വൃക്ഷായുര്‍വേദ വിധി പ്രകാരം ഹെര്‍ബല്‍കുനപജല്‍ (ഹരിതകഷായം) ഉണ്ടാക്കേണ്ട വിധം എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍:-
1. 200 ലിറ്റര്‍ ശേഷിയുള്ള പ്ലാസ്റ്റിക്ഡ്രം അടപ്പുള്ളത് 1 എണ്ണം
2. വിവിധ കള സസ്യങ്ങളുടെ ഇലകളും ഇളം തണ്ടുകളും വളരെ ചെറുതായി അരിഞ്ഞത് 20 കിലോ(പുല്ലു വര്‍ഗ്ഗത്തില്‍ പെട്ടതും, പൊട്ടിച്ചാല്‍ പാല്‍ വരുന്നതുമായ ചെടികള്‍ എടുക്കരുത്. പുല്ലു വര്‍ഗ്ഗത്തില്‍പെട്ടതിനു കരുത്ത് കുറവാണ്. പാല്‍/കറ പുളിപ്പിക്കല്‍ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഒരിനത്തില്‍ പെട്ട കള/ചെടി പരമാവധിഒന്ന് മുതല്‍ രണ്ടു കിലോ വരെ മാത്രംഎടുക്കുക. പത്തിലേറെ വ്യത്യസ്ത കള സസ്യങ്ങളുടെ ഇലകള്‍ ലഭിക്കുന്നതിനാണ്
ഈ രീതി അനുവര്‍ത്തിക്കുന്നത്.ശീമക്കോന്ന,കണിക്കൊന്ന, ആര്യവേപ്പ് എന്നിവയുടെ ഇലകള്‍ രണ്ട് കിലോ വീതം ഉള്‍പ്പെടുത്തണം.മറ്റു വൃക്ഷങ്ങളുടെ ഇലകള്‍ എടുക്കരുത്.കാര്‍ബണ്‍ നൈട്രജന്‍ അനുപാതം കൂടുതലുള്ള മറ്റു
വൃക്ഷങ്ങളുടെ ഇലകള്‍ എളുപ്പം അഴുകുകയില്ല.പറമ്പില്‍ വളരെ കരുത്തോടെ വളരുന്ന കള സസ്യങ്ങളായ കമ്മ്യൂണിസ്റ്റ്പച്ച, കുറുംതോട്ടി,
തഴുതാമ,വട്ടപെരുവലം,തൊട്ടാവാടി,തുമ്പ,കിരിയാത്ത്,തുടങ്ങിയവയൊന്ന് എടുക്കേണ്ടത്.)
3. നാടന്‍ പശുവിന്റെ ചാണകം 10 കിലോ
4.മുളപ്പിച്ച ഉഴുന്ന് 2 കിലോ
5.ശര്‍ക്കര 3 കിലോ
6.ശുദ്ധമായ വെള്ളം100ലിറ്റര്‍
7.സില്‍പോളിന്‍ഷീറ്റ് 5 x 3 മി സൈസ്
8.ഇളക്കാന്‍ 2 ഇഞ്ച് വണ്ണമുള്ള 1.5 മീ നീളമുള്ള മരത്തിന്റെ വടി
9.അളന്നു തൂക്കാന്‍ ത്രാസ്സ്
നിര്‍മാണ രീതി:-
പ്ലാസ്റ്റിക്ഡ്രം നേരിട്ട് വെയില്‍ തട്ടാത്ത സ്ഥലത്തുവച്ച്ശേഷം തൂക്കം നോക്കി അളന്ന് തിട്ടപ്പെടുത്തിയ സാധനങ്ങളില്‍ നിന്നു കുറച്ച് പച്ചച്ചാണകം എടുത്തു ഡ്രമ്മില്‍ വിതറുക.അതിനു മുകളില്‍ വളരെ ചെറുതായി അരിഞ്ഞ കള
സസ്യങ്ങളുടെ ഇലകള്‍ നന്നായി കൂട്ടികലര്‍ത്തിയതിനു ശേഷം മൂന്നോ നാലോ പിടി വിതറുക. ശേഷം മുളപ്പിച്ച ഉഴുന്ന്കുറച്ച്
വിതറുക.അതിനു മുകളില്‍ നന്നായി പൊടിച്ച ശര്‍ക്കര വിതറുക.വീണ്ടും പച്ചചാണകം,ഇലകള്‍ , മുളപ്പിച്ച ഉഴുന്ന്,
പൊടിച്ച ശര്‍ക്കര എന്നിങ്ങനെ പല അടുക്കുകളായി ഡ്രം നിറയ്ക്കുക. ഈ സാധനങ്ങള്‍ ഇട്ടു കഴിഞ്ഞാല്‍ ഡ്രം പകുതി മാത്രമേ
നിറയുകയുള്ളു. ശേഷം നൂറ്ലിറ്റര്‍വെള്ളം അളന്ന് ഒഴിക്കണം. ഡ്രം അടപ്പ് കൊണ്ട് അടച്ച് വെക്കുക.
അടുത്ത ദിവസം രാവിലെ വെയില്‍ കനക്കുന്നതിനു മുന്‍പ്മരത്തിന്റെ നീളമുള്ള വടി ഉപയോഗിച്ച്ട ഇത്തോട്ടും വലത്തോട്ടും അഞ്ചു പ്രാവശ്യം വീതം ഇളക്കണം. വൈകിട്ടും വെയില്‍ പോയതിനു ശേഷം ഇത് പോലെ ഇളക്കണം.പതിനഞ്ച്ദിവസം വരെ രാവിലെയും വൈകീട്ടും ഇളക്കണം.പതിനഞ്ചുദിവസം കഴിഞ്ഞാല്‍ അരിച്ചെടുത്ത കഷായം ഇതേ ഡ്രെമ്മില്‍ എത്ര കാലം വേണമെങ്കിലും സൂക്ഷിച്ച് വയ്ക്കാം.അരിച്ചെടുത്ത ചണ്ടി ജൈവവളമായി ഉപയോഗിക്കാം.
ഉപയോഗക്രമം:-
കരുത്തു കുറഞ്ഞ പച്ചക്കറികളില്‍, പച്ചക്കറി തൈകളില്‍ 50 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിക്കാം,ഇലകളില്‍ തളിക്കാം.
മറ്റുള്ളവയ്ക്കു100 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. പച്ചക്കറികളില്‍ രണ്ടില പ്രായത്തിലും,ശിഖരങ്ങള്‍ വളരുന്ന/വള്ളിയിടുന്ന പ്രായത്തിലും,പൂക്കുന്ന സമയത്തും നല്‍കാം.നെല്ലില്‍ ഞാറ്റടിയിലും,പറിച്ച് നട്ടതിനു ശേഷം ചിനപ്പ് പൊട്ടുന്ന സമയത്തും,പൂക്കുന്ന സമയത്തും നല്‍കാം.
ദീര്‍ഘകാല വിളകളില്‍ വര്‍ഷത്തില്‍ നാലു തവണമണ്ണിലും,ആറു തവണ ഇലകളിലും തളിച്ച്കൊടുക്കാം.
നല്‍കേണ്ട അളവ് വിളകളുടെ പ്രായം വലിപ്പം അനുസരിച്ച് കൂട്ടി കൊടുക്കാം
വിജേഷ് കെ
കൃഷി അസിസ്റ്റന്റ്
കൃഷിഭവന്‍
കറുകുറ്റി
എറണാകുളം
Discussion about this post