നെല്ലിക്ക വിഭവങ്ങളിൽ ഏറ്റവും സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ വിഭവമാണ് കരിനെല്ലിക്ക. കരിനെല്ലിക്ക അഥവാ കറുപ്പിച്ച നെല്ലിക്ക എന്ന ഈ പരമ്പരാഗത വിഭവത്തിന് ഔഷധഗുണങ്ങൾ ഏറെയാണ്. അതുകൊണ്ട് ആരാധകരും കൂടുതലാണ്. കോവിഡ് കാലഘട്ടത്തിൽ ധാരാളം പേർ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ നെല്ലിക്ക ഉപയോഗപ്പെടുത്തിയ വിഭവങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. ചുറ്റുവട്ടത്ത് ലഭ്യമായതും, പോഷകമൂല്യമുള്ളതും, വില കുറഞ്ഞതുമായ നെല്ലിക്ക കഴിക്കുന്നത് തന്നെയാണ് ഈ കാര്യത്തിൽ ഏറ്റവും ഫലപ്രദം. ഓറഞ്ചിൽ ഉള്ളതിനേക്കാൾ കൂടുതൽ വിറ്റാമിൻ സിയാണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നത്. ഇതിനൊപ്പം ആന്റിഓക്സിഡൻറ്, ഫൈബർ, മിനറൽസ്,കാൽസ്യം എന്നിവയെല്ലാം ഈ ഇത്തിരി കുഞ്ഞനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
നെല്ലിക്കയുടെ സ്ഥിരമായ ഉപയോഗം മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുവാനും, ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുവാനും, ഒപ്പം ഒട്ടേറെ ജീവിതശൈലി രോഗങ്ങളെ മറികടക്കുവാനും നമ്മളെ പ്രാപ്തമാക്കുന്നു. അതുകൊണ്ടുതന്നെ നെല്ലിക്ക ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം തന്നെ ആരോഗ്യത്തിന് മികച്ചതാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. എന്നാൽ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന കരി നെല്ലിക്ക വിഭവത്തിന് ഗുണങ്ങൾ അനവധിയാണ്. ഇത് പ്രമേഹം ഉൾപ്പെടെയുള്ള രോഗസാധ്യതകളെ ഇല്ലാതാക്കുന്നു എന്ന് നമ്മുടെ പൂർവികർ അവകാശപ്പെടുന്നു. അതുകൊണ്ട് മരുന്ന് എന്ന രീതിയിലും കരിനെല്ലിക ഏറെ വിശേഷപ്പെട്ടതാണ്. ഇനി
കരി നെല്ലിക്ക തയ്യാറാക്കുന്ന വിധം നോക്കാം..
കരിനെല്ലിക്ക തയ്യാറാക്കുന്ന വിധം
മൺകലത്തിലാണ് കരി നെല്ലിക്ക തയ്യാറാക്കേണ്ടത്. അധികം മൂപ്പ് എത്താത്ത ചെറിയ നെല്ലിക്കകളാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഇത് കഴുകി വൃത്തിയാക്കി നല്ലപോലെ വെള്ളം കളഞ്ഞെടുക്കണം.ഇതിലേക്ക് വേണ്ട മറ്റു ചേരുവകൾ കാന്താരി മുളക്, പച്ച കുരുമുളക്, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, കല്ലുപ്പ്,മഞ്ഞൾപൊടി തുടങ്ങിയവയാണ്.
ഒരു മൺകലത്തിൽ മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചേർക്കുക. ഏകദേശം ഒരു 30 നെല്ലിക്കയോളം എടുക്കുകയാണെങ്കിൽ അതിലേക്ക് 25 കാന്താരി മുളക്, ഒരു തുടം വെളുത്തുള്ളി, ഒരു കൈപ്പിടിയോളം കുരുമുളക് എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്തതിനുശേഷം ഒന്നര കപ്പ് വെള്ളം ഒഴിച്ചതിനു ശേഷം നല്ലപോലെ ഇളക്കി ചേർക്കുക. വാഴയില കൊണ്ടോ, പാത്രം കൊണ്ടോ കലത്തിന്റെ വായ് ഭാഗം മൂടിവയ്ക്കുക.
അതിനുശേഷം ഗ്യാസിൽ വെച്ച് കലം ചൂടാക്കുക. ഏകദേശം 10 മിനിറ്റിനു ശേഷം അതായത് കലം ചെറുതായി ചൂടായതിനു ശേഷം ഓഫ് ചെയ്യുക. അധികം വേവിക്കരുത്. ഇങ്ങനെ തുടർച്ചയായി 15 ദിവസം ചൂടാക്കണം. എല്ലാ ദിവസവും കലത്തിലെ ചേരുവകൾ ഇളക്കി ചേർക്കുവാൻ മറക്കരുത്. ഏകദേശം 30 ദിവസം കഴിഞ്ഞ് ഇത് തുറന്നെടുക്കാം. ഒരുമാസം കഴിയുമ്പോഴേക്കും ചേരുവകൾ എല്ലാം നല്ലപോലെ ചേർന്ന് കറുത്ത നിറത്തിലേക്ക് മാറും. അതിനുശേഷം ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്ത് അല്പം ഉലുവ ഇടുക. അതിനുശേഷം അല്പം വെളുത്തുള്ളി ചതച്ചതും, ആവശ്യത്തിന് കറിവേപ്പില, പച്ചമുളക് എന്നിവയും ചേർത്ത് വഴറ്റുക. നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്ക് കറുപ്പിച്ച നെല്ലിക ഇട്ടുകൊടുക്കുക. ഇത് ചോറിനൊപ്പം കഴിക്കുന്നത് വളരെ സ്വാദിഷ്ടമാണ്. പ്രമേഹം,കൊളസ്ട്രോൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായും ഇത് ഉപയോഗപ്പെടുത്തുന്നു.
Discussion about this post