ലോകത്ത് മഞ്ഞള്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുവാണ് കുര്‍ക്കുമിന്‍. കുര്‍ക്കുമിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ കുര്‍ക്കുമിന്‍ പല ഔഷധക്കമ്പനികളും ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുന്നുണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചതും അത്യുല്‍പ്പാദന ശേഷിയും മേന്മയുമുള്ള മഞ്ഞള്‍ ഇനങ്ങളാണ് ശോഭ, സോണ,വര്‍ണ്ണ, കാന്തി എന്നിവ. ഇന്ത്യന്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഇനങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലുള്ളതാണ് പ്രതിഭ, പ്രഗതി, ആലപ്പി സുപ്രീം, കേദാരം തുടങ്ങിയവ. ഇതെല്ലാം തന്നെ കുര്‍ക്കുമിന്‍ ധാരാളം അടങ്ങിയവയാണ്. ചില സഹോദരീ വിളകളാണ് കസ്തൂരി മഞ്ഞങ്ങള്‍, മഞ്ഞ കൂവ, മാങ്ങ ഇഞ്ചി, കരി മഞ്ഞങ്ങള്‍ എന്നിവ.
ഏപ്രില്‍, മെയ് മാസത്തോടെയാണ് കൃഷിയിറക്കേണ്ടത്. തണലുള്ള സ്ഥലങ്ങളിലും കൃഷി ചെയ്യാമെന്നുള്ളതുകൊണ്ട് കേരളത്തിലെ വീട്ടുവളപ്പിലേക്ക് ഏറ്റവും യോജിച്ച ഒരു വിളയാണ് മഞ്ഞള്‍.
നടുന്ന രീതി
മഞ്ഞളില്‍ രണ്ട് തരം വിത്തുകളുണ്ട്. മാതൃകാണ്ഡം അല്ലെങ്കില്‍ തള്ളവിത്തും ചെറുവിത്തും.ഇതുരണ്ടും നടാന്‍ ഉപയോഗിക്കാവുന്നതാണ്. 1 സെന്റ് സ്ഥലത്തേക്ക് ഏകദേശം 8 കിലോ വിത്ത് ആവശ്യമായിവരും. 3 മീറ്റര്‍ നീളവും ഒന്നേകാല്‍ മീറ്റര്‍ വീതിയുമുള്ള തടങ്ങള്‍ എടുത്ത് അതില്‍ ഏകദേശം രണ്ട് ചാണ്‍ അകലത്തില്‍ ചെറു കുഴികള്‍ എടുക്കുക. അതിലേക്ക് ജൈവവളക്കൂട്ട് ഇട്ട ശേഷം വിത്ത് നടാം.
ഇതിനായി 80 കിലോ ചാണകം, 15 മുതല്‍ 20 കിലോ മണ്ണിര കമ്പോസ്റ്റ്, 8 കിലോ വേപ്പിന്‍ പിണ്ണാക്ക്, 4 കിലോ ചാരം, 500 ഗ്രാം രാജ്‌ഫോസും 200 ഗ്രാം പൊട്ടാഷും ചേര്‍ക്കാം. ഏതാണ്ട് 20 ഗ്രാം തൂക്കമുള്ള വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്. വിത്ത് കുഴികളില്‍ നട്ട ശേഷം മണ്ണിട്ട് മൂടുക. അതിന് മുകളില്‍ നല്ല കനത്തില്‍ പച്ചില കൊണ്ട് മൂടണം. ഇങ്ങനെ നട്ട തടങ്ങളില്‍ രണ്ട് മാസം കഴിയുന്നതോട് കൂടി കള നീക്കി 260 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും ചേര്‍ത്ത് മണ്ണ് കയറ്റി പച്ചിലയിട്ട് കൊടുക്കാം.
ഇനങ്ങളുടെ മൂപ്പ് അനുസരിച്ച് വിളവെടുപ്പ് മാറാം. ഒരു സെന്റ് സ്ഥലത്ത് നിന്ന് 100-120 കിലോ പച്ചമഞ്ഞള്‍ വിളവെടുക്കാം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് വിളവെടുപ്പ്.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി
Discussion about this post