കേരളത്തിന്റെ മുഖമുദ്രയാണ് തെങ്ങുകള്‍. തേങ്ങയില് തുടങ്ങി ഈര്‍ക്കില്‍ വരെ നീളുന്നു മലയാളിയും തെങ്ങും തമ്മിലുള്ള ബന്ധം. മുന്‍പ് പത്താമുദയത്തിന് പറമ്പില്‍ തെങ്ങ് വയ്ക്കുന്നത് പഴമക്കാരുടെ ശീലങ്ങളില്‍ ഒന്നായിരുന്നു. വെറുതെ വയ്ക്കുകയായിരുന്നില്ല. ചിട്ടയായ നടീലും പരിപാലനവുമാണ് മാനം മുട്ടി നില്‍ക്കുന്ന തെങ്ങുകളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഉള്ളത്.
തെങ്ങിന്‍ തൈകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്:
വിത്ത് ഗുണം പത്ത് ഗുണം എന്നാണല്ലോ. ഗുണമേന്‍മയുള്ള തൈകള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം.9 മാസം പ്രായമെത്തുമ്പോള്‍ ചുരുങ്ങിയത് 4 ഓലകള്‍ വരെ ഉണ്ടാകുന്ന തെങ്ങിന്‍ തൈകളുടെ കണ്ണാടിക്കനം ( കട ഭാഗത്തെ ചുറ്റളവ്) 10- 12 സെന്റി മീറ്റര്‍ കാണും. കൂടാതെ ഓലകള്‍ വിരിഞ്ഞ് ഓലക്കാലുകള്‍ വേര്‍പെടുന്നു. അങ്ങനെയുള്ളവയാണ് വേഗത്തില്‍ വളരുകയും കായ്ക്കുകയും ചെയ്യുന്നത്.
മണ്ണ് ഫലഭൂയിഷ്ഠമാണെങ്കില്‍ അത് കൃഷിക്ക് മാത്രമല്ല കര്‍ഷകര്‍ക്കും ഗുണം ചെയ്യും. തെങ്ങിന്‍ തൈ നടാന്‍ ഏറ്റവും അനുയോജ്യമായ മണ്ണാണ് പശിമരാശി മണ്ണ്,ഏക്കല്‍ മണ്ണ്, ചെമ്മണ്ണ്, മണലിന്റെ അംശം കൂടിയ മണ്ണ് എന്നിവ. പക്ഷേ കളിമണ്ണിന്റെ അംശം കൂടിയ മണ്ണ് കൃഷിക്ക് അനുയോജ്യവുമല്ല.
ഏകദേശം 120 സെന്റിമീറ്ററില്‍ താഴ്ചയിലാണ് ഇതിന്റെ വേര് വളരുന്നത്. അതിനാല്‍ പാറയോ, ഉറച്ച പ്രതലമോ ഇല്ലാത്ത ഇടങ്ങളില്‍ വേണം തൈകള്‍ നടാന്‍. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് നല്ലത്. വെള്ള കെട്ട് ഉള്ള സ്ഥലങ്ങള്‍ ആണെങ്കില്‍ കൂനയോ ബണ്ടോ തയ്യാറാക്കിയും തൈകള്‍ നടാവുന്നതാണ്.
ഭൂഗര്‍ഭജല നിരപ്പ് , മണ്ണിന്റെ ഘടന എന്നിവ അനുസരിച്ചാണ് തൈകള്‍ നടാന്‍ ആവശ്യമായ കുഴികളെടുക്കുന്നത്. 1 മീറ്റര്‍ നീളവും ,അത്ര തന്നെ വീതിയുമുള്ള കുഴിയാണ് വേണ്ടത്. വെള്ള കെട്ടുള്ള പ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ തൈയുടെ വളര്‍ച്ച അനുസരിച്ച് മണ്ണ് കൂട്ടി കൊടുക്കുകയും ആകാം.
കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് മെയ് – ജൂണ്‍ മാസങ്ങളിലാണ് തെങ്ങിന്‍ തൈ നടുന്നത്. ജല സേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ ഇത് ഏപ്രില്‍ മാസത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ സെപ്തംബര്‍ മാസത്തിലുമാണ് നടുക. തൈയുടെ വരള്‍ച്ച മുരടിക്കാതിരിക്കാന്‍ തണല്‍ ലഭിക്കുന്ന രീതിയില്‍ തൈ നടുന്നതാണ് നല്ലത്.
പരമാവധി ഉല്പാദനം സാധ്യമാകുന്നതിനായി ശരിയായ അകലത്തില്‍ തൈകള്‍ നടണം. മണ്ണിന്റെ തരം അനുസരിച്ച് നടീല്‍ രീതിയില്‍ വ്യത്യാസമുണ്ട് . നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ത്രികോണ സമ്പ്രദായത്തിലാണ് തൈകള്‍ വച്ചു പിടിപ്പിക്കേണ്ടത്. കൂടാതെ 5 മീറ്റര്‍ അകലത്തില്‍ ഒറ്റ വരി സമ്പ്രാദയവും, 9 മീറ്റര്‍ അകലത്തില്‍ ഉള്ള ഇരട്ടവരി സമ്പ്രാദയവും പ്രയോഗിക്കുന്നു. ഗുണനിലവാരമുള്ള തെങ്ങിന്‍ തൈകള്‍ കൃത്യമായി പരിചരിക്കുന്നതിലൂടെ ആദായവും കൂടുന്നു.
Discussion about this post