പുറംമതിലുകള്‍ മുതല്‍ അകത്തളങ്ങളില്‍ വരെ ട്രെന്‍ഡാണ് ഇപ്പോള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍. കുറഞ്ഞ സ്ഥലത്ത് ചെടികള്‍ ലംബമായി ക്രമീകരിക്കുന്ന രീതിയാണ് ഇത്. ശബ്ദ-വായു മലിനീകരണങ്ങള്‍ കുറയ്ക്കുന്നതിനും നഗരം അലങ്കരിക്കുന്നതിനും വേണ്ടിയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ആദ്യം പ്രചാരത്തിലെത്തിയത്
.
മതിലുകളും വീട്ടിലെ ചുവരുകളും മാത്രമല്ല, ബാല്‍ക്കണി, കാര്‍പോര്‍ച്ച്, നടുമുറ്റം, ഓഫീസ് റിസപ്ഷന്‍ എന്നിവിടങ്ങളെല്ലാം വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലൂടെ മനോഹരമാക്കാം. അലങ്കാരം മാത്രമല്ല വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലൂടെ ലഭിക്കുന്നത്, ചൂട് കുറയ്ക്കാനും വായുസഞ്ചാരം വര്‍ദ്ധിപ്പിക്കാനും മുറികളിലെ ഓക്‌സിജന്റെ സാന്ദ്രത കൂട്ടുന്നതിനും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സഹായിക്കുന്നു. അലങ്കാര ചെടികള്‍ക്ക് പുറമെ പാലക്ക്, ചീര, മുളക് തുടങ്ങിയ പച്ചക്കറികളും ഔഷധച്ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ വളര്‍ത്താം.
വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്നതിന് മുമ്പ് വ്യക്തമായ പ്ലാന്‍ തയ്യാറാക്കണം. ഡിസൈനെ കുറിച്ചും ലാന്‍ഡ്‌സ്‌കേപ്പിനെ കുറിച്ചും ധാരണയുണ്ടായിരിക്കണം.ഒരേയിനം ചെടികള്‍ ഒരുമിച്ച് കൂട്ടിച്ചേര്‍ത്താല്‍ മാത്രമേ ആകര്‍ഷകത്വം ഉണ്ടാകൂ. വളര്‍ന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന ചെടികള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ ഭംഗി കൂട്ടും. ചെടികള്‍ അധികം വളര്‍ന്ന് പന്തലിക്കാതെ കൃത്യമായി ട്രിം ചെയ്ത് നിര്‍ത്തണം. ചെടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും സ്ഥലത്തിന്റെ പ്രകാശലഭ്യതയും ശ്രദ്ധിക്കണം. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണെങ്കില്‍ അസ്പരാഗസ്(മയൂരി), ഡ്രസീന, സിങ്കോണിയം, കോച്ചിയ, പച്ച/ചുവപ്പ്/മള്‍ട്ടികളര്‍ അമരാന്തസ് എന്നിവ അനുയോജ്യമാണ്. വിവിധ നിറങ്ങളിലുള്ള സര്‍ക്കുലന്റ്‌സ് നട്ടും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മനോഹരമാക്കാം. ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണെങ്കില്‍ മണിപ്ലാന്റ്, ഫേണുകള്‍, ക്രിപ്റ്റാന്തസ്, പെപ്പറൊമിയ, മിനി ഫിലോഡെന്‍ഡ്രോണ്‍, ട്രാന്‍സ്‌ഡെന്‍ഷ്യ എന്നിവയാണ് വെച്ചുപിടിപ്പിക്കാന്‍ നല്ലത്. വെളിച്ചം കുറഞ്ഞ സ്ഥലത്ത് ഫ്‌ളൂറസെന്റ് ലൈറ്റിന്റെ സഹായത്തോടെ ഈ ചെടികളെല്ലാം തന്നെ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ അലങ്കരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.
വെര്‍ട്ടിക്കല്‍ ഗാര്‍നുള്ള സ്ഥലവും ചെടികളും തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അവ സ്ഥാപിക്കുന്നതിനെ കുറിച്ചറിയാം. ഭിത്തിയില്‍ ഉറപ്പിച്ച ഫ്രെയിമില്‍ ചെടികള്‍ നട്ട വെര്‍ട്ടിക്യൂള്‍സ് കൊളുത്തിയിടുകയാണ് സാധാരണ ചെയ്യുന്നത്. ഇതിലേക്ക് പോളിപ്രൊപ്പിലീന്‍ കൊണ്ടുണ്ടാക്കിയ വിവിധ നിറങ്ങളിലുള്ള വെര്‍ട്ടിക്യൂളുകള്‍ വിപണിയില്‍ ലഭ്യമാണ്. മറൈന്‍പ്ലൈ, തടി എന്നിവ ഉപയോഗിച്ച് ബോക്‌സുകള്‍ പോലെ നിര്‍മ്മിച്ച് അവയിലും ചെടികള്‍ നട്ടുപിടിപ്പിക്കാം.പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചും ചെടികള്‍ നട്ട് മതിലുദ്യാനം ഉണ്ടാക്കാം.ചെടികളും തണ്ടും ഇലകളും മുമ്പിലേക്ക് അല്‍പ്പം ചാഞ്ഞു നില്‍ക്കുന്ന വിധത്തില്‍ വേണം നടാന്‍. ഹാന്‍ഡ് സ്‌പ്രെയര്‍ ഉപയോഗിച്ച് വെള്ളം തളിക്കുകയും ഇലകള്‍ തുടച്ച് വൃത്തിയാക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കണം.
വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരിപാലിക്കുമ്പോള്‍ മതിലുകളും മറ്റും വെള്ളവും വളവും വീണ് നാശമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി പൊക്കകുറവുള്ള ഗാര്‍ഡനുകളില്‍ ജല/വളസേചനത്തിനായി ഹാന്‍ഡ് സ്‌പ്രെയറും പൊക്കത്തിലുള്ള ഉദ്യാനത്തിനായി ഡ്രിപ് ഇറിഗേഷന്‍ സംവിധാനവും ഉപയോഗിക്കാം. ഈര്‍പ്പത്തിന്റെ അളവ് കുറവുണ്ടെന്ന് തോന്നിയാല്‍ മാത്രം നന കൊടുത്താല്‍ മതി.
വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് രണ്ടാഴ്ചയിലൊരിക്കല്‍ 19:19:19 മിക്‌സചര്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ സ്‌പ്രെ ചെയ്തു കൊടുക്കാവുന്നതാണ്. ചീര, പാലക്, പച്ചമുളക് തുടങ്ങിയവയാണ് വളര്‍ത്തുന്നതെങ്കില്‍ ജൈവവളം(പിണ്ണാക്കുകള്‍) വെള്ളത്തില്‍ നേര്‍പ്പിച്ച് സ്േ്രപ ചെയ്യാം. മറ്റ് ഗാര്‍ഡനുകളെ അപേക്ഷിച്ച വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ പരിപാലിക്കാന്‍ അധികം സമയവും ശ്രദ്ധയും വേണ്ട. പൊതുവെ രോഗബാധകള്‍ കുറവായിരിക്കും.അഥവാ ചെടികള്‍ വാടുകയോ നശിക്കുകയോ ചെയ്യുന്നത് കണ്ടാല്‍ കേടുള്ള ചെടി ഇരിക്കുന്ന വെര്‍ട്ടിക്യൂള്‍ മാത്രം പുറത്തേക്കെടുക്കുക. ചെടിക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കുകയോ ചെടി മാറ്റി നടുകയോ ചെയ്ത ശേഷം വെര്‍ട്ടിക്യൂള്‍ തിരികെ വെക്കാം. ചട്ടികള്‍ സ്ഥാനം ക്രമീകരിച്ച് ഡിസൈന്‍ പുതുക്കുകയും ചെയ്യാം.
Discussion about this post