മണ്ണിലല്ലാതെ ചെടികളെ വളർത്തിയെടുക്കുന്ന രീതിക്കാണ് ഹൈഡ്രോപോണിക്സ് എന്ന് പറയുന്നത്. ചെടികൾക്ക് ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയാണ് ഇതിനായി ഉപയോഗിക്കുന്നത്. വെള്ളാരം കല്ലുകളും ചരലുമൊക്കെ ഉപയോഗിച്ചാണ് ചെടികളെ ഈ ലായനിയിൽ ഉറപ്പിച്ചു നിർത്തുന്നത്. തക്കാളി, വെള്ളരി, മുളക്, സ്ട്രോബറി, ഇവയൊക്കെ ഹൈഡ്രോപോണിക്സിലൂടെ വൻതോതിൽ വളർത്തിയെടുക്കാവുന്നതാണ്.
ഒത്തിരി ഗുണങ്ങളുണ്ട് ഹൈഡ്രോപോണിക്സിന്. സാധാരണ കൃഷിരീതി അപേക്ഷിച്ച് നോക്കുമ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രം വെള്ളം മതി ഈ രീതിക്ക്. ഒരു കിലോഗ്രാം തക്കാളി മണ്ണിൽ വളർത്തിയെടുക്കുന്നതിന് 400 ലിറ്റർ വെള്ളം വേണമെങ്കിൽ അതേ അളവ് തക്കാളിക്ക് ഹൈഡ്രോപോണിക്സിൽ 70 ലിറ്റർ വെള്ളം മാത്രം മതിയാകും. ഉപയോഗിക്കുന്ന വെള്ളം ആവർത്തിച്ചു ഉപയോഗിക്കുകയും ചെയ്യാം. വെള്ളത്തിന്റെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ ഒത്തിരി ഉപയോഗപ്രദമാണ് ഹൈഡ്രോപോണിക്സ്.
അതുപോലെ തന്നെ മണ്ണിൽനിന്ന് ചെടികൾക്കുണ്ടാകുന്ന കീടബാധ ഒഴിവാക്കുവാനും ഇതിലൂടെ സാധിക്കും. ചെടികൾ അടുത്തടുത്ത് നടുന്നതിനാൽ വളരെ കുറച്ചുമാത്രം സ്ഥലം മതി. ചെറിയ സ്ഥലത്തുനിന്നും ഒത്തിരി വിളവും ലഭിക്കും. പോഷകങ്ങൾ കൃത്യമായ അളവിൽ നൽകുന്നതിനാൽ അവയുടെ നഷ്ടം ഒഴിവാക്കുവാനും സാധിക്കും.
വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ ഊർജസ്രോതസ് സ്ഥിരമാണെന്ന് ഉറപ്പു വരുത്തണം. ചെറിയ പിഴവു പോലും ചെടികളുടെ വളർച്ചയെ ബാധിക്കും. വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്നതുകൊണ്ട് സുരക്ഷിതത്വം ഉറപ്പാക്കണം.
Discussion about this post