചൂര്‍ പശുക്കള്‍ക്ക് വെള്ളത്തിന്റെ ഉപയോഗം കുറവാണ്.
കന്നുകാലികളുടെ പ്രജനനത്തിന് പാലുല്‍പ്പാദനം മാത്രമായിരുന്നു നേരത്തെ നോക്കിയിരുന്നത്. എന്നാല്‍ രോഗപ്രതിരോധ ശേഷി, താപസഹിഷ്ണുതയടക്കം നോക്കി വേണം ഇന്നത്തെ കാലത്ത് പ്രജനനം നടത്താന്‍.
ആഗോളതാപന കാലത്ത് അതനുസരിച്ചുള്ള നയങ്ങളാണ് സ്വീകരിക്കേണ്ടത്. വെച്ചൂര്‍ പശുക്കളുടെ പ്രാധാന്യവും അതുതന്നെയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ശോശാമ്മ ഐപ്പ്
Discussion about this post