ഇത്തിരി കുഞ്ഞൻ ആണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തിൽ അല്പം മുൻപന്തിയിലാണ് ഉലുവ. ഫൈബർ ആന്റിഓക്സൈഡുകൾ ജീവകങ്ങളായ എസി തുടങ്ങിയവ ധാരാളമായി ഉലുവയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഉലുവ കുതിർത്ത് വെള്ളം ഡയറ്റിന്റെ ഭാഗമായി പലരും ഉപയോഗപ്പെടുത്താറുണ്ട്. ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കുവാനും, ഹൃദയാരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുവാനും ഉലുവയിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയിഡുകൾ ഗുണം ചെയ്യും. ഉലുവ ഉപയോഗപ്പെടുത്തിയിട്ടുള്ള ഭക്ഷണം ശരീരത്തിലെ കൊഴുപ്പിന് പുറന്തള്ളുവാൻ ഏറെ നല്ലതാണ്.
ഉലുവ ഉപയോഗപ്പെടുത്തിയുള്ള വിഭവങ്ങൾ
ഉലുവ ഡ്രിങ്ക്
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ഡ്രിങ്കാണ് ഉലുവ പാനീയം. ഈ പാനീയം വയറിലെ കൊഴുപ്പിനെ നീക്കം ചെയ്യുവാനും, ശരീരഭാരം പെട്ടെന്ന് കുറയ്ക്കുവാനും ഗുണം ചെയ്യുന്ന ഒന്നാണ്. ഒരു മിക്സിയിൽ കാൽ കപ്പ് ഉലുവ ഇലയും, ഒരു ചെറു നാരങ്ങ പിഴിഞ്ഞതും, 150 ഗ്രാം വെള്ളരിക്കയും, രണ്ട് കാന്താരി മുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് അല്പം വെള്ളം ചേർത്ത് അടിക്കുക. അതിനുശേഷം അരിച്ച് ഉപയോഗിക്കാവുന്നതാണ്.
ഉലുവ ഉണ്ട
ഒരു ചികിത്സ എന്ന രീതിയിൽ ഉലുവ ഉണ്ട കർക്കിടകത്തിൽ മലയാളികൾ കഴിക്കുന്ന പതിവുണ്ട്. ഇത് ശരീരത്തിലെ വേദനകളെ അകറ്റുവാൻ നല്ലതാണ്.
100 ഗ്രാം ഉലുവ നന്നായി കഴുകി വൃത്തിയാക്കി തലേന്ന് രാത്രി കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് രണ്ട് കപ്പ് വെള്ളത്തിൽ ഇത് നന്നായി വേവിച്ചെടുക്കുക. ശേഷം ഒരു പരന്ന പാത്രം അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് വേവിച്ചെടുത്ത ഉലുവയും ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ഇത് നല്ലപോലെ വഴറ്റിയതിനുശേഷം ഒന്നര കപ്പ് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക. ഇതിനൊപ്പം ആവശ്യത്തിന് ഉപ്പും ചേർക്കണം. ശർക്കരപ്പാനി നന്നായി തിളച്ച് കുറുകി വരുന്ന സമയം നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. നന്നായി തിളച്ചു കഴിഞ്ഞാൽ ചെറുതിയിൽ വച്ച് പാചകം ചെയ്യാൻ ശ്രദ്ധിക്കണം. ഇതിലേക്ക് അര മുറി തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. വീണ്ടും നന്നായി ഇളക്കി വിളയിച്ചെടുക്കണം. ശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കി കൊടുക്കാം. അടുപ്പിൽനിന്ന് ഇറക്കും മുൻപ് അര ടീസ്പൂൺ വീതം ചുക്കുപൊടിയും ജീരകപ്പൊടിയും ചേർത്തു കൊടുക്കണം. എല്ലാം നന്നായി വരട്ടിയെടുക്കണം. ചൂടാറിയശേഷം കുപ്പിയിലാക്കി ഇത് സൂക്ഷിക്കാം. പ്രസവരക്ഷ മരുന്ന് എന്ന രീതിയിലും ഇത് ഉപയോഗിക്കാറുണ്ട്. പുറം വേദന നടുവേദന തുടങ്ങി പ്രയാസമുള്ളവർ ഇത് ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
Discussion about this post