മണ്ണിരകളെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വളമാണ് മണ്ണിര കമ്പോസ്റ്റ്. ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന രീതി കൂടിയാണ് ഇത്. ജൈവ കൃഷിക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വളം കൂടയാണ് മണ്ണിര കമ്പോസ്റ്റ്.
തയ്യാറാക്കുന്ന വിധം
തണലുള്ള ഭാഗത്ത് 3 അടി വീതിയും 2 അടി താഴ്ചയും 10 അടിയോളം നീളവുമുള്ള കുഴി തയ്യാറാക്കുക. കുഴിയുടെ അടിഭാഗം നന്നായി ഉറപ്പിച്ച ശേഷം തൊണ്ട് മലര്‍ത്തി അടുക്കുക. അതിന് മുകളിലായി അഴുകി തുടങ്ങിയ ഖരമാലിന്യങ്ങള്‍ ഇടുക. എരിവ്, പുളി അടങ്ങിയ ഖരവസ്തുക്കള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക. അഴുകിയ ഖരമാലിന്യങ്ങള്‍ ഇട്ട ശേഷം അതിന് മുകളിലായി ചാണകം കൊടുക്കുക. അതിന് മുകളില്‍ വീണ്ടും ഖരമാലിന്യം എന്ന രീതിയില്‍ അടുക്കടുക്കായി ഇട്ടുകൊടുക്കുക. ഇതിനിടയ്ക്ക് യൂഡ്രില്ലസ് യൂജിനിയ എന്ന് പറയുന്ന ആഫ്രിക്കന്‍ മണ്ണിരയെയും കൊടുക്കുക. 1 കിലോഗ്രാം മണ്ണിരയ്ക്ക് 700 രൂപയാണ് വില. ഈ കുഴിയിലേക്ക് ഏകദേശം 500 എണ്ണം അതായത് അരക്കിലോയോളം മണ്ണിരയെ വേണ്ടിവരും.
കുഴിയുടെ ഏകദേശം ഒരടി ഉയരത്തില്‍ വേണം ഈ കുഴി അടുക്കടുക്കായി നിറയ്‌ക്കേണ്ടത്. അതിന് മുകളിലായി ഉണങ്ങിയ ഓലയോ മറ്റോ ഉപയോഗിച്ച് മറയ്ക്കുക. എലിശല്യം ഒഴിവാക്കാനായി ഏറ്റവും മുകളില്‍ കമ്പിവല വെക്കുന്നതും നല്ലതാണ്. ഉറുമ്പിന്റെ ശല്യം ഇല്ലാതിരിക്കാനായി കുഴിയുടെ നാല് ചുറ്റും പിവിസി പൈപ്പ് പകുതിയോളം മുറിച്ച അതില്‍ വെള്ളം നിറച്ച് ചേര്‍ത്ത് വെച്ചിരുന്നാല്‍ മതി.
ഏകദേശം 2 മാസമാകുമ്പോഴേക്കും നല്ല മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കിയെടുക്കാന്‍ സാധിക്കും. ഇത്തരത്തില്‍ തയ്യാറാക്കിയ മണ്ണിര കമ്പോസ്റ്റ് പുറത്തെടുത്ത് കൂന കൂട്ടിവെക്കുക. മണ്ണിരകള്‍ താഴേക്ക് പോവുകയും മുകള്‍ ഭാഗത്തുള്ള മണ്ണിര കമ്പോസ്റ്റ് മാറ്റിയെടുത്ത് അരിച്ച് ഉണക്കി സൂക്ഷിക്കാവുന്നതാണ്.
മണ്ണിര കമ്പോസ്റ്റിന് ഏകദേശം 1 കിലോയ്ക്ക് 20 രൂപയാണ് വില. ഇത് നേരിട്ട് കൃഷിയിടങ്ങളില്‍ ഉപയോഗിക്കുകയോ ഉണക്കി വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി
Discussion about this post