കേരളത്തില്‍ പ്രചാരത്തിലുള്ള ഒരു തീറ്റപ്പുല്ലാണ് സങ്കര നേപ്പിയര്‍ അഥവാ ഹൈബ്രിഡ് നേപ്പിയര്‍. സുഗുണ, സുപ്രിയ, co3, co4, co5 എന്നിവയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ള സങ്കര നേപ്പിയര്‍ ഇനങ്ങള്‍.
നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് സങ്കരനേപ്പിയര്‍ കൃഷിക്ക് ഉത്തമം. നടാനായി രണ്ടോ മൂന്നോ മൊട്ടുകളോട് കൂടിയ കമ്പുകളോ വേരുകളോട് കൂടിയ ചിനപ്പുകളോ ഉപയോഗിക്കാവുന്നതാണ്.ഒരു സെന്റിന് ഏകദേശം 100 മുതല്‍ 120 കമ്പുകള്‍/ചിനപ്പുകള്‍ വേണ്ടിവരും. നിലം രണ്ടോ മൂന്നോ തവണ ഉഴുത്, കളകള്‍ പറിച്ചുമാറ്റിയതിന് ശേഷം ഒരു സെന്റിന് 2 കിലോ കുമ്മായം, 10 കിലോ ചാണകം എന്നിവ ചേര്‍ത്തുകൊടുക്കേണ്ടതാണ്. ചാണകം മൊത്തമായി വിതറുന്നതിന് പകരം വാരങ്ങളിലോ കുഴികളിലോ നല്‍കുന്നതാണ് നല്ലത്. അതിന് ശേഷം രണ്ടടി അകലത്തില്‍ കമ്പുകള്‍ നടാം.
വേര് പിടിച്ചതിന് ശേഷം 1 സെന്റിന് 3.5 കിലോ യൂറിയ, 3.5 കിലോ പൊട്ടാഷ്, 10 കിലോ രാജ്‌ഫോസ് എന്നിവ നല്‍കേണ്ടതാണ്. പിന്നീട് ഓരോ വിളവെടുപ്പിന് ശേഷവും സെന്റിന് 3.5 കിലോ യൂറിയ നല്‍കാവുന്നതാണ്. ചാണകസ്ലെറി നല്‍കാന്‍ സാധിക്കുകയാണെങ്കില്‍ രാസവളത്തിന്റെ, പ്രത്യേകിച്ച് യൂറിയയുടെ ഉപയോഗം വളരെയധികം കുറയ്ക്കാന്‍ സാധിക്കും.
കമ്പ് നട്ട് ആദ്യത്തെ രണ്ട് മാസം കളകള്‍ പറിക്കുകയും ഇട ഇളക്കിക്കൊടുക്കുകയും വേണം. നല്ല വിളവിന് വേനല്‍ക്കാലത്ത് ജലസേചനം ഉറപ്പാക്കേണ്ടതാണ്. സമയാസമയങ്ങളില്‍ കളനിയന്ത്രണം ചെയ്യേണ്ടതാണ്.
തുറസ്സായ സ്ഥലത്ത് ഒരു ഏക്കറില്‍ നിന്നും ഒരു വര്‍ഷം ഏകദേശം 80 മുതല്‍ 100 ടണ്‍ പച്ചപ്പുല്ല് പല തവണകളായി ലഭിക്കും. നട്ട് ഏകദേശം രണ്ട് മാസമാകുമ്പോള്‍ ആദ്യത്തെ വിളവെടുപ്പ് നടത്താം.തുടര്‍ന്ന് 45 ദിവസം കൂടുമ്പോള്‍ പുല്ല് അരിഞ്ഞെടുക്കാവുന്നതാണ്.ഒരു വര്‍ഷം ഏകദേശം 6 മുതല്‍ 8 തവണകളിലായി പുല്ല് അരിഞ്ഞെടുക്കാം. 10 സെന്റ് സ്ഥലത്ത് സങ്കര നേപ്പിയര്‍ കൃഷിയുണ്ടെങ്കില്‍ ഒരു പശുവിന് വേണ്ട ഒരു വര്‍ഷത്തെ പച്ചപ്പുല്ല് ഉറപ്പാക്കാം. ശരിയായ പരിചരണമുറകള്‍ നല്‍കുകയാണെങ്കില്‍ മൂന്നോ നാലോ വര്‍ഷം വരെ നല്ല വിളവ് ലഭിക്കും. ഉല്‍പ്പാദന ക്ഷമത കുറഞ്ഞ കളകള്‍ പറിച്ചുമാറ്റി പുതിയവ നടേണ്ടതാണ്.
തെങ്ങിന്‍ തോപ്പുകളില്‍ സങ്കര നേപ്പിയര്‍ കൃഷി ചെയ്യുകയാണെങ്കില്‍ സാമാന്യം ഭേദപ്പെട്ട വിളവും ലഭിക്കും. ഈ പുല്ലില്‍ 10% മാംസ്യവും 30% നാരും അടങ്ങിയിരിക്കുന്നു. പച്ചപ്പുല്ല് ധാരാളം നല്‍കാന്‍ സാധിക്കുകയാണെങ്കില്‍ കാലിത്തീറ്റയുടെ ചെലവ് 30 മുതല്‍ 40 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും. ഇതുവഴി പാലുല്‍പ്പാദനവും കൂടുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി
Discussion about this post