ആധുനിക കൃഷി സമ്പ്രദായത്തിൽ ഏറ്റവും നൂതനമായ ഒരു രീതിയാണ് ഹൈഡ്രജെൽ ക്യാപ്സ്യൂളിന്റെ ഉപയോഗം. പല കർഷകർക്കും ഈ പേര് സുപരിചിതമാണെങ്കിലും, ഇന്നും ഇതിന്റെ സാധ്യതകളെ പലരും ഉപയോഗപ്പെടുത്തുന്നില്ല. ചുരുക്കത്തിൽ പറഞ്ഞാൽ ജലം സംഭരിക്കാൻ ശേഷിയുള്ള പോളിമെറുകളാണ് ഹൈഡ്രജെൽ. പോളിമെർ ഉപയോഗിച്ച് നിർമ്മിക്കുന്ന ജെല്ലാണ് ഇത്. ഇത് കൃഷിയിടത്തിൽ ഉപയോഗിക്കുന്ന പക്ഷം വളരെ സ്വാഭാവികമായി മണ്ണിൽ ലയിച്ചു പോകുന്നു. നമ്മുടെ കൃഷിയിടത്തിലെ മണ്ണുമായി ഈ ഹൈഡ്രജെൽ കലരുന്നു എന്നു പറയാം. മണ്ണിൻറെ ജല ആഗീരണ സംഭരണശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ജലസേചന തോത് കുറയ്ക്കുവാനും ഇത് ഉപയോഗപ്പെടുത്തുന്നു. നനയ്ക്കുവാൻ അധിക വെള്ളം ഉപയോഗപ്പെടുത്തുന്ന കർഷകർക്ക് ഈ ക്യാപ്സ്യൂൾ തികച്ചും ഉപയോഗപ്രദമാണ്.
ജലത്തെ ആഗീരണം ചെയ്യുന്ന ഈ ജെൽ അതിൻറെ വലുപ്പത്തിന്റെ ഏകദേശം 300 മടങ്ങായി സ്വയം വലുതാക്കുകയാണ് ചെയ്യുന്നത്. മണ്ണിൽ ജലാംശത്തിന്റെ തോത് കുറയുന്ന ഘട്ടങ്ങളിൽ ഈ ക്യാപ്സ്യൂൾ നനവ് പുറത്ത് വിട്ട് ചെടിക്ക് ആവശ്യമായ വെള്ളം നൽകുന്നു. ഇങ്ങനെ ജലം ലഭ്യമാകുമ്പോൾ വിളകളിൽ നിന്ന് മികച്ച വിളവ് ലഭ്യമാകുന്നു. ഇതിനൊപ്പം ജലസേചന തോത് പരമാവധി 70% വരെ നമുക്ക് കുറയ്ക്കുവാനും സാധിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം
ഒരു ഗ്രോ ബാഗിന് രണ്ട് ക്യാപ്സ്യൂൾ വീതം നൽകണം. ഒരു ക്യാപ്സ്യൂൾ ഏകദേശം മൂന്നുമാസം കാലം പ്രവർത്തിക്കുന്നു. ഒരു ക്യാപ്സ്യൂൾ ഉപയോഗപ്പെടുത്തുമ്പോൾ അതിൻറെ തൂക്കത്തിന് 400 മടങ്ങ് വെള്ളം ഇത് സംഭരിക്കുന്നു. 2012 മുതൽ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനം പുസ ഹൈഡ്രജെൽ എന്ന പേരിൽ ഇത് ഉത്പാദിപ്പിച്ച് നൽകുന്നുണ്ട്. കേരളത്തിൽ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ഉൾപ്പെടെ പലയിടങ്ങളിലും നിലവിൽ ഹൈഡ്രജൻ ക്യാപ്സ്യൂൾ വിതരണം ചെയ്യുന്നുണ്ട്. കുരുമുളക്, ജാതി, കവുങ്ങ് പോലുള്ളവയ്ക്ക് ഏകദേശം 10 ക്യാപ്സ്യൂൾ ആവശ്യമായി വരുന്നു.
Discussion about this post