ചെടികളെ ബാധിക്കുന്ന ഒരു രോഗമാണ് വേരുചീയല്‍. രോഗത്തെ പ്രതിരോധിക്കുന്നതിന് മുമ്പ് എന്താണ് ഈ രോഗമുണ്ടാകാന്‍ കാരണമെന്ന് ആദ്യം മനസിലാക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന മണ്ണ് അല്ലെങ്കില്‍ വിവിധതരം കുമിള്‍ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.
മോശം ഡ്രെയിനേജ്, തുടര്‍ച്ചയായ കനത്ത മഴ, അമിതമായ വെള്ളം എന്നിവ ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാം. മോശം ഡ്രെയിനേജ് ആണ് ഇത്തരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിന് കാരണമാകുക. ഒരു അരിപ്പ പോലെ മണല്‍ നിറഞ്ഞ മണ്ണിലൂടെ വെള്ളം ഒഴുകാന്‍ അവസരമൊരുക്കണം.
ചെടികളുടെ വേരുകള്‍ക്ക് ഓക്‌സിജന്‍ ആവശ്യമാണ്. അതുകൊണ്ടാണ് വെള്ളക്കെട്ടുള്ള മണ്ണ് അവയ്ക്ക് ഒരു പ്രശ്നമാകുന്നത്. അവ അതില്‍ മുങ്ങുകയും ചീഞ്ഞഴുകുകയും നശിച്ചുപോകുകയും ചെയ്യുന്നു. ചീഞ്ഞഴുകുന്ന വേരുകള്‍ക്ക് വെള്ളം ആഗിരണം ചെയ്യാനും ചെടിയുടെ ബാക്കി ഭാഗത്തേക്ക് കൊണ്ടുപോകാനും കഴിയില്ല, അങ്ങനെ അത് വാടിപ്പോകുന്നു.
ചിലപ്പോള്‍, ഫൈറ്റോഫ്‌തോറ പോലുള്ള ഒരു ഫംഗസ് ആയിരിക്കാം വേരുചീയലിന് കാരണമാകുന്നത്. പക്ഷേ, മോശം ഡ്രെയിനേജ് അമിതമായ ജലത്തെ ഒരു പ്രശ്‌നമാക്കുന്നതുപോലെ, വെള്ളക്കെട്ടുള്ള മണ്ണ് ഫൈറ്റോഫ്‌തോറയ്ക്ക് സഹായകമാണ്. നനഞ്ഞ അവസ്ഥയില്‍ ഫംഗസ് തഴച്ചുവളരുന്നു. നന്നായി വറ്റിപ്പോകുന്ന മണ്ണില്‍ ഫൈറ്റോഫ്‌തോറിന് വളരാന്‍ എളുപ്പമല്ല.
വേരുചീയല്‍ എങ്ങനെ തിരിച്ചറിയാം?
വേരുചീയല്‍ കൃത്യസമയത്ത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അത് മണ്ണിനടിയിലാണ് ആദ്യം സംഭവിക്കുന്നത്. സാധാരണയായി ചെടിയുടെ ഇലകളില്‍ നിന്നാണ് രോഗം കണ്ടുപിടിക്കാന്‍ കഴിയുക. എന്നാല്‍ അപ്പോഴേക്കും, ചെടികളുടെ നാശം ഏതാണ്ട് അടുത്തുകഴിഞ്ഞിരിക്കും.
ഇലകളുടെ മഞ്ഞനിറം വേരുചീയലിന്റെ ലക്ഷണമാകാം. ഇലകള്‍ കൊഴിഞ്ഞേക്കാം. ഇലകളുടെ വലിപ്പത്തിലും ആകൃതിയിലും മാറ്റം വരാം. വേരുകള്‍ പരിശോധിച്ചാല്‍, അവ സാധാരണ നിറത്തേക്കാള്‍ വ്യത്യസ്തമായ നിറമാണെന്നും (ഇരുണ്ട, ചുവപ്പ് കലര്‍ന്ന തവിട്ട് മുതലായവ) ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതായും കാണാം. ചെടി എത്ര നനച്ചാലും, അത് എല്ലായ്‌പ്പോഴും വാടിപ്പോകുന്നതാണ് വേരുചീയലിന്റെ മറ്റൊരു ലക്ഷണം.
വേരുചീയല്‍ എങ്ങനെ തടയാം?
ചെടി നില്‍ക്കുന്നയിടത്ത് നല്ല ഡ്രെയിനേജ് ഉറപ്പാക്കുക. അമിതമായ വെള്ളം ഒഴിവാക്കുക.ഒരു ചെടി ശരിയായി നനച്ചിട്ടുണ്ടോ എന്ന് നിര്‍ണ്ണയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അതിന്റെ റൂട്ട് സോണിന് പുറത്തുള്ള മണ്ണിലേക്ക് വിരലിറക്കി നോക്കുക എന്നതാണ്. അവിടെ മണ്ണ് ഉണങ്ങിയതായി അനുഭവപ്പെട്ടാല്‍, ആവശ്യത്തിന് നനയ്ക്കുന്നില്ല എന്നര്‍ത്ഥം. പക്ഷേ, നനവുള്ളതായി കണ്ടാല്‍, നിങ്ങള്‍ അമിതമായി നനയ്ക്കുന്നു എന്ന് മനസിലാക്കാം.
കൃത്യ സമയത്ത് പ്രശ്‌നം കണ്ടെത്തിയാല്‍ ഒരു പരിധി വരെ ചെടിയെ സംരക്ഷിച്ചുനിര്‍ത്താന്‍ സാധിക്കും. വലിയ മരമോ ചെടിയോ അല്ലെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. ചെറിയ ചെടികളുടെ വേരുകളില്‍, പ്രത്യേകിച്ച് പോട്ടുകളില്‍ വളര്‍ത്തുന്ന ചെടികളിലാണെങ്കില്‍ സംരക്ഷിച്ചുനിര്‍ത്താന്‍ എളുപ്പമാണ്. വേരുചീയലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചെടി കുഴിച്ച് വേരുകഴുകി (അണുവിമുക്തമാക്കിയ കട്ടിംഗ് ഉപകരണം ഉപയോഗിച്ച്) രോഗബാധിതമായ ഭാഗങ്ങള്‍ നീക്കം ചെയ്തുകൊണ്ട് ചികിത്സിക്കാം.
പിന്നീട് വീണ്ടും നട്ടുപിടിപ്പിക്കുമ്പോള്‍, ഒന്നുകില്‍ കമ്പോസ്റ്റ് ഉപയോഗിച്ച് അതേ സ്ഥലത്തേക്ക് തിരികെ നടാം. അല്ലെങ്കില്‍ മറ്റൊരിടത്തേക്ക് മാറ്റി പറിച്ചുനടാം. ഏതുവിധേനയും, നിങ്ങളുടെ ചെടികള്‍ക്ക് വളരാന്‍ പാകമായ മണ്ണ് നല്‍കുന്നത് ഭാവിയില്‍ വേരുചീയല്‍ പ്രശ്‌നം ഒഴിവാക്കാന്‍ സഹായിച്ചേക്കാം.
Discussion about this post