ചെടികളുടെ സമഗ്ര വളര്‍ച്ചയ്ക്കും സൗഖ്യത്തിനും (Crop Health ) പറ്റിയ മണ്ണ് എങ്ങനെ ആയിരിക്കണം? നല്ല മണ്ണെന്നാല്‍ നാല്പത്തഞ്ച് ശതമാനം ധാതുക്കള്‍ (Mineral matter/ Inorganic matter) അഞ്ച് ശതമാനം ജൈവാംശം (Organic matter) ഇരുപത്തഞ്ചു ശതമാനം വീതം ഈര്‍പ്പം, വായു എന്നിവ ഉള്ളതായിരിക്കണം എന്ന് മണ്ണ് ശാസ്ത്രം. ഇവ നാലും പരസ്പര ബന്ധിതമെങ്കിലും ‘A chain is as strong as its weakest link ‘എന്ന തത്വ പ്രകാരം ഇതില്‍ ഏതാണോ കുറയുക എന്നതിനെ ആശ്രയിച്ചിരിക്കും മണ്ണിന്റെ പ്രത്യുല്‍പാദന ക്ഷമത /വന്ധ്യത എന്ന് ചുരുക്കം.
ഇതില്‍ ധാതുക്കള്‍ (mineral matter ) എന്നാല്‍ പ്രധാനമായും ചെടികളുടെ ക്രമമായ വളര്‍ച്ചയ്ക്ക് നിദാനമായ 16 സസ്യ മൂലകങ്ങള്‍ ആണ്.
ഓരോരുത്തര്‍ക്കും ഓരോ കര്‍മ്മമുണ്ട്. അത് ചെയ്യാന്‍ അവര്‍ വേണ്ടത്ര അളവില്‍ മണ്ണില്‍ വേണം. അധികം ആകാനും പാടില്ല. ഇനി മണ്ണില്‍ ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. അത് ചെടിക്ക് വലിച്ചെടുക്കാന്‍ പറ്റിയ രൂപത്തിലും ഭാവത്തിലും ആയിരിക്കുകയും വേണം.
നൈട്രജന്‍ – ചെടിയുടെ ശരീര വളര്‍ച്ച (അളവില്‍ കുറഞ്ഞാല്‍ വിളര്‍ച്ച, കൂടിയാല്‍ പുളപ്പ്, കീട-രോഗബാധ, തണ്ടിന് ബലക്കുറവ് )
ഫോസ്ഫറസ് -വേര് വളര്‍ച്ച. ഊര്‍ജോല്‍പ്പാദനം (ATP ).
അളവില്‍ കുറഞ്ഞാല്‍ മുരടിപ്പ്, ഇലകളില്‍ ഇളം വയലറ്റ് നിറം.
പൊട്ടാസ്യം -King pin of Plant nutrition. ഏറ്റവും നിര്‍ണായക മൂലകം. കീട-രോഗ പ്രതിരോധ ശേഷി, ഉണക്കിനെ ചെറുക്കാന്‍ സഹായിക്കുക, പൂ പിടുത്തം, കായ് പിടുത്തം എന്നിവ ക്രമീകരിക്കല്‍ എന്നിങ്ങനെ പോകുന്നു.
മണ്ണില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകേണ്ട അടിസ്ഥാന മൂലകം കാര്‍ബണ്‍ ആണ്. അത് സാവധാനത്തില്‍ ധാതുവല്‍ക്കരിച്ഛ് നൈട്രജന്‍ ആയി മാറുന്നു. സൂക്ഷ്മ ജീവികള്‍ പെരുകുന്നതിനും ജലാംശം നില നിര്‍ത്തുന്നതിനും കാര്‍ബണ്‍ കൂടിയേ കഴിയൂ. അത് കൊണ്ടാണ് അടിസ്ഥാന വളമായി വലിയ അളവില്‍ ജൈവ വളങ്ങള്‍ നല്കണം എന്ന് പറയുന്നത്. പ്രത്യേകിച്ചും അഴുകി പൊടിഞ്ഞ കാലിവളവും (Farm yard manure ) വന്‍ മരങ്ങളുടെ ഇലകളും. അത്തരം ഇലകളില്‍ ആ മരങ്ങളുടെ വേരുകള്‍ വളരെ ആഴത്തില്‍ പോയി വലിച്ചെടുക്കുന്ന എല്ലാത്തരം സൂക്ഷ്മ മൂലകങ്ങളും ഉണ്ടാകും.
പക്ഷെ ഇവന്മാരെ എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി മണ്ണില്‍ ഉണ്ട്. അതാണ് pH. (Potential Hydrogen ). അത് ഒരു സൂചകം ആണ്. അതായത് മണ്ണില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രജന്‍ അയോണുകളുടെ അളവ് എത്രയാണോ അതിന് ആനുപാതികമായി pH കുറയും, അമ്ലത കൂടും. മറിച്ചും.
ആരാണ് ഹൈഡ്രജന്‍ അയോണ്‍? . (H+). ഹൈഡ്രജന്‍ എന്ന മൂലകത്തിന്റെ ആറ്റത്തില്‍ ഒരു പ്രോട്ടോണും (+)ഒരു ഇലെക്ട്രോണും (-)ആണുള്ളത്.
1.ഒരു വര്‍ഷം പെയ്യുന്ന 3000 മില്ലി മീറ്റര്‍ മഴ, അതും 130-135 ദിവസം കൊണ്ട് പെയ്യുന്ന മഴ. ഈ മഴയില്‍പെട്ട് മണ്‍തറവാട്ടിലെ കരുത്തന്മാരായ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം എന്നിവര്‍ അടിപ്പാളികളിലേക്കു പോകാന്‍(Leaching) നിര്‍ബന്ധിതമാകുന്നു. ഫലമോ താന്തോന്നികളും തറവാട്ടിന് കാല്‍ കാശിനു ഗുണമില്ലാത്തതുമായ അലൂമിനിയം, ഇരുമ്പ് എന്നിവര്‍ ഭരണം ഏറ്റെടുക്കുന്നു. തറവാട് ഉപ്പ് വച്ച മണ്‍കലം പോലെ ആകും. സൂക്ഷ്മ ജീവികള്‍ അവിടം വിട്ടു പോകും. അല്ലെങ്കില്‍ ചത്തൊടുങ്ങും. പുളിപ്പ് കൂടിയ മണ്ണില്‍ നിന്നും ചുവന്ന പാട ഊറിയിറങ്ങുന്നതു കണ്ടിട്ടില്ലേ? ഇരുമ്പ് ഉണ്ടാക്കുന്ന കലാപമാണത്.
നമ്മുടെ മണ്ണ് ഉണ്ടായിവന്ന പാറകള്‍ (Igneous rocks) അമ്ല സ്വഭാവമുള്ളവ ആയിരുന്നു. മണ്ണില്‍ ദ്രവിച്ചു ചേരുന്ന ജൈവവസ്തുക്കള്‍ ഉണ്ടാക്കുന്ന പുളിപ്പ്. ഫംഗസ്സുകളും ബാക്റ്റീരിയകളും ജൈവ വസ്തുക്കളെ അഴുക്കുമ്പോള്‍ ധാരാളം അമ്ലങ്ങള്‍ ഉണ്ടാകുന്നു. കാര്‍ബോണിക് ആസിഡ്, ഹ്യൂമിക് ആസിഡ്, ഫള്‍വിക് ആസിഡ് മുതലായവര്‍. താരതമ്യേന ദുര്‍ബ്ബലര്‍ എങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ അവര്‍ ധാരാളം.
മണ്ണില്‍ ചേര്‍ക്കുന്ന നൈട്രജന്‍ വളങ്ങള്‍. യൂറിയ, അമോണിയം സള്‍ഫേറ്റ്, ഡൈ അമോണിയം ഫോസ്ഫേറ്റ് എന്നിവയൊക്കെ മണ്ണില്‍ H+ അയോണുകളെ കൂട്ടും. അങ്ങനെ അമ്ലത പിന്നെയും കൂടും.
വിധിയാം വണ്ണം മണ്ണില്‍ കുമ്മായ വസ്തുക്കള്‍ ചേര്‍ക്കുക. അതില്‍ ഉള്ള കാല്‍സ്യം, മഗ്‌നീഷ്യം എന്നീ കരുത്തന്മാര്‍ മണ്‍ ദ്രവത്തില്‍ (soil solution )ഉള്ള ഭ്രാന്ത് പിടിച്ച ഹൈഡ്രജന്‍ അയോണുകളെ നീക്കം ചെയ്ത് വെള്ളം (H2O)ആക്കി മാറ്റും.കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ വീണ്ടും മണ്ണില്‍ ചേര്‍ത്തുകൊടുക്കണം. നഷ്ടപ്പെട്ട മണ്ണാരോഗ്യം (soil health)തിരികെ പിടിക്കണം.
കുമ്മായ വസ്തുക്കള്‍ (liming materials )പല തരത്തില്‍ ഉണ്ട്.
Magnesite (MgCO3)
Calcitic Limestone powder (Ca CO3)
Calcium oxide (CaO). Quick lime അഥവാ കുമ്മായപ്പൊടി.
Calcium hydroxide (Ca (OH)2.Slaked lime അഥവാ ചുണ്ണാമ്പ്.
Calcium silicate (CaSiO3)
ഡോളോമൈറ്റ് അഥവാ Calcium Magnesium Carbonate (Ca Mg (CO3). എന്നിങ്ങനെ…
ഇവയുടെ അമ്ല നിര്‍വീര്യ ശേഷി വ്യത്യസ്തമാണ്.
Ca CO3 -100
Dolomite -109
Mg CO3 -119
Calcium oxide (കുമ്മായപ്പൊടി )179
Calcium hydroxide (ചുണ്ണാമ്പ് )136
Calcium silicate -86
എന്നിങ്ങനെ പോകുന്നു.
അതായത് അമ്ല നിര്‍വീര്യ ശേഷി കൂടുന്തോറും മണ്ണില്‍ ചേര്‍ക്കേണ്ട കുമ്മായ വസ്തുക്കളുടെ അളവ് കുറയ്ക്കാം എന്ന്.
നിലമൊരുക്കുമ്പോള്‍ തന്നെ നിലവില്‍ ഉള്ള അമ്ലതയെ മെരുക്കണം. എന്നിട്ടേ അടിസ്ഥാന വളപ്രയോഗത്തിലേക്കു കടക്കാവൂ. മണ്ണില്‍ കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് നന്നായി മണ്ണുമായി ഇളക്കി ചേര്‍ത്ത് പുട്ട് പൊടിയുടെ പോലെ ഈര്‍പ്പവും ഉറപ്പ് വരുത്തി രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ വളങ്ങള്‍ ചേര്‍ക്കാന്‍ പാടുള്ളൂ. അത് പോലെ തന്നെ മേല്‍ വള പ്രയോഗത്തിനും രണ്ടാഴ്ച മുന്‍പ് ചെറിയ അളവില്‍ കുമ്മായം വിതറി വീണ്ടും അമ്ലതയെ മെരുക്കണം. ഇതിനൊക്കെ കഴിയുമെങ്കില്‍ മാത്രം കൃഷിക്കിറങ്ങുക.ആസൂത്രിതമായ കൃഷി (Planned Agriculture )ആയിരിക്കണം.
മണ്ണ് പരിശോധിച്ചു വളപ്രയോഗവും കുമ്മായ പ്രയോഗവും നടത്തണം. 16 സസ്യ മൂലകങ്ങള്‍ കിട്ടത്തക്ക രീതിയില്‍ അടിസ്ഥാന -മേല്‍ വള പ്രയോഗങ്ങള്‍ ചെയ്യണം. അതാണ് സംയോജിത വള പ്രയോഗം.(Integrated Nutrient Management ).
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
Discussion about this post