ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കണ്ടു വന്നിരുന്ന ഹൈഡ്രാഞ്ചിയ ഇന്ന് പൂന്തോട്ടങ്ങളിൽ ഏഴഴകാണ്. എഴുപത്തിയഞ്ചോളം പൂച്ചെടികളുള്ള ജനുസ്സാണ് ഹൈഡ്രാഞ്ചിയ. ഒന്നു മുതൽ മൂന്നു മീറ്റർ വരെ ഉയരമുള്ള കുറ്റിച്ചെടികളാണിവ.
ഒത്തിരി ഇനങ്ങളുണ്ട് ഹൈഡ്രാഞ്ചിയയിൽ. നീല നിറത്തിലുള്ള ഹൈഡ്രാഞ്ചിയയാണ് നമ്മുടെ നാട്ടിൽ കൂടുതലായും ഉള്ളത്. മണ്ണിന്റെ പി എച്ച് ന് ഹൈഡ്രാഞ്ചിയയുടെ നിറത്തിൽ ഒത്തിരി പ്രാധാന്യമുണ്ട്. അസിഡിക് മണ്ണാണെങ്കിൽ പൂക്കൾക്ക് നീല നിറമായിരിക്കും. ആൽക്കലി അടങ്ങിയ മണ്ണിൽ വളരുന്നവയ്ക്ക് പിങ്ക് നിറമാണ്. നീല പൂക്കളുണ്ടാകുന്ന ഹൈഡ്രാഞ്ചിയയിൽ പിങ്ക് പൂക്കൾ ഉണ്ടാകുവാൻ ചുവട്ടിലെ മണ്ണിളക്കി ചുറ്റും ചാരം ഇട്ടു കൊടുത്താൽ മതിയാകും.
തണൽ ഇഷ്ടപ്പെടുന്ന ചെടിയാണ് ഹൈഡ്രാഞ്ചിയ. എന്നാൽ തന്നെയും രാവിലെയുള്ള സൂര്യപ്രകാശം ലഭിക്കുകയും വേണം. നിലത്തും ചട്ടിയിലും ഹൈഡ്രാഞ്ചിയ വളർത്താവുന്നതാണ്. മണ്ണും ചാണകപ്പൊടിയും കൊക്കോ പീറ്റും ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാം. കമ്പ് ഒടിച്ചു നട്ടാണ് പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നത്. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ നനച്ചാൽ മതിയാകും. കീടബാധ ഉണ്ടാവുകയാണെങ്കിൽ ഷാംപൂ ചേർത്ത വെള്ളം സ്പ്രേ ചെയ്യുന്നത് കീടങ്ങളെ ഒഴിവാക്കും.
വേനൽക്കാലത്താണ് ഹൈഡ്രാഞ്ചിയയിൽ ഒത്തിരി പൂക്കൾ ഉണ്ടാക്കുന്നത്. കമ്പ് കോതലിന് ഒത്തിരി പ്രാധാന്യമുണ്ട് ഹൈഡ്രാഞ്ചിയ സംരക്ഷണത്തിൽ. ഒക്ടോബർ-നവംബർ മാസങ്ങളാണ് പ്രൂണിങ്ങിന് അനുയോജ്യം. നല്ലതുപോലെ താഴ്ത്തി വേണം കമ്പുകൾ വെട്ടുവാൻ.
Discussion about this post